Kerala Pranamam

അധികവില നല്‍കുന്നതിലെ അപാകത: കാപ്പി കര്‍ഷകര്‍

കല്‍പ്പറ്റ: വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി വിപണി വിലയേക്കാള്‍ കിലോഗ്രാമിനു 10 രൂപ അധികം നല്‍കി കാപ്പി സംഭരിക്കുമെന്ന കൃഷി വകുപ്പിന്റെ പ്രഖ്യാപനത്തില്‍ മുഖം തെളിയാതെ ജില്ലയിലെ കര്‍ഷക സമൂഹം. അധികവിലയില്‍ സംഭരിക്കുന്ന കാപ്പിയുടെ തൂക്കം 455 ടണ്‍ ആയി പരിമിതപ്പെടുത്തിയതും പദ്ധതിക്കായി 50 ലക്ഷം രൂപ മാത്രം അനുവദിച്ചതുമാണ് വിപണിയില്‍ കൃഷി വകുപ്പ് നടത്തുന്ന ഇടപെടല്‍ കര്‍ഷകരെ പ്രസന്നരാക്കാത്തതിനു മുഖ്യകാരണം. സംഭരണത്തിനു കൃഷി ഭവനില്‍ അപേക്ഷിക്കുന്നതിനു മതിയായ സമയം അനുവദിക്കാത്തതിലും വിളവെടുപ്പുകാലത്തിന്റെ തുടക്കത്തില്‍ പ്രഖ്യാപനം നടത്താത്തതിലും പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍തോറും സംഭരണ കേന്ദ്രങ്ങള്‍ ഇല്ലാത്തതിലും കര്‍ഷര്‍ പൊതുവെ ഖിന്നരാണ്. കാപ്പി വിപണിയില്‍ ഇടപെടാനുള്ള കൃഷി വകുപ്പിഷ്ടെ തീരുമാനത്തെ സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ അടക്കം ഭരണാമുഖ്യമുള്ള കര്‍ഷക സംഘടനകള്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും വയനാട് കര്‍ഷക കൂട്ടായ്മ, ഹരിതസേന, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം തുടങ്ങിയ കര്‍ഷക പ്രസ്ഥാനങ്ങള്‍ ഹര്‍ഷാരവം മുഴക്കുന്നില്ല. അധികവിലയില്‍ കാപ്പി സംഭരിക്കാനുള്ള തീരുമാനത്തെയും അതിനെ പ്രകീര്‍ത്തിച്ചു സമൂഹമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കുറിപ്പുകളെയും ‘നാടന്‍ കോഴി മുട്ടയിട്ടു നാട്ടുകാരെ അറിയിക്കുന്ന’ പരിപാടിയായാണ് സ്വതന്ത്ര കര്‍ഷക സംഘടനാനേതാക്കള്‍ വിലയിരുത്തുന്നത്. വയനാട്ടിലെ പ്രധാന കൃഷികളിലൊന്നാണ് കാപ്പി. കോഫി ബോര്‍ഡിന്റെ കണക്കനുസരിച്ച് ജില്ലയില്‍ 67,560 ഹെക്ടറിലാണ് കാപ്പിക്കൃഷി. ഇത് സംസ്ഥാനത്തെ ആകെ കാപ്പിക്കൃഷിയുടെ 80 ശതമാനത്തിനടുത്താണ്. 60,000നു മുകളിലാണ് ജില്ലയില്‍ കാപ്പിക്കര്‍ഷകരുടെ എണ്ണം. ചെറുകിടക്കാരാണ് ഇതില്‍ ഭൂരിപക്ഷവും. ജില്ലയിലെ 23 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും കാപ്പിക്കൃഷിയുണ്ട്. കാപ്പി ഉത്പാദനമില്ലാത്ത പ്രദേശങ്ങള്‍ വളരെ കുറവാണ്. 70,00075,000 ടണ്‍ ഉണ്ടക്കാപ്പിയാണ് ജില്ലയിലെ പ്രതിവര്‍ഷ ഉത്പാദനം. വിളവുതരുന്ന 100 കാപ്പിച്ചെടികളെങ്കിലും ഉള്ള ചെറുകിട കര്‍ഷകരില്‍നിന്നാണ് കൃഷി വകുപ്പ് അധിക വിലയില്‍ കാപ്പി സംഭരിക്കുന്നത്. പരമാവധി 250 കിലോഗ്രാം കാപ്പിയാണ് ഒരു കര്‍ഷകനില്‍നിന്നു വാങ്ങുക. കാപ്പിലെ ജലാശം 10.5 മുതല്‍ 12 വരെ ശതമാനമായിരിക്കണം. ഔട്ട് ടേണ്‍ 50 ശതമാനത്തിനു മുകളിലാകണം. ബത്തേരി അമ്മായിപ്പാലത്തെ കാര്‍ഷിക മൊത്ത വ്യാപാര വിപണി മുഖേനയാണ് കാപ്പി സംഭരണം. കല്‍പ്പറ്റ ബ്ലോക്കിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും കല്‍പ്പറ്റ നഗരസഭയിലെയും കൃഷിക്കാരില്‍നിന്നു കാപ്പി സംഭരിക്കുന്നതിനു ബ്രഹ്‌മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയെയും ബത്തേരി ബ്ലോക്കിലെ തദ്ദേശ സ്ഥാപനങ്ങള്‍, പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകള്‍, ബത്തേരി നഗരസഭ എന്നിവിടങ്ങളിലെ കര്‍ഷകരില്‍നിന്നു കാപ്പി വാങ്ങുന്നതിനു വാസുകി ഫാര്‍മേഴ്‌സ് സൊസൈറ്റി, മാനന്തവാടി ബ്ലോക്കിലെ പഞ്ചായത്തുകള്‍, മാനന്തവാടി നഗരസഭ, പനമരം, കണിയാന്പറ്റ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ കര്‍ഷകരില്‍നിന്നുള്ള സംഭരണത്തിനു വയനാട് സര്‍വീസ് സൊസൈറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ അധ്യക്ഷയായ റൂറല്‍ അഗ്രികള്‍ച്ചറല്‍ വോള്‍സെയ്ല്‍ മാര്‍ക്കറ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അപേക്ഷിച്ചതനുസരിച്ചതായിരുന്നു ഇത്. ബ്രാന്‍ഡഡ് കോഫി ഉത്പാദനത്തിനു ഉതകുന്ന കാപ്പി കിലോഗ്രാമിനു 90 രൂപ താങ്ങുവിലയില്‍ സംഭരിക്കുന്നതിനു 2021ലെ സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റില്‍ നിര്‍ദേശിച്ച വയനാട് കോഫി പാര്‍ക്ക് പ്രവര്‍ത്തനസജ്ജമാകുന്നതുവരെ താങ്ങുവിലയ്ക്കു കാപ്പി സംഭരിക്കുന്നതിനു ബ്രഹ്‌മഗിരി ഡവലപ്‌മെന്റ് സൈാസൈറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയുമുണ്ടായി. എന്നാല്‍ കാപ്പി സംഭരരണത്തിനു ഒരു രൂപ പോലും ബ്രഹ്‌മഗിരി സൊസൈറ്റിക്കു സര്‍ക്കാര്‍ ലഭ്യമാക്കിയില്ല. അതിനാല്‍ കാപ്പി സംഭരണവും നടന്നില്ല. വയനാട് പാക്കേജില്‍ അധിക വിലയില്‍ കൃഷി വകുപ്പ് സംഭരിക്കുന്ന 455 ടണ്‍ കാപ്പി ജില്ലയില്‍ ഒരു വര്‍ഷം ആകെ ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ ഒരു ശതമാനം പോലും വരില്ല. ഡിസംബറില്‍ ആരംഭിച്ച് ഫെബ്രുവരി ആദ്യവാരം വരെ നീളുന്നതാണ് വയനാട്ടിലെ കാപ്പി വിളവെടുപ്പുകാലം. ഘട്ടങ്ങളായി വിളവെടുക്കുന്ന കാപ്പി ഉണങ്ങുന്ന മുറയ്ക്കു ഉണ്ടക്കാപ്പിയായോ കുത്തി പരിപ്പാക്കിയോ അത്യാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വില്‍ക്കുന്നവരാണ് ജില്ലയിലെ ചെറുകിട കര്‍ഷകരില്‍ അധികവും. ഡിസംബറിലും ജനുവരി പകുതി വരെയും വിളവെടുത്ത കാപ്പിയില്‍ അധികഭാഗവും ചെറുകിട കര്‍ഷകകരില്‍ പലരും വിറ്റ സാഹചര്യത്തിലാണ് അധികവില നല്‍കി സംഭരണം നടത്തുമെന്ന അറിയിപ്പു വരുന്നത്. സര്‍ക്കാര്‍ അനുവദിച്ച തുക ഉപയോഗിച്ച് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും ശരാശരി 17.5 ടണ്‍ കാപ്പിയാണ് സംഭരിക്കാന്‍ കഴിയുക. ഒരു പഞ്ചായത്തിലും ഒരു കര്‍ഷകനു 50 കിലോഗ്രാം കാപ്പി പോലും അധികവിലയില്‍ വില്‍ക്കാന്‍ കഴിയില്ല എന്നതിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നതെന്നു സ്വതന്ത്ര കര്‍ഷക സംഘടനാ ഭാരവാഹികള്‍ പറയുന്നു. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ കാപ്പിയും അധികവിലയില്‍ സംഭരിക്കുന്നതിനു ആവശ്യമായ തുക സര്‍ക്കാര്‍ അനുവദിക്കുകയും പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ തോറും സംഭരണകേന്ദ്രങ്ങള്‍ ആരംഭിക്കുകയും ചെയ്യണമെന്നു അവര്‍ ആവശ്യപ്പെടുന്നു.