വാഷിംങ്ടണ്‍:അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങ്ങിന്റെ പൈലറ്റില്ലാ പോര്‍വിമാനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. അടുത്തവര്‍ഷം പ്രവര്‍ത്തനസജ്ജമാകുന്ന ഡ്രോണ്‍ പോര്‍വിമാനത്തിന് ലോയല്‍ വിങ്മാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ദീര്‍ഘദൂരങ്ങളില്‍ പറന്ന് നിരീക്ഷണം സാധ്യമാക്കുന്നവയാണ് ഈ പോര്‍വിമാനങ്ങള്‍.
സാധാരണ ഡ്രോണ്‍ വിമാനങ്ങളേക്കാള്‍ വലുപ്പമുള്ള വിങ്മാന്റെ ചിറകുകള്‍ക്ക് 38 അടി നീളമുണ്ട്. ഭാവിയില്‍ മിസൈലുകളും ബോംബുകളും കൂടി വഹിക്കാവുന്ന രീതിയിലേക്ക് വിങ്മാന്റെ ഘടനയില്‍ മാറ്റം വരുത്തുമെന്നും ബോയിംങ് അറിയിച്ചു. ഓസ്ട്രേലിയന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് ബോയിങ് അവരുടെ പൈലറ്റില്ലാ പോര്‍വിമാനം പുറത്തിറക്കിയത്. ഓസ്ട്രേലിയയിലാണ് ബോയിങ് ഈ പോര്‍വിമാനം നിര്‍മിക്കുക. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് പോര്‍വിമാനങ്ങള്‍ ഓസ്ട്രേലിയയില്‍ നിര്‍മിക്കുന്നത്. പൈലറ്റുള്ള പോര്‍ വിമാനങ്ങളെ അപേക്ഷിച്ച് ബോയിങ്ങിന്റെ വിങ്മാന് വില കൂടുമെന്നാണ് സൂചന. എന്നാല്‍ വില വിവരം സംബന്ധിച്ച് പ്രതികരിക്കാന്‍ ബോയിങ് തയാറായിട്ടില്ല. ലോകരാജ്യങ്ങളുടെ ആവശ്യത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തി വിങ്മാനെ നിര്‍മിച്ച് കയറ്റിയയക്കാനാണ് ബോയിങ്ങിന്റെ ശ്രമം. അതുകൊണ്ടുതന്നെ വിലയില്‍ മാറ്റമുണ്ടാകുമെന്നത് പരിഗണിച്ചാണ് വിങ്മാന്റെ വിലവിവരം പുറത്തുവിടാത്തതെന്നാണ് സൂചന.സൈന്യത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്ന ഉല്‍പന്നമെന്നാണ് വിങ്മാനെ കമ്പനി വിശേഷിപ്പിക്കുന്നത്. പോര്‍വിമാനങ്ങള്‍ക്കൊപ്പം പറക്കാന്‍ ഈ ഡ്രോണ്‍ പോര്‍വിമാനത്തിനാകും. ഇത്തരത്തില്‍ ദീര്‍ഘനേരം വ്യോമനിരീക്ഷണം നടത്താനും വിവരങ്ങള്‍ കൈമാറാനും ലഭിച്ച വിവരങ്ങള്‍ പരിശോധിക്കാനുമുള്ള ശേഷി ഇവക്കുണ്ട്. 2000 നോട്ടിക്കല്‍ മൈല്‍ (3704 കിലോമീറ്റര്‍) വരെ നിര്‍ത്താതെ പറക്കാന്‍ ഇവയ്ക്കാകും.








