കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നല്‍കിയില്ലെന്ന ഹര്‍ജിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനോട് വിശദീകരണം തേടി ഹൈക്കോടതി. ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ ഇഡിയുടെ കൈവശമാണെന്ന് ബാങ്ക് വിശദീകരിച്ചിരുന്നു. തുടര്‍ന്നാണ് രേഖകള്‍ തിരിച്ചു നല്‍കാന്‍ തടസമെന്തെന്ന് അറിയിക്കാന്‍ ജസ്റ്റിസ് സതീഷ് നൈനാന്‍ നിര്‍ദേശിച്ചത്. 50 സെന്റ് വസ്തുവിന്മേലെടുത്ത രണ്ട് ലോണുകളും 2022 ഡിസംബറില്‍ തിരിച്ചടച്ചെന്ന് ഹര്‍ജിക്കാരനായ തൃശൂര്‍ ചെമ്മണ്ട സ്വദേശി ഫ്രാന്‍സിസ് വ്യക്തമാക്കിയിരുന്നു. ബാങ്കിന്റെ ബാധ്യതയ്ക്ക് തന്റെ ആധാരം പിടിച്ചു വെക്കാന്‍ കഴിയില്ലെന്നും, ബാങ്കുമായി ബന്ധപ്പെട്ട മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളില്‍ തനിക്ക് ബന്ധമില്ലെന്നും ഹര്‍ജിയിലുണ്ട്. ഹര്‍ജി അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.