ശ്രീകാന്ത് വര്‍മ്മ
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നാളെ വിളിച്ചു ചേര്‍ത്തിരിക്കുന്ന സര്‍വകക്ഷിയോഗം നിര്‍ണായകമാകും. വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിലാണ് യോഗം ചേരുക. യുവതീ പ്രവേശനത്തില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22-ന് തുറന്ന കോടതിയില്‍ പരിഗണിക്കാനിരിക്കെയാണ് മുന്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്.
സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചെങ്കിലും ബി.ജെ.പിയുടെ തീരുമാനം ഇനിയും പുറത്തുവന്നിട്ടില്ല. എന്‍.ഡി.എ യോഗം ചേര്‍ന്ന ശേഷം തീരുമാനിക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. ശ്രീധരന്‍പിള്ള വ്യക്തമാക്കിയത്. തന്ത്രി കുടുംബത്തേയും പന്തളം കൊട്ടാരത്തിലെ രാജകുടുംബത്തെയും ചര്‍ച്ചയില്‍ പങ്കെടുക്കാനായി സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. നേരത്തെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇവര്‍ പിന്മാറിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ക്ഷണിച്ചത്. സര്‍വകക്ഷി യോഗത്തെ സ്വാഗത ചെയ്ത രാജകുടുംബം, മണ്ഡലകാലം സുഗമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ മുന്നോട്ടുവെയ്ക്കുമെന്നാണ് വിവരം.
സര്‍വകക്ഷി യോഗം വിളിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടപ്പോള്‍ മുഖം തിരിച്ച മുഖ്യമന്ത്രി ഇപ്പോള്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പം ഉണ്ട്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ സമവായ നീക്കങ്ങളോട് മുഖം തിരിച്ചു നില്‍ക്കേണ്ടതില്ലെന്നാണ് യു.ഡി.എഫിലെ ഘടകകക്ഷികളുടെ നിലപാട്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന് പങ്കെടുത്താലും ഇല്ലെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തിനെത്തുമെന്ന് ഉറപ്പാണ്. ശബരിമലയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ സര്‍ക്കാര്‍ പക്വമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഇക്കാര്യം അദ്ദേഹം യോഗത്തില്‍ ഉന്നയിക്കും. അതേസമയം, ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാട്ടിയ വ്യഗ്രതയ്ക്കെതിരെ ആഞ്ഞടിച്ച എന്‍.എസ്.എസിനെ സര്‍വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ശബരിമലയുമായി ബന്ധമില്ലാത്ത സംഘടനകളെ ക്ഷണിക്കാനാവില്ലെന്നാണ് എന്‍.എസ്.എസിനെ ഒഴിവാക്കിയതിനെക്കുറിച്ച് സര്‍ക്കാരിന്റെ അനൗദ്യോഗിക വിശദീകരണം.
ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന് സര്‍ക്കാര്‍ നേരത്തേതന്നെ പ്രഖ്യാപിച്ചെങ്കിലും നിയമോപദേശം സ്വീകരിച്ചും സര്‍വകക്ഷി യോഗത്തില്‍ സമവായം ഉണ്ടാക്കിയും മുന്നോട്ടുപോകാനാണ് തീരുമാനം. വെള്ളിയാഴ്ച തുടങ്ങുന്ന തീര്‍ത്ഥാടനകാലം ജനുവരി 20നാണ് സമാപിക്കുക. അതിനുശേഷമാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. രണ്ടുമാസത്തിലേറെ നീളുന്ന തീര്‍ത്ഥാടനക്കാലത്ത് എത്തുന്ന സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുമോ എന്നതാണ് ഉറ്റുനോക്കുന്ന വിഷയം. വിധിക്കുശേഷം രണ്ടുതവണ നടതുറന്നപ്പോഴും ശബരിമല സംഘര്‍ഷത്തിലായിരുന്നു. മണ്ഡലകാലത്തും സ്ഥിതി അതീവ രൂക്ഷമാകും.
ഹര്‍ജി പരിഗണിച്ച് കോടതി വാദം കേള്‍ക്കുന്നതിനാല്‍ നിലവിലെ വിധി നടപ്പാക്കുന്നത് അന്തിമവിധിക്കു ശേഷം മതിയെന്നു സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിക്കുമെന്നാണ് സൂചന. ഇത് കോടതിയലക്ഷ്യമാകുമോ എന്നു പരിശോധിക്കാനായി നിയമോപദേശം തേടിയിട്ടുണ്ട്. രണ്ടുതവണ നടതുറന്നപ്പോള്‍ ഉണ്ടായതുപോലെ ശബരിമലയിലെത്തുന്ന സ്ത്രീകളെ പ്രതിഷേധത്തിന്റെ പേരില്‍ അനുനയിപ്പിച്ച് തിരിച്ചയക്കുകയാണ് രണ്ടാമത്തേത്. സര്‍ക്കാരിന്റെ ഈ നീക്കത്തെ കോടതികളൊന്നും ചോദ്യം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇത് തുടരാനാണ് സാധ്യത.
അതേസമയം, മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയില്‍ എത്താന്‍ 550 യുവതികള്‍ ഇതിനകം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഇവരെല്ലാം ശബരിമലയില്‍ എത്തിയാല്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇക്കാര്യങ്ങളെല്ലാം സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ചയാകും. ഉചിതമായ തീരുമാനം വേണമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും ആവശ്യപ്പെടുന്നത്. വിശ്വാസികള്‍ക്ക് അര്‍ഹതപ്പെട്ട നീതി സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്നത്. നേരത്തെ യോഗം വിളിച്ചിരുന്നുവെങ്കില്‍ കലുഷിത സാഹചര്യം ഒഴിവാക്കാനാകുമായിരുന്നുവെന്ന് ബി.ജെ.പിയും ആരോപിക്കുന്നു.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…














