Home Breaking News ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രെയിനുമായി ഡല്‍ഹി

ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രെയിനുമായി ഡല്‍ഹി

1
0

ന്യൂഡല്‍ഹി: ജനക്പുരി വെസ്റ്റ് – നോയിഡ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പാതയിലെ പുതിയ മെട്രോ സര്‍വീസിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തതോടെ പിറന്നത് പുതു ചരിത്രം. രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ സര്‍വീസാണ് ഇത്. 37കിലോമീറ്ററിലാണ് സര്‍വീസ് നടത്തുക. 45 മിനിട്ടുകൊണ്ട് ഓടിയെത്തും. 25 സ്റ്റേഷനുകളാണ് ഉളളത്. രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ ഫ്‌ളാഗ് ഓഫ്. സ്മാര്‍ട്ട് സിസ്റ്റത്തിലേക്ക് ഇന്ത്യ എത്രവേഗത്തില്‍ മുന്നേറുന്നുവെന്നതിനെ തെളിവാണ് പുതിയ സര്‍വീസെന്ന് ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ‘കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് രാജ്യം സ്മാര്‍ട്ട് സിസ്റ്റങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. അതിനാല്‍ നഗരവത്കരണവും സാങ്കേതിക വികസനവും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നു. നമ്മുടെ സര്‍ക്കാര്‍ അത് മാറ്റി. ജീവിത സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുളള അവസരമായി നഗരവല്‍ക്കരണത്തെ കണക്കാക്കണം’- മോദി പറഞ്ഞു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷൻ്റെ മൂന്നാംഘട്ട വിപുലീകരണത്തിൻ്റെ ഭാഗമായി 2017 ഡിസംബറില്‍ ഡ്രൈവറില്ലാ ട്രെയിനുകളുടെ ട്രയല്‍ ആരംഭിച്ചിരുന്നു.സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്റ്റേഷനുകളില്‍ നിന്നാണ് ഇവ നിയന്ത്രിക്കുന്നത്. മജന്ത ലൈനിലെ സര്‍വീസ് വിജയകരമായാല്‍ 2021 പകുതിയോടെ പിങ്ക് ലൈനിലും ഇവ ഓടും. യാത്രക്കാര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനുള്ള സൗകര്യത്തിനായി ഒരു റൂട്ടിലെ ട്രെയിനുകള്‍ക്കും സ്റ്റേഷനുകള്‍ക്കും ഒരു നിറമാണ്. എയര്‍പോര്‍ട്ട് എക്സ് പ്രസ് ലൈനിലെ പൂര്‍ണ പ്രവര്‍ത്തനസജ്ജമായ ദേശീയ പൊതുമൊബിലിറ്റി കാര്‍ഡ് സേവനവും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. റു പേ ഡെബിറ്റ് കാര്‍ഡ് കൈവശമുള്ള ആര്‍ക്കും ഈ റൂട്ടില്‍ അതു ഉപയോഗിച്ച് യാത്ര ചെയ്യാം. 2022ഓടെ ഡല്‍ഹി മെട്രോ ശൃംഖലയില്‍ എല്ലാ റൂട്ടിലും ഈ സൗകര്യം ലഭ്യമാക്കും. 2002 ഡിസംബര്‍ 25ന് തുടക്കം കുറിച്ച ഡല്‍ഹി മെട്രോ ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആയിരുന്നു. ആറ് സ്റ്റേഷനുകളുമായി 8.2 കി.മീറ്റര്‍ ദൂരത്തിലായിരുന്നു ആദ്യ സര്‍വീസ്. പിന്നീട് 242 സ്റ്റേഷനുകളുള്ള രാജ്യത്തെ ഏറ്റവും വലിയ മെട്രോ സര്‍വീസായി വളര്‍ന്നു. ഇപ്പോള്‍ 10 റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്. 26 ലക്ഷം പേരാണ് പ്രതിദിന യാത്രക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here