പത്തനംതിട്ട: പ്രസവിച്ചുകിടന്ന യുവതിയെ, നഴ്‌സിന്റെ വേഷത്തിലെത്തി കുത്തിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ്. പുല്ലുകുളങ്ങര സ്വദേശി സ്‌നേഹയെ (25) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ കായംകുളം കണ്ടല്ലൂര്‍ വെട്ടത്തില്‍ കിഴക്കേതില്‍ അനുഷയുമായി (30) പൊലീസ് തെളിവെടുപ്പ് നടത്തി. നഴ്‌സിങ് ഓവര്‍ക്കോട്ടു വാങ്ങിയ കായംകുളത്തെ കടയില്‍ കൊണ്ടുപോയാണ് തെളിവെടുപ്പു നടത്തിയത്. ഇതിനുശേഷം പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ തിരിച്ചെത്തിച്ച അനുഷയെ, ഡിവൈഎസ്പി ഓഫിസിലെത്തിച്ച് വിരലടയാളം ഉള്‍പ്പെടെ ശേഖരിക്കും. വൈകിട്ട് കോടതിയില്‍ ഹാജരാക്കും.”എത്ര സമയം എടുത്തിട്ടുണ്ടെന്ന് അറിയില്ലെങ്കിലും ആസൂത്രണം നടന്നിട്ടുണ്ട്. കായംകുളത്തെ കടയില്‍നിന്നു നഴ്‌സിങ് ഓവര്‍കോട്ടും പുല്ലുകുളങ്ങരയിലെ കടയില്‍നിന്നു സിറിഞ്ചും വാങ്ങിച്ചിട്ടുണ്ട്. ഫാര്‍മസി പഠനം പൂര്‍ത്തിയാക്കിയ അനുഷയ്ക്ക് ആശുപത്രി കാര്യങ്ങള്‍ സംബന്ധിച്ച് ബോധ്യമുള്ളയാളാണ്”- തിരുവല്ല ഡിവൈഎസ്പി ആര്‍.അര്‍ഷാദ് പറഞ്ഞു. നിലവില്‍ അനുഷ മാത്രമാണ് കേസിലെ പ്രതിയെന്നും ഡിവൈഎസ്പി വ്യക്തമാക്കി. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.അനുഷയും സ്‌നേഹയുടെ ഭര്‍ത്താവ് അരുണും തമ്മില്‍ സ്‌നേഹബന്ധമുണ്ടായിരുന്നു. മറ്റു തരത്തിലുള്ള സൗഹൃദമുണ്ടായിരുന്നോയെന്ന് അന്വേഷിച്ചു വരുകയാണ്. ഇരുവരുടെയും വാട്‌സാപ് ചാറ്റുകള്‍ അടക്കം പരിശോധിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കും. നിലവില്‍ അരുണിനെ കേസുമായി ബന്ധപ്പെടുത്തുന്ന സൂചനകള്‍ ലഭിച്ചിട്ടില്ല.”- ഡിവൈഎസ്പി പറഞ്ഞു.പരുമലയിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം നടന്നത്. ഒരാഴ്ച മുന്‍പാണ് സ്‌നേഹയെ പ്രസവത്തിനായി പ്രവേശിച്ചത്. ഇന്നലെ രാവിലെ ഡിസ്ചാര്‍ജ് ചെയ്തു. നിറംമാറ്റം ഉള്ളതിനാല്‍ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തില്ല. ഇതോടെ സ്‌നേഹയും മാതാവും മുറിയില്‍ കാത്തിരിക്കുകയായിരുന്നു. വൈകിട്ട് മൂന്നുമണിയോടെ നഴ്‌സിന്റെ ഓവര്‍കോട്ട് ധരിച്ച യുവതി മുറിയിലെത്തി കുത്തിവയ്‌പ്പെടുക്കാന്‍ നിര്‍ബന്ധിച്ചു. ഡിസ്ചാര്‍ജ് ചെയ്തതിനാല്‍ ഇനി എന്തിനാണ് കുത്തിവയ്‌പ്പെന്ന് മാതാവ് ചോദിച്ചു. ഒരു കുത്തിവയ്പ് കൂടിയുണ്ടെന്ന് പറഞ്ഞ് സ്‌നേഹയുടെ കയ്യില്‍ ബലമായി പിടിച്ച് സിറിഞ്ച് കുത്താന്‍ ശ്രമിച്ചു. സിറിഞ്ചില്‍ മരുന്ന് ഉണ്ടായിരുന്നില്ല. മാതാവ് ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാരെത്തി യുവതിയെ പിടിച്ചുമാറ്റി തടഞ്ഞുവച്ചു. പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പിഎം ശ്രീയില്‍ മുഖ്യമന്ത്രിയുടെ അനുനയം തള്ളി; കടുത്ത തീരുമാനവുമായി സിപിഐ, മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും

തിരുവനന്തപുരം/ആലപ്പുഴ: പിഎം ശ്രീ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാ…