Home Breaking News അഴകിന്റെ അപരമണ്ഡലം ( ഹരിത എം )

അഴകിന്റെ അപരമണ്ഡലം ( ഹരിത എം )

2
0

ഹരിത എം

ആൺനോട്ടങ്ങളിലാണ് സ്ത്രീ സൗന്ദര്യത്തിന്റെ നിർവചനം പരുവപ്പെട്ടത്. സ്വർണ്ണ നിറമാർന്ന ഉടലും, റോസാപ്പൂ ചുണ്ടുകളും, ഗോൾഡൻ റേഷ്യോ ഒത്ത മേനിയും ചേർന്നതാണ് സൗന്ദര്യത്തിന്റെ വരേണ്യരൂപമെന്ന് പറഞ്ഞു പഠിപ്പിച്ച ആണധികാര സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ടാണ് അഴകിന്റെ സമാന്തര രൂപമാതൃക ഇന്ത്യൻ സിനിമയിൽ രൂപമെടുക്കുന്നത്. ശരീരത്തിന്റെ സമൃദ്ധി മാത്രമായിരുന്നില്ല, വ്യക്തി പ്രഭാവം കൊണ്ടും, തെരെഞ്ഞെടുത്ത കഥാപാത്രത്തിന് നൽകിയ നിരന്തര വൈവിധ്യം കൊണ്ടും ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ച ചില നടിമാരെ പരിശോധിക്കാം.

കനകദുർഗ

‘കാട് കുളിരണ്’എന്ന് പാടിക്കൊണ്ട് മലയാളിയുടെ കാമനയിലേക്ക് മുങ്ങിനിവർന്ന നെല്ലില്ലെ കുറുമാട്ടി രതിബിംബങ്ങളുടെ ഉടച്ചുവാർക്കപ്പെട്ട മാതൃകയായാണ് പിൽക്കാലത്തു വിലയിരുത്തപ്പെട്ടത്. കനകദുർഗയാണ് കുറുമാട്ടിയെ അഭ്രപാളിയിലെത്തിച്ചത്.1968 കളിൽ അഭിനയരംഗത്തേക്ക് പ്രവേശിച്ച, സൗത്ത് ഇന്ത്യൻ ഭാഷകളിൽ പ്രശസ്തയായിരുന്ന, ജന്മം കൊണ്ട്ആന്ധ്രാക്കാരിയായ പഴയകാല അഭിനേത്രിയാണ് കനകദുർഗ്ഗ. അഭിനയത്തിലും, സൗന്ദര്യസങ്കല്പങ്ങളിലും, ചലനങ്ങളിലും അക്കാലത്തിന്റെ വാർപ്പുമാതൃകകളെ നിഷേധിക്കാൻ കെല്പുള്ളതായിരുന്നു കനകദുർഗയുടെ സ്‌ക്രീൻ പ്രസൻസ്. ഷീലയേയും ജയഭാരതിയേയും പോലെ പുരുഷൻ വിഭാവനം ചെയ്ത ‘ഫെമിനിറ്റിയുടെ യഥാസ്ഥിതിക അൽഗോരിതത്തിന്റെ തികവൊത്ത’വെളുത്ത ശരീരമായിരുന്നില്ല കനകദുർഗയ്ക്കുണ്ടായിരുന്നത്. കവിളിൽ ആഴമുള്ള നുണക്കുഴിയും, വശീകരണയുക്തമായ തിളക്കമുള്ള ഇരുണ്ടമേനിയും പൂർത്തിയാക്കാത്തൊരു വേഴ്ചയുടെ ആലസ്യം പൂണ്ട് പാതി തുറന്നുകിടന്ന വലിയ കണ്ണുകളും അവരെ വേറിട്ടു നിർത്തി.
മൃദുലമായ അംഗചലനങ്ങളായിരുന്നില്ല, വന്യമായ, അപ്പീലിങ് ആയ ഉടൽവിരിവും, ആണിനെ പേടിപ്പിക്കാൻ ത്രാണിയുള്ള മാദകത്വവുമാണ് കനകദുർഗയ്ക്കുണ്ടായിരുന്നത്.പുരുഷനെ വകവെയ്ക്കാത്ത പെണ്ണുങ്ങളെ മലയാളിയുടെ സിനിമാ കഴ്ചയിലേക്കിറക്കിവിട്ടതും അവർ തന്നെയായിരുന്നു. ശരീരവും, ലൈംഗികതയും പ്രതിരോധമായി വിനിയോഗിച്ചുകൊണ്ടാണ് മധ്യവർത്തി മലയാളസിനിമയുടെ ഒരവശ്യ ഘടകമായി അവർ സ്വയം രൂപമാറ്റം നടത്തിയത്.

സ്മിത പാട്ടീൽ

കടുത്ത ഫെമിനിസ്റ്റ് ആശയഗതി ഉള്ളിൽ സൂക്ഷിച്ച തീവ്രതയേറിയ നോട്ടവും, ഭയം തൊടാത്ത മുഖവും വെളിച്ചം പരക്കുന്ന ചിരിയുമുണ്ടായിരുന്ന സ്മിത പാട്ടീൽ ഇന്ത്യൻ സിനിമാ സ്ത്രീ സൗന്ദര്യത്തിന്റെ ബോൾഡായ പ്രതിബിംബമായിരുന്നു. ഭൂമിക ചക്ര, മിർച് മസാലാ എന്നീ സിനിമകളിലൂടെ അസാധാരണമായ തന്റെ അഭിനയ വൈദഗ്ധ്യത്തെ ബോളിവുഡിൽ അടയാളപ്പെടുത്തിയ സ്മിത, ഷോ ബിസിനസിന്റെ ഒരാഡംബര സാന്നിധ്യമയിട്ടല്ല സിനിമയിൽ നിലയുറപ്പിച്ചത്. പുരുഷാധികാര കേന്ദ്രമായ സിനിമാമേഖലയെ തന്റെ നിലപാടുകൊണ്ട് പ്രത്യാക്രമണം നടത്തിയും ,അതിന്റെ റേസിസ്റ്റ് ശീലങ്ങളെ പോർവിളിക്കുകയും ചെയ്ത ചരിത്രമാണ് അവർക്കുള്ളത്. വെള്ളിവെളിച്ചത്തിൽ താൻ ജീവൻ നൽകിയ പേടി തൊടാത്ത കഥാപാത്രങ്ങളെപോലെ കൂസലില്ലാത്ത പെൺരൂപമായിരുന്നു വ്യക്തിജീവിതത്തിലും സ്മിത. ആണിന്റെ ലൈംഗിക ജീവിതത്തെ ബാലൻസ് ചെയ്യാനായി രൂപപ്പെടുത്തിയ പെൺ മാതൃകകൾ തമസ്‌കരിക്കാൻ തന്റെ കരിയറിനെ അവർ വിനോയോഗിച്ചതും അതുകൊണ്ടുതന്നെ.

നന്ദിത ദാസ്

മലയാളിക്കവർ കണ്ണകിയാണ്. മുല പറിച്ചെറിഞ്ഞ് തോരാത്ത പകയിൽ മധുരാപുരിയെ ചുട്ടെരിച്ച കണ്ണകിയല്ല, പ്രണയത്തിൽ ആത്മനിരാസത്തെ ആവാഹിച്ച്, ജീവിതത്തെ അതിൽ ജ്വലിപ്പിച്ച കണ്ണകി. കണ്ണകിയെന്ന ജയരാജ് ചിത്രത്തിലൂടെയാണ് നന്ദിതാദാസിനെ മലയാളിഅറിയുന്നത്. ഷേക്‌സ്പിയറുടെ ‘ആന്റണി ആൻഡ് കഌയോപാട്ര’എന്ന ദുരന്തനാടകത്തിന്റെ അനുരൂപീകരണമായിരുന്നു കണ്ണകി.
ഷഹീൻ ബാഗുകൾക്കെതിരെയും, പൗരത്വ ബില്ലിനെതിരെയും തുറന്നുപറച്ചിലുകൾനടത്തികൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിൽ എതിർപ്പിന്റെ ശബ്ദംരേഖപ്പെടുത്തിട്ടുണ്ട് അവർ. ദീപ മേത്തയുടെ എർത്ത്, ഫയർ സിനിമാ ദ്വന്ദ്വത്തിലൂടെ മുഖ്യധാര സിനിമാ മേഖലയിൽ വ്യതിരിക്തമായ സ്ഥാനം ഉറപ്പിച്ച നന്ദിതാദാസ് അഴകിന്റെ ആൺവായനയെ തിരസ്‌കരിച്ചുകൊണ്ടാണ് രാജ്യത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ വേറിട്ട് നിൽക്കുന്നത്. തന്റെ തൊലിയുടെ നിറം കൊണ്ട് സിനിമയെന്ന വിനോദ സാധ്യതയുടെ ഉടൽരാഷ്ട്രീയത്തിന്റെ പൊതുബോധ്യങ്ങളുടെ ശരികേടുകളെയാണ് അവർ പുനർനിർമ്മിക്കാൻ പരിശ്രമിക്കുന്നത്.

പെണ്ണിന്റെ സൗന്ദര്യത്തെ പാകപ്പെടുത്തിയ ആണിന്റെ അധികാരവ്യവഹാരങ്ങളെ വെല്ലുവിളിച്ചാണ് ഈ സ്ത്രീകൾ ഇന്ത്യയുടെ സിനിമാമുഖത്തിന്റെ അപര പ്രതിച്ഛയകളായി മാറിയത്. വെളുത്തു തുടുത്ത, എളുപ്പം കീഴടങ്ങിക്കൊടുക്കുന്ന പൈങ്കിളിയുടെ മാംസളതയുള്ള ശരീരങ്ങളിൽ ഒതുങ്ങാത്ത അഴകിന്റെ സ്വാഭാവിക പൂർണതയായും, കരുത്തുറ്റ വശീകരണസങ്കേതമായും ഇവർ സൗന്ദര്യത്തെ പുനഃസൃഷ്ടിച്ചു, ശേഷംആണിന്റെ കൈച്ചൂടിൽ ഒതുങ്ങാത്ത ഭാവദീപ്തമായ തനത് സ്ത്രീ സൗന്ദര്യത്തെ അഭ്രപാളിയിലേക്ക് തുറന്നുവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here