
ജയ്‌ഷെ മുഹമ്മദ് തലവനും ആഗോള ഭീകരനുമായ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ ജയില്‍ മോചിതനാക്കിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇന്ത്യയില്‍ പലഭാഗത്തും പാകിസ്ഥാന്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയാണെന്നും ഇത് ഏകോപിപ്പിക്കാനാണ് മസൂദിനെ അതീവരഹസ്യമായി മോചിപ്പിച്ചതെന്നുമാണ് വിവരം. മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യമെമ്പാടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അതീവജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വന്‍ തോതില്‍ സൈന്യത്തെ വിന്യസിക്കുകയാണ്. ഇതിനു പിന്നാലെയാണ് മസൂദിനെ വിട്ടയച്ചിരിക്കുന്നത്. ജമ്മു-സിയാല്‍കോട്ട് അതിര്‍ത്തിയിലും പാകിസ്ഥാന്‍ അധിക സൈനിക വിന്യാസം നടത്തിയിട്ടുണ്ട്.
പാകിസ്ഥാന്‍ ആക്രമണത്തിന് മുതിരാനോ ഭീകരരെ കടത്തി വിടാനോ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലില്‍ ജമ്മു കാശ്മീരിലെയും രാജസ്ഥാനിലെയും ബി.എസ്.എഫ്, കര, വ്യോമസേനാ ആസ്ഥാനങ്ങളും ബേസ് ക്യാമ്പുകളും അതീവ ജാഗ്രതയിലാണ്. ജമ്മുകാശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതു മുതല്‍ തുടങ്ങിയതാണ് പാക് പ്രകോപനം. ഏത് ആക്രമണത്തെയും തകര്‍ക്കാന്‍ ഇന്ത്യ സര്‍വസജ്ജമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സേനാമേധാവിമാരും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു
കഴിഞ്ഞ ജനുവരിയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണം, 2001ല്‍ പാര്‍ലമെന്റ് ആക്രമണം തുടങ്ങി ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരനാണ് മസൂദ് അസ്ഹര്‍. ഇന്ത്യയുടെ ശക്തമായ നയതന്ത്ര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മസൂദിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകര പട്ടികയില്‍ ഇക്കഴിഞ്ഞ മേയ് 9ന് ഉള്‍പ്പെടുത്തിയത്.







