Home Breaking News ആമി മഴയായി പെയ്യുന്നുണ്ട് ഇപ്പോഴും

ആമി മഴയായി പെയ്യുന്നുണ്ട് ഇപ്പോഴും

1
0

പി.സി. ഹരീഷ്

പതിനൊന്നാണ്ടുകൾക്കപ്പുറം ഇതേ പോലെ നിറുത്താതെ പെയ്യുന്ന ഒരു മഴക്കോളിലാണ് മലയാളത്തിന്റെ പ്രണയപക്ഷി അരൂപിയുടെ വെളുത്ത കുപ്പായമണിഞ്ഞത്… മലയാളികളുടെ ഓർമ്മപ്പുസ്തകത്തിൽ 2009 മേയ് 31 ന്റെ പിങ്ക് നിറമുള്ള ആ പേജിൽ നീർമാതളപ്പൂവിന്റെ പ്രണയഗന്ധം ഇപ്പോഴും തങ്ങിനില്പുണ്ടാവണം. പ്രണയം ഇത്രമേൽ സുഗന്ധപൂരിതമാണെന്ന് നമ്മോട് പറഞ്ഞുതന്നത് ആമിയായിരുന്നുവല്ലോ… ആമി ഒരു മഴയായിരന്നു… വായനക്കാരുടെ മനസ്സിൽ ഇപ്പോഴും നിറുത്താതെ, നിറുത്താതെ പെയ്യുന്നുണ്ട് ആ മഴ…

കൊൽക്കത്തയിൽ ജീവിക്കുമ്പോഴും പുന്നയൂർക്കുളത്തെ കുളപ്പടവിലും നീർമാതളച്ചോട്ടിലുമൊക്കെ സ്വപ്‌നച്ചിറകിൽ വന്നെത്തിയിരുന്ന കഥാകാരി. മരണത്തെ പേടിയായിരുന്നു ആമിക്ക്…

എഴുപത്തിയഞ്ചാം വയസ്സിൽ പൂനെയിലെ ജഹാംഗീർ ആശുപത്രിയിൽ മരണം പതിയെ വാതിൽപ്പഴുതിലൂടരിച്ചെത്തുമ്പോഴും ആമി സ്വപ്‌നം കാണുകയായിരുന്നിരിക്കണം. ജീവിതത്തിന്റെ പച്ചപ്പിനെക്കുറിച്ച്… പ്രണയത്തിന്റെ കടലിനെക്കുറിച്ച്…
നീലാംബരി പോലെ സുന്ദരമായ യാത്ര, അതായിരുന്നു മലയാളത്തിന്റെ മാധവിക്കുട്ടി നാലപ്പാട്ട് തറവാടിൽ നിന്ന് തുടങ്ങി പുനെയിൽ അവസാനിപ്പിച്ചത്. സ്വയം കണ്ടെത്തിയ വഴിയേ അവർ നടന്നു. പിന്നിട്ട വഴികളിൽ അനശ്വരതയുടെ സുഗന്ധവാഹികളായ അക്ഷരക്കൂട്ടങ്ങ

ളെ വിതച്ചു. അവ വിടർന്ന് പ്രണയസുഗന്ധം പരത്തുമ്പോഴും മലയാളത്തിലെ സദാചാരമുത്തശ്ശിമാർക്കും കടൽക്കിഴവന്മാർക്കും അവരൊരു തെറിച്ച പെണ്ണായിരുന്നു. വഴി പിഴച്ചവൾ… മാധവിക്കുട്ടി അപ്പോഴും ചിരിക്കുകയായിരുന്നു…ഫാന്റസികളുടെ മായാജാലം ഇടുങ്ങിയ മനസ്സുകൾക്ക്    ഉൾക്കൊള്ളാവുന്നതല്ലല്ലോ… എന്റെ കഥയുടെ ഏടുകളിൽനിന്ന് വാക്കുളും അക്ഷരങ്ങളും ഇളകിച്ചിരിച്ചു…
ആരായിരുന്നു മാധവിക്കുട്ടിയെന്ന് ഇപ്പോഴും വാനയക്കാർക്ക് പിടികിട്ടിയിട്ടില്ല. ഒരു ചതുരക്കള്ളിയിലും അവരെ ഒതുക്കാവുമായിരുന്നില്ലല്ലോ. എല്ലാ ഫ്രെയിമുകളും തകർത്ത് അവർ പറക്കുകയായിരുന്നുവല്ലോ… സ്ത്രീപക്ഷമോ പുരുഷ പക്ഷമോ പറയാതെ സ്ത്രീയുടെ വികാര വിചാര തലങ്ങൾ തഴുകിത്തലോടിയ ചുവന്നുതുടുത്ത അക്ഷരങ്ങൾ…മലയാള സാഹിത്യത്തെയും ഭാവുകത്വത്തേയും മാധവിക്കുട്ടി അഴിച്ചുപണിയുകയായിരുന്നു. അതിനൊപ്പം തന്നെത്തന്നെയും… അതൊരു സർഗ്ഗാത്മകതയുടെ കൂടുവിട്ട് കൂടുമാറലായിരുന്നു. ആമിയായും കമലയായും മാധവിക്കുട്ടിയിയായും പിന്നെ സുരയ്യയായും അവർ നിറഞ്ഞാടി…
പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടേയും മാതൃഭൂമി മുൻ മാനേജിങ് എഡിറ്റർ വി എം നായരുടേയും മകളായി 1932 മാർച്ച് 31ന് പാലക്കാട്ട് പുന്നയൂർക്കുളത്ത് നാലപ്പാട്ടു തറവാട്ടിലായിരുന്നു ആമിയുടെ ജനനം. വിവാഹ ശേഷമാണ് കമല സാഹിത്യലോകത്തിൽ സജീവമായത്. 1999ൽ തന്റെ അറുപത്തഞ്ചാം വയസിൽ ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യയായി. മതം മാറാനുള്ള അവരുടെ തീരുമാനം മലയാളത്തിൽ ഉയർത്തിവിട്ട വിവാദങ്ങൾ ചെറുതല്ലായിരുന്നു. വിമർശനങ്ങളുടെ കൂരമ്പുകൾ നാലുദിക്കിൽ നിന്നും ഒരുമിച്ച് ആക്രമിച്ചപ്പോഴും തൻറെ തീരുമാനം അവർ കൈവിട്ടില്ല.
ചെറുകഥകളും കവിതകളുമായിരുന്നു മാധവിക്കുട്ടിയുടെ ഇഷ്ടമേഖല. ഇടയ്ക്ക് നോവലുകളിൽ കൈവെച്ചെങ്കിലും തനിക്ക് പറ്റുന്നിടം ചെറുകഥയുടെയും കവിതയുടേയും വലിയ ലോകമാണെന്ന് അവർ മനസ്സിലാക്കി. ജീവിതഗന്ധിയുള്ള രചനകൾ അവരുടെ തൂലികയിൽ നിന്നു വിടർന്നപ്പോഴൊക്കെ കപട സദാചാരത്തിന്റെ പൊയ്മുഖങ്ങൾ ഉടഞ്ഞുതകർന്നു.
പറയാനുള്ളത് ആരെയും ഭയക്കാതെ, കമല പറഞ്ഞു. പലരും പറയാൻ കൊതിച്ചതും, എന്നാൽ പറയാൻ ഭയന്നതുമായ കാര്യങ്ങൾ.
ഓരോ പ്രണയവും ഓരോ സ്വാതന്ത്ര്യ പ്രഖ്യാനങ്ങളാണ്. എല്ലാ വ്യവസ്ഥിതികളേയും എല്ലാ അധികാരഘടനകളേയും എല്ലാ മുൻവിധകളേയും എല്ലാ പ്രത്യയശാസ്ത്രങ്ങളേയുംഎല്ലാ പ്രതിരോധങ്ങളേയും വെല്ലുവിളിച്ച് അത് മുന്നേറുക തന്നെ ചെയ്യും… മാധവിക്കുട്ടി മലയാളിക്ക് സമ്മാനിച്ച പ്രണയആൽബത്തിലെ സാക്ഷിപത്രങ്ങൾ….
ഓർമ്മിക്കുന്നില്ലേ, ചന്ദനമരങ്ങളിലെ ഷീലയെ…അവളുടെ വാക്കുകൾ ഇതാ ഇപ്പോഴും മനസ്സിലൊരീറൻ മഴയായി പെയ്യുന്നുണ്ട്്… ‘ എന്റെ കല്യാണിക്കുട്ടി… അവൾ എന്നെ തനിച്ചാക്കി പോയ്ക്കളഞ്ഞുവല്ലോ. എന്നെ സ്‌നേഹിക്കാൻ, എന്നെ സാന്ത്വനിപ്പിക്കാൻ, എന്നെ പ്രണയിക്കാൻ, എന്നെ ചുംബിച്ചുണർത്താൻ ഇനിയാരാണുള്ളത്? അല്ലെങ്കിൽ അവൾക്ക് പകരമാകാൻ ആർക്ക് കഴിയും? എന്റെ ആത്മ സ്‌നേഹിത…എന്നെ ആലിംഗനം ചെയ്ത് എന്റെ കഴുത്തിലും ചുമലിലും ചുടുകണ്ണീർ വീഴ്ത്താറുള്ള ചന്ദനനിറമുള്ള പെൺകുട്ടി… മറ്റു പെൺകുട്ടികളുമായി ഞാൻ കൂട്ടുകൂടുന്നതുപോലും അവൾക്കഷ്ടമില്ലായിരുന്നു…’

‘വിവാഹശേഷം ഞാൻ പലപ്പോഴും അദ്ദേഹത്തെ അവളുമായി താരതമ്യം ചെയ്യാറുണ്ടായിരുന്നു. ബിയറും ഉള്ളിയും സിഗരറ്റും മണക്കുന്ന അയാളുടെ വായുമായി കറുകപ്പുല്ലുകളുടെ നറുമണമുള്ള അവളുടെ വായിനെ ഞാൻ താരതമ്യപ്പെടുത്തിയപ്പോൾ അയാൾ പരാജയപ്പെട്ടു. അവൾ തടവിയതും മർദ്ദിച്ചതും ചുണ്ടുകളാൽ പ്രീതിപ്പെടുത്തിയതുമായ എന്റെ ശരീരം… അവൾ വീണ്ടും വന്നിരുന്നെങ്കിൽ…’
‘പുറംകാഴ്ചകളിൽ എല്ലാം സ്വസ്ഥം… ശാന്തം… സമാധാനം…സംതൃപ്തം…മൂ്ത്തുനരച്ച് വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു ദാമ്പത്യം… ഒരേ കട്ടിലിൽ അടുത്തടുത്ത് കിടന്ന് അന്യോന്യം വിയർപ്പുഗന്ധം കൈമാറുക… സൂര്യോദയത്തിൽ കക്കൂസിൽ വെള്ളമൊഴിക്കാൻ മറന്ന ഇണയുടെ അമേധ്യം ദർശിക്കുക… അനുഗ്രഹിക്കാൻ വേണ്ടി നിർമ്മിക്കപ്പെട

വയെന്ന് തോന്നിപ്പിക്കുന്ന മനോഹരാംഗുലികളാൽ സ്വയംഭോഗം നടത്തുന്നത് നോക്കിക്കൊണ്ട്… അതിന്റെ താളം ശ്രദ്ധിച്ചുകൊണ്ട്… നിദ്രാഭിനയം നടത്തുക… വേണ്ട…എനിക്ക് വേണ്ട… മാന്യരാൽ പുകഴ്ത്തപ്പെടുന്ന ഗൃഹസ്ഥാശ്രമം എനിക്ക് വേണ്ട… മറ്റൊരാളുടെ വായിൽനിന്നൊഴുകുന്ന കൊഴുത്ത ദ്രാവകം എന്റെ വായിന് ആവശ്യമില്ല. പക്ഷേ, ഞാൻ ഒന്നും പറഞ്ഞില്ല… ഒന്നും പുറത്ത് പ്രകടിപ്പിച്ചില്ല… എ്ല്ലാം മനസ്സിൽ അടക്കിപ്പിടിച്ചു. എന്നിട്ട് ഞാനെന്റെ മനസ്സിന്റെ പൂന്തോട്ടത്തിൽ മൗനം വളർത്തിയെടുക്കുകയായിരുന്നു. എന്റേയും ഭർത്താവിന്റേയും നടുവിൽ ഒരു ചന്ദനമരംപോലെ സുഖദായകമായി അത് വളർന്നുകൊണ്ടിരുന്നു. മൗനം… അദ്ദേഹം രോഗഗ്രസ്ഥമായ ഒരവയവമായി മാറിക്കഴിഞ്ഞിരുന്നു എനിക്ക്… എന്നിൽനിന്ന് മുറിച്ചുനീക്കേണ്ട ഒരവയവം. പക്ഷേ, എനിക്കതിനായില്ല… ഉച്ഛിഷ്ടം ഭക്ഷിക്കുന്നതുപോലെ, ഉച്ഛിഷ്ടം വീണ്ടും വീണ്ടും ഭക്ഷിക്കുന്നതുപോലെ ഞാനെന്റെ ഭാര്യാധർമ്മം വീണ്ടും വീണ്ടും അനുഷ്ടിച്ചുപോന്നു….’

പെണ്ണും പെണ്ണും പ്രണയിക്കുന്നത് ഇപ്പോഴും കുറ്റമായി കാണുന്ന ഈ പുതിയ കാലത്ത്, വ്യവസ്ഥാപിത കുടുംബ സങ്കല്പത്തിന്റെ ചട്ടക്കൂട്ടിലടച്ചും സദാചാരത്തിന്റെ വിശുദ്ധ വസ്ത്രമണിയിപ്പിച്ചുമൊക്കെ മാധവിക്കുട്ടി എന്ന വ്യക്തിയെ ചലച്ചിത്രങ്ങളിലൂടേയും മറ്റും പുനർ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഈ പുതിയകാലത്ത് നമുക്ക് വായിച്ചുതുടങ്ങാം വീണ്ടും പ്രണയത്തിന്റെ ആ രാജകുമാരിയുടെ വാക്കുകളും വരികളും…പിന്നെ വരികൾക്കിടയിലെ ആകാശങ്ങളും…

‘ യാതയുടെ അന്ത്യത്തിൽ ഞാൻ ഏതോ നാൽക്കവലയിൽ വെച്ച് ഒരപ്പൂപ്പൻതാടിപോലെ ഉയർന്ന് ആകാശത്തിന്റെ നീലിമയിൽ പറക്കും…’

‘ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക. തിരിച്ചുവന്നാൽ അത് നിങ്ങളുടേതാണ്. അല്ലെങ്കിൽ അത് വേറെ ആരുടേയോ ആണ്…’

‘ നമ്മുടെ അവസാനത്തെ വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുന്നതിന്റെ പേരാണ് മരണം. രക്ഷപ്പെടാനുളള ഏക വഴിയും അതുതന്നെ…’

‘ ചരിത്രം രാജാക്കന്മാരുടേയും യുദ്ധം ചെയ്തവരുടേയും മാത്രം കഥയല്ല. സ്‌നേഹിച്ചവരുടേയും കൂടിയാണ്.’

‘ പ്രകടമാക്കാനാവാത്ത സ്‌നേഹം നിരർത്ഥകമാണ്. പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരംപോലെ ഉപയോഗശൂന്യം…’

‘ പ്രണയിക്കുന്നവർ കണ്ണാടിയിൽ സ്വന്തം മുഖം കാണുകയില്ല…’

LEAVE A REPLY

Please enter your comment!
Please enter your name here