Kerala Pranamam

അണകെട്ട് തുറന്നപ്പോള്‍ കോടികള്‍ നഷ്ടമായ കെഎസ്സിബി

 

ഇടുക്കി അണക്കെട്ടില്‍ നിന്നും വെള്ളം അതിവേഗം പുറത്തേക്ക് ഒഴുക്കി 2018ലെ മഹാപ്രളയം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലിലാണ് സംസ്ഥാന സര്‍ക്കാര്‍ അണക്കെട്ടില്‍ നിന്നും തുറന്ന വെള്ളം പുറത്തേക്കു പോകുമ്‌ബോള്‍ ദുഃഖിക്കുന്നത് കെഎസ്ഇബിയാണ്. കാരണം വൈദ്യുതി ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ നഷ്ടക്കച്ചവടമാണ്.ഇടുക്കി അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുമ്പോള്‍ വൈദ്യുതി ബോര്‍ഡിന് പ്രതിദിന നഷ്ടം 6.72 കോടി രൂപയോളം വരും. അണക്കെട്ടില്‍നിന്ന് ഒരു മണിക്കൂറില്‍ ഒഴുക്കിക്കളയുന്നത് 378 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലമാണ്. ഇത് ഉപയോഗിച്ച് ശരാശരി 5.6 ലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. ഇത് 24 മണിക്കൂര്‍ നേരത്തേക്ക് കണക്കാക്കിയാല്‍ 28 ലക്ഷം യൂനിറ്റിലെത്തും. വൈദ്യുതിയുടെ നിലവിലെ ശരാശരി വിലയായ അഞ്ച് രൂപ നിരക്കില്‍ നോക്കിയാല്‍ ഒരു ദിവസം ഉണ്ടാകുന്ന നഷ്ടമാണ് 6.72 കോടി.അതേസമയം, കല്‍ക്കരി ക്ഷാമം മൂലം പുറം വൈദ്യുതിക്ക് വില കൂടിയതോടെ ഒരു യൂനിറ്റിന്റെ വില 10 മുതല്‍ 20 രൂപ വരെ എത്തിയിരുന്നു. അങ്ങനെയാകുമ്പോള്‍ നഷ്ടം മൂന്ന് ഇരട്ടിയിലധികമാകും. കേന്ദ്രസര്‍ക്കാര്‍ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടി ജലവൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്നും കെഎസ്ഇബിയോട് നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കെഎസ്ഇബിക്ക് നഷ്ടമുണ്ടാകുന്നത്.ഇപ്പോഴത്തെ നിലയില്‍ അണക്കെട്ടിന്റെ ഷട്ടല്‍ അടയ്ക്കാന്‍ വൈകും തോറും കെ.എസ്.ഇ.ബിയാണ് പ്രതിസന്ധിയിലാകുന്നത്. ബുധനും വ്യാഴവും ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഈ മഴ പ്രതീക്ഷിച്ച അളവില്‍ ലഭിക്കാതെ വന്നാതും കെഎസ്ഇബി പ്രതിസന്ധിയിലാകും. ഈ ദിവസങ്ങളിലെ മഴയുടെ തോത് നോക്കിയ ശേഷം മാത്രമാകും ഷട്ടര്‍ അടക്കുന്ന കാര്യത്തില്‍ സംസ്ഥാനം തീരുമാനം കൈക്കൊള്ളുകയുള്ളൂ.അതിനുശേഷം മാത്രമേ ഷട്ടര്‍ അടക്കാന്‍ സാധ്യതയുള്ളൂ. ജലനിരപ്പ് 2397 അടിയില്‍ എത്തിക്കുകയാണ് നിലവിലെ ആലോചന. അതിലേക്ക് എത്തിയാല്‍ ഷട്ടര്‍ അടക്കുകയോ പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറക്കുകയോ ചെയ്യും. ജലനിരപ്പ് ഉയര്‍ന്നതോടെ മൂലമറ്റം നിലയത്തില്‍ വൈദ്യുതി ഉല്‍പാദനം പരമാവധിയാണ്. തിങ്കളാഴ്ച 14.145 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു.ആറ് ജനറേറ്ററുകളില്‍ ഒരെണ്ണം വാര്‍ഷിക അറ്റകുറ്റപ്പണി മൂലം പ്രവര്‍ത്തിക്കുന്നില്ല. രണ്ട് ദിവസത്തിനകം ഇതുകൂടി പ്രവര്‍ത്തനക്ഷമമാകും. ഇതോടെ പ്രതിദിനം 18 ദശലക്ഷം യൂനിറ്റ് വൈദ്യുതി പ്രതിദിനം ഉല്‍പാദിപ്പിക്കാം. അതേസമയം ഇടുക്കി അണക്കെട്ട് ഇതുവരെ തുറന്നത് അഞ്ച് തവണയാണ്. അപ്പോഴെല്ലാം അതിന് സാക്ഷികളായി രണ്ട് പേരുണ്ടായിരുന്നു; പവിത്രന്‍ എന്ന 77കാരനും രവീന്ദ്രനാഥ് എന്ന 89കാരനും.1981 ഒക്ടോബറിലെ മഴക്കാലത്താണ് ഡാം ആദ്യമായി തുറന്നത്. പെരിയാറ്റിലൂടെ വെള്ളം ഇരമ്പിയെത്തുന്നത് പഴയ വീടിന്റെ വരാന്തയിലിരുന്ന് ഭാര്യക്കും മക്കള്‍ക്കുമൊപ്പം കണ്ടു പവിത്രന്‍. കൂട്ടുകാരോടൊപ്പം മീന്‍ പിടിക്കാന്‍ പോയ ഓര്‍മകളും ഉണ്ട്. 1992ല്‍ രണ്ടാമത് തുറന്നപ്പോള്‍ പെരിയാറ്റിലെ ജലപ്രവാഹം നോക്കിനിന്നത് മറക്കാനാവാത്ത അനുഭവമാണ്. എന്നാല്‍, 2018ലെ ഡാം തുറക്കല്‍ നടുക്കുന്ന ഓര്‍മയാണ്.1959ല്‍ തൊടുപുഴ ഉടുമ്പന്നൂരില്‍നിന്ന് വാഴത്തോപ്പിലെത്തിയ ഇദ്ദേഹം ഇ.എം.എസ് നമ്പൂതിരിപ്പാട് തറക്കല്ലിട്ടത് മുതല്‍ ഇന്ദിരാഗാന്ധി ഡാം രാഷ്ട്രത്തിന് സമര്‍പ്പിച്ചതുവരെയുള്ള സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയുമാണ്. അണക്കെട്ട് തുറക്കുന്നത് കാണാന്‍ കാര്‍ത്തിക വീട്ടില്‍ ഡോ. പി.സി. രവീന്ദ്രനാഥ് ഇത്തവണയും എത്തി. 1961ല്‍ കൊല്‍ക്കത്ത ഹോമിയോപതിക് മെഡിക്കല്‍ കോളജില്‍നിന്ന് ഡി.എം.എസ് നേടിയ ശേഷം ജോലിയുമായി ബന്ധപ്പെട്ടാണ് ഇടുക്കിയിലെത്തിയത്. ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുതലുള്ള കാര്യങ്ങള്‍ക്ക് സാക്ഷിയാണ്. ആദ്യം അണക്കെട്ട് തുറന്നപ്പോള്‍ കാണാന്‍ നൂറുകണക്കിന് ആളുകള്‍ മല കയറിയെത്തിയതായി ഇദ്ദേഹം ഓര്‍ക്കുന്നു.