Home You May Like ആരാണ് കുറ്റക്കാരി… അമ്മയോ മകളോ?

ആരാണ് കുറ്റക്കാരി… അമ്മയോ മകളോ?

3
0

രാധാമണി പരമേശ്വരൻ

ഞാൻ രാജീവൻ. ചെറുപ്പം മുതൽ കൂട്ടു കുടുംബത്തിലായിരുന്നു താമസം. അച്ഛനും അമ്മയും വല്യച്ഛനും മുത്തച്ഛനും മുത്തശ്ശിയും ഉൾപ്പെടെ പ്രായമായവർ ഒൻപതുപേരാണ്. ഞങ്ങൾ കുട്ടികൾ അഞ്ചും. എപ്പോഴും ആളനക്കവും സ്‌നേഹസംഭാഷണങ്ങളും കണ്ടും കേട്ടും വളർന്നിരുന്നതിനാൽ കൂട്ടുകാർ അവരുടെ വീടുകളിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും മറ്റും പറയുമ്പോഴും ഒന്നിനും കാര്യമായി ചിന്തിച്ചു സമയം കളയാറില്ല. കൃഷിക്കാര്യങ്ങൾ മുഴുവൻ അപ്പൂപ്പന്റെ മേൽനോട്ടത്തിലാണെങ്കിൽ വീട്ടുഭരണം അമ്മൂമ്മയുടെ കൈപ്പിടിയിലായിരുന്നു.
എല്ലാവരും എന്നെ ചെല്ലപ്പേരായി വിളിക്കുന്നത് രാജു എന്നാണ്. എനിക്കും ആ വിളി കേൾക്കാനായിരുന്നു ഇഷ്ടം. ബാല്യവും കൗമാരവും വർണ്ണച്ചിറകുകളിൽ പറന്നു പോയതിൽ ചിലപ്പോഴെങ്കിലും വിഷമം തോന്നാറുണ്ട്. യൗവ്വനത്തിലേക്ക് കടക്കുമ്പോൾ എന്താകണമെന്ന് അദ്ധ്യാപകർ ക്ലാസ്സിൽ ഓരോരുത്തരോടായി ചോദിക്കുമ്പോൾ എപ്പോഴും ഞാൻ പറഞ്ഞത് പോലീസാകണം; വെറും പോലീസും അല്ല. ‘സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്’. എന്താ ഒരു പവ്വർ, അങ്ങനെ തോന്നാനുള്ള കാരണങ്ങൾ നേരിൽ കണ്ട ചില അനുഭവങ്ങളാണ്. അതെല്ലാം ഇവിടെ വിശദീകരിക്കുന്നില്ല. അങ്ങനെ ഡിഗ്രിയെല്ലാം കഴിഞ്ഞിരിക്കുമ്പോൾ പല ജോലികൾക്കും ശ്രമിച്ചെങ്കിലും അച്ഛന്റെ നിർബ്ബന്ധത്തിനു വഴങ്ങി സിവിൽ സർവ്വീസ് പരീക്ഷയുടെ കോച്ചിംഗിന് പോകേണ്ടിവന്നു. ഒന്നുരണ്ടു ശ്രമം കഴിഞ്ഞപ്പോൾ സ്വസ്ഥതയും സമാധാനവും തേടി മറ്റൊരു വഴി കണ്ടെത്തി. ‘അദ്ധ്യാപകവൃത്തി’. ആഗ്രഹിക്കുന്നതെല്ലാം സാധിച്ചെന്നുവരില്ല. അങ്ങനെ സ്വയം സംതൃപ്തിയോടെ തന്നെയാണ് മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നതും നല്ലൊരു അദ്ധ്യാപകനാകാൻ ആഗ്രഹിച്ചതും.
എനിക്ക് ഇരുപത്തിനാല് വയസ്സ് ആകുമ്പോഴേക്കും വിവാഹാലോചനകൾ വന്നുതുടങ്ങി. സ്‌കൂളിലെ മാനേജരുടെ മകളുടെ കാര്യം കൂടെയുള്ള ഒരു ടീച്ചർ സൂചിപ്പിച്ചു. എന്തോ, എനിക്ക് അത് തീരെ പിടിച്ചില്ല. പെണ്ണിനെ കാണാൻ കൂടുതൽ ചന്തമാണ്, ധാരാളം സ്വത്തുക്കൾ. അതിലൊന്നും ഈ മനസ്സ് പ്രകമ്പനം കൊണ്ടില്ല. എടുത്താൽ പൊങ്ങാത്ത ഭാരം ഒറ്റക്ക് ചുമക്കേണ്ടിവരും, കാരണം മാനേജർ ഉണ്ണിസാറിന് ഒറ്റമകളാണ്. പേര് ശോഭ. ജീവിച്ചുവന്ന വീടിന്റെ അന്തരീക്ഷത്തിന് യോജിച്ചുപോകുന്ന പെണ്ണ് വേണമെന്നായിരുന്നു അമ്മക്കും ആഗ്രഹം. നിനച്ചിരിക്കാത്ത ഒരു സുപ്രഭാതത്തിൽ മാനേജരും ഭാര്യയും മകളും ടീച്ചർ സിന്ധുവുംകൂടി ഒരു ഞായറാഴ്ച ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അവരുടെ അപ്രതീക്ഷിതമായ വരവ് വീട്ടുകാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
വ്യത്യസ്തമായൊരു പെണ്ണുകാണൽ ചടങ്ങ്. പലദിവസവും സിന്ധുടീച്ചർ പറഞ്ഞിട്ടും, ഞാൻ കാര്യമാക്കിയില്ല. അതാകാം ഇങ്ങനെ ഒരു കുടുംബകൂടിക്കാഴ്ചക്ക് കാരണമായത്. യാതൊരു തയ്യാറെടുപ്പും ഇല്ലാതിരുന്ന നേരത്താണ് അവരെല്ലാംകൂടി കടന്നുവന്നത്. അപ്പൂപ്പനും അമ്മൂമ്മയും അവരോട് വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ ആ പെൺകുട്ടി എന്നെ പുറത്തേക്ക് വിളിച്ചു ”ഞാൻ രാജീവ് സാറിന്റെ കാര്യം പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ടു മൂന്നാലുമാസമായി. എന്നെ ഒന്നു വന്നു കാണാൻ പോലും ഇഷ്ടമല്ലെന്നറിഞ്ഞു, ആ ഇഷ്ടക്കേട് എന്താണെന്നറിയാൻ ഇപ്പോൾ നേരിട്ടു വന്നതാണ്”. ശോഭയുടെ ഭാഗം പറഞ്ഞു നിർത്തി. ”സത്യം പറയാമല്ലോ ശോഭ, എനിക്ക് ഒരു മുപ്പതു വയസ്സ് ആയിട്ടെ വിവാഹം എന്ന സങ്കല്പത്തിലേക്ക് എത്തിപ്പെടാനാകൂ. ഇവിടുത്തെ അന്തരീക്ഷവും ഇപ്പോൾ നിങ്ങളുടെ സ്‌കൂളിൽനിന്നു കിട്ടുന്ന ആനന്ദവും ആവോളം ആസ്വദിക്കയാണ് ഞാനിപ്പോൾ”. ശോഭയുടെ മുഖം അല്പം മ്ലാനമായി. ”അയ്യോ, ആറേഴു കൊല്ലമോ? എനിക്ക് സാറിനെ ഇഷ്ടമാണ്. ഈ കഴിഞ്ഞ മാർച്ചിലെ ആനിവേഴ്‌സറി ദിവസമാണ് സാറിനെ നേരിട്ട് കണ്ടത്. അന്നു മുതലുള്ള ആരാധന. അടുത്ത കാലത്താണ് മമ്മിയോട് അത് പറഞ്ഞതും. തുടക്കം വീട്ടിൽ അല്പം എതിർപ്പായിരുന്നു. അവർ എവിടെയോ ഒരു ഡോക്ടറെ കണ്ടുവെച്ചിരിക്കുന്നു. എനിക്കിഷ്ടമല്ല. എപ്പോഴും കൂടെയുള്ള ഒരാളെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്തു പറയുന്നു; എന്തായാലും തുറന്നു പറയണം”. ശോഭ നിർത്തി.
മറുപടിയൊന്നും പറയാനാകാതെ ഞാൻ ത്രിശങ്കുവിലായി നിന്നു. നിർബ്ബന്ധിത ചെറുക്കൻ കാണൽ എന്നുതന്നെയല്ലേ ഇതിനു പറയേണ്ടത്. കാലം തന്നെ മാറി വരികയാണല്ലോ. എന്തെങ്കിലും പറയണമല്ലോ. ”എനിക്ക് എന്തെങ്കിലും തീരുമാനിക്കാൻ അല്പം സമയം വേണം. ഒരു വ്യക്തിയുടെ ജീവിതകാലം മുഴുവൻ ഓമനിച്ച് ഓർത്ത് ജീവിച്ചു തീരേണ്ടതാണല്ലോ വിവാഹമെന്ന ശുഭ കർമ്മം” രാജു തന്റെ ഭാഗം പൂർത്തിയാക്കി. തിരിഞ്ഞു നോക്കുമ്പോൾ എല്ലാവരും സംഭാഷണം നിർത്തി ഭക്ഷണം കഴിക്കാനുള്ള പുറപ്പാടിലായി. ഞങ്ങൾ രണ്ടാളും അവരോടൊപ്പം കൂടി. എല്ലാം കാലേകൂട്ടി തീരുമാനിച്ചതെന്നു തോന്നിപ്പോയി രംഗം കണ്ടിട്ട്.
ഞങ്ങളുടെ മാനേജർ ഉണ്ണിസാർ തികഞ്ഞൊരു ഈശ്വരവിശ്വാസിയാണന്നറിയാം. എപ്പോഴും നെറ്റിയിലെ ചന്ദനക്കുറി മായാതെ, കസവുനേരിയത് തോളിലിട്ട്, കാലൻകുടയുമായി വരുന്നതു കാണാനൊരു ചേലാണ്. അദ്ദേഹത്തിന്റെ ഭാര്യയെ ഒരിക്കൽ കണ്ടിട്ടുണ്ടെങ്കിലും ഒന്നും സംസാരിക്കാനായില്ല. എന്തൊക്കെയോ കൂട്ടിയും കിഴിച്ചും വീട്ടുകാർ കല്ല്യാണം കാര്യമായി തീരുമാനിക്കാനുള്ള പുറപ്പാടാണ്. അതിന്റെ സൂചനയാണ് എല്ലാവരുടെയും മുഖത്ത്. അതിനിടയിലാണ് ശോഭയുടെ അമ്മയുടെ സംഭാഷണം അല്പം ഉയർന്നു കേൾക്കാനായത് -”പയ്യൻ കല്ല്യാണം കഴിഞ്ഞ് ഞങ്ങളോടൊപ്പം കുടുംബത്തിൽ കഴിയണം. ഞാൻ എന്റെ മോളെവിട്ട് ഒറ്റ ദിവസംപോലും ഈ ഇരുപത്തിരണ്ടു കൊല്ലത്തിനുള്ളിൽ മാറിനിന്നിട്ടില്ല” അതിനു മറുപടിയെന്നപോലെ മാനേജർ സാർ ഹാസ്യരൂപേണ ഒരുവാക്ക് പ്രയോഗിച്ചു. ”അതായത് അവർ ഹണിമൂൺട്രിപ്പ് വല്ലതും പോയാലും നിന്നെകൊണ്ടുപോകണമെന്നു സാരം” എല്ലാവരും ചിരിച്ചു.
അവരെല്ലാം പോയിക്കഴിഞ്ഞപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു: ”എനിക്ക് ഈ ബന്ധം ഇഷ്ടമല്ല, ആ പെൺകുട്ടി ഒറ്റ മോളായി വളർന്നതാണ്. നമുക്ക് ശരിയാകില്ല. വേണ്ടാത്ത മോഹം ഒന്നും ആരും ചിന്തിക്കേണ്ട. മനുഷ്യർക്ക് ഒരു ജീവിതമേയുള്ളൂ. അതുകൊണ്ട് സ്വത്തിന്റെയും പ്രതാപത്തിന്റെയും പിറകെ പോയാൽ എന്നും അവരുടെ അടിമയെപ്പോലെ ജീവിക്കേണ്ടിവരും” അമ്മ അത് ശരിവെച്ചെങ്കിലും അച്ഛനും മുത്തച്ഛനും എന്റെ ആശയത്തോട് എതിർക്കുകയായിരുന്നു.
ഒന്നും ആയില്ലല്ലോ മക്കളേ, നിനക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ടന്നു അമ്മ ആശ്വസിപ്പിച്ചെങ്കിലും വിധി, ഞങ്ങളെ പിറ്റേ മകരമാസം 5-ാം തീയതിയിലെ ശുഭ മുഹൂർത്തത്തിൽ ഗുരുവായൂരിൽ വെച്ച് കൂട്ടിയിണക്കി. പൂക്കൾകൊണ്ടു അലങ്കരിച്ച മധുവിധു രാത്രിയെ കാത്തുകിടക്കുന്ന കട്ടിൽ…
ഞങ്ങൾ മണിയറയിൽ കയറി കതകടച്ച് അല്പം കഴിഞ്ഞപ്പോൾ ശോഭക്ക് വല്ലാത്തൊരു ശ്വാസംമുട്ടൽ പോലെ. കാര്യം തിരക്കിയപ്പോൾ അതിവിശേഷം… ”ഞാൻ എന്നും മമ്മിയോടൊപ്പമേ കിടക്കാറുള്ളൂ; മമ്മിയെ ഇങ്ങോട്ടു വിളിച്ചോട്ടെ?” ശരിക്കും സ്തംഭിച്ചുപോയി ഞാൻ. ചെറിയ കുട്ടികളെപ്പോലവൾ കരയാൻ തുടങ്ങി. സ്‌നേഹത്തോടവളെ നെഞ്ചോടു ചേർത്ത് പലവട്ടം ഉമ്മവെച്ചു. അണിഞ്ഞിരുന്ന ആഭരണങ്ങൾ ഓരോന്നായി ഊരിമാറ്റി. അതിനെല്ലാം അവൾ ഒരു പാവയെ പോലെയിരുന്നുതന്നു. ”എനിക്ക് മമ്മിയെ കാണണം, ഞാൻ ഇല്ലെങ്കിൽ മമ്മി ഉറങ്ങില്ല” പല സ്‌നേഹവാക്കുകൾ കൊണ്ടു അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒരു രക്ഷയുമില്ല. എനിക്ക് സഹികെട്ടു. കതക് തുറന്നു പുറത്തേക്ക് ഇറങ്ങി നോക്കുമ്പോൾ മമ്മി പുറത്ത് ഒറ്റക്ക് ദൂരേക്ക് നോക്കിയിരിക്കുന്നു. വീടും നാടും എല്ലാം ഉറങ്ങി, നിശ്ചലം. ഉണ്ണിസാറിന്റെയും കല്ല്യാണത്തിനുവന്ന ബന്ധുക്കളുടെയും പൊടിപോലും അവിടെയെങ്ങും കാണാനില്ല. പകലുള്ള യാത്രാക്ഷീണത്താൽ പലരും നേരത്തെ ഉറക്കമായി. വൈകുന്നേരത്തെ പാർട്ടിക്ക് ഇട്ടിരുന്ന പന്തലിന്റെ വിളക്കുകൾ ഏറെക്കുറെ അണച്ചിരുന്നു. പൊന്നുപോലെ വളർത്തുന്ന ‘ലാബർ ഡോർ’ വർഗ്ഗത്തിൽപ്പെട്ട പട്ടി അവളുടെ മമ്മിയുടെ കാലിനോടു ഒട്ടി കിടന്നുറങ്ങുന്നു.
ഞാൻ ഒരു നിമിഷം പകച്ചു നിന്നു പോയി. ആ അമ്മക്കും ഉറങ്ങാൻ കഴിയില്ലെന്നതു മനസ്സിലാക്കി അടുത്തേക്കു ചെന്നു. ”അമ്മ ഉറങ്ങിയില്ലേ? എന്തുപറ്റി ഒറ്റക്ക,് എന്തിന് ഇങ്ങനെ പുറത്ത് ഇരിക്കുന്നു?”.
”മോൾക്ക് വിഷമം ഒന്നുമില്ലല്ലോ, അവൾ എന്നും എന്നോടൊപ്പമല്ലേ കിടന്നിരുന്നത്. അതുകൊണ്ടാകാം, കുറെ നേരം കിടന്നിട്ടും ഉറക്കം വരുന്നില്ല.” അമ്മയുടെ നേർത്ത ശബ്ദത്തിൽ നിറയെ വേദന. ഞങ്ങളുടെ സംഭാഷണം കേട്ടിട്ടാകാം, അവളും കരഞ്ഞുകൂവി ”മമ്മീ” എന്നു നിലവിളിച്ചുകൊണ്ട് ഓടിച്ചെന്നു അവരെ കെട്ടിപ്പുണർന്നു. സംസാരം ഇനി അവർ തമ്മിലാകട്ടെ. എന്തെങ്കിലും ഒരു തീരുമാനത്തിലാകട്ടെയെന്ന ചിന്തയിൽ ഞാൻ തിരികെ മുറിയിലേക്ക് മടങ്ങി. ഞങ്ങളെ എതിരേല്ക്കാൻ ഒരുക്കിയിരുന്ന മുല്ലമാലകൾ വലിച്ചുപൊട്ടിച്ചെടുത്തു നെഞ്ചോടു ചേർത്തു കട്ടിലിലേക്ക് കമഴ്ന്നടിച്ചു കിടന്നു ഞാൻ. പൂവിന്റെ സുഗന്ധം അറിഞ്ഞില്ല, ലൈറ്റുകൾ അണഞ്ഞില്ല.
കാലത്ത് പതിവ് സമയത്തിനു മുൻപേ ഉണർന്നു. നോക്കുമ്പോൾ അമ്മയും മകളും കട്ടിലിന്റെ ഒരുഭാഗത്ത് നീണ്ട ഉറക്കം. അനങ്ങാതെ, ശബ്ദം ഉണ്ടാക്കാതെ, മുറിവിട്ട് പൂത്തുപടർന്നു നിൽക്കുന്ന മാവിന്റെ ചുവട്ടിൽ അലസമായി കിടക്കുന്ന ചാരുകസാലയിലേക്ക് നീങ്ങി. എന്നെ കണ്ടിട്ടാകാം ഉണ്ണിസാർ കണ്ണും തിരുമ്മി എന്റെ അരുകിലേക്ക് വന്നു ചോദിച്ചു: ”മോളുടെ മമ്മിയെ ഉണർന്നപ്പോൾ കണ്ടില്ല. ചിലപ്പോൾ കുളിക്കാൻ വടക്കേ പറമ്പിലെ കുളത്തിൽ പോകാറുണ്ട്. എന്നാലും ഇത്രയും വെളുപ്പിനു പോകാറില്ല, ഞാൻ പോയി നോക്കി വരാം”. ഇത്രയും കേട്ടപ്പോൾ എന്റെ നിരാശപൂണ്ട ശബ്ദം പുറത്തേക്ക് വന്നു. ”അമ്മയും മകളും മണിയറയിൽ നല്ല ഉറക്കത്തിലാണ്” കൂടതൽ ഒന്നും പറയാനും പരിഭവിക്കാനും തോന്നിയില്ല. പൂന്തോട്ടത്തിലൂടെ അസ്വസ്ഥമായി കുറച്ചധികനേരം നടന്നു.
നടന്ന സംഗതികൾ ആരോടും തുറന്നു പറയാനാകാത്ത വീർപ്പുമുട്ടൽ. എന്താണ് ചെയ്യേണ്ടത്. സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയാലോ? അതാകുമോ ശരി? ഏയ്, ഒരിക്കലുമില്ല. ഇന്നത്തെ പകൽ എന്താണ് സംഭവിക്കുന്നതെന്നറിയട്ടെ. വീട്ടുകാരെ വെറുതെ എന്തിന് വിഷമിപ്പിക്കുന്നു. പണത്തിനും സമ്പത്തിനും ആർത്തിയുള്ളവരാണ് മിക്കവാറും ഇങ്ങനെയുള്ള കുടുക്കുകളിൽ ചെന്നു പെടുന്നത്. ഈ വിവാഹത്തിനോട് ഒരിക്കലും എനിക്ക് യോജിക്കാൻ ഇഷ്ടമല്ലായിരുന്നു. അമ്മപോലും നിർബന്ധിച്ചപ്പോൾ പിന്നെ അധികം ആലോചിക്കാനായില്ല. ഉം, സാരമില്ല ശരിയാകും. ഇവിടെ ഇപ്പോൾ അമ്മയെയാണോ, മകളെയാണോ ബോധവൽക്കരിക്കേണ്ടത്!?
അന്ന് പകൽ ഉണ്ണിസാർ എന്നേയും കൂട്ടി അടഞ്ഞു കിടന്നിരുന്ന വേറൊരു കൂറ്റൻ ബംഗ്ലാവിലേക്ക് പോയി. എന്തെല്ലാമോ പറയാനുണ്ടാകും. ഞാൻ ധരിച്ചതുപോലെ സാർ തുടങ്ങി. ”രാജുവിന് വല്ലാത്ത വിഷമം ഉണ്ടെന്നറിയാം, എങ്ങനെ തുടങ്ങണമെന്നറിയാൻ വയ്യ. എന്നാലും പറയാതെ വയ്യല്ലോ. എന്റെ ഭാര്യക്ക് ഈ ലോകത്ത് ആരോടെങ്കിലും സ്‌നേഹമുണ്ടെങ്കിൽ അത് മകളോട് മാത്രമാണ്. ഇന്നലെ രാത്രിയിൽ ഉണ്ടായതു അതീവ കഷ്ടമെന്നല്ലാതെന്തുപറയാൻ. ഈ ഒരു അവസ്ഥ മാറ്റിയെടുക്കാൻ ഏതെങ്കിലും നല്ല സൈക്കോളജിസ്റ്റിനെ സമീപിച്ചാലോ? മോൻ അല്പം ക്ഷമയോടെ കാത്തിരിക്കണം. അല്ലാതെയെന്തു പോംവഴി. ഒന്നുകിൽ അമ്മക്ക് ബോധം വേണം, അല്ലെങ്കിൽ മകൾക്ക്. ഇത് രണ്ടുമില്ല. എന്റെ ഏറ്റവും അടുത്ത ചങ്ങാതിയാണ് ഡോ.ശശിധരൻ നായർ. അദ്ദേഹം ഇന്നലെ കല്ല്യാണത്തിനു വന്നിരുന്നു. ഞാൻ ഫോൺവിളിച്ചു പറഞ്ഞിട്ടുണ്ട്. ഈ വീടും പരിസരവും അദ്ദേഹത്തിനറിയാം. ഇവിടെ ഇപ്പോൾ വരും.” എല്ലാം കേട്ടിരുന്നിട്ടു ഞാൻ പറഞ്ഞു: ”ഇത്ര പെട്ടെന്നു വേണ്ടായിരുന്നു. പലതും ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഇത്രയും കൂടുതൽ ചിന്തിച്ചിരുന്നില്ല. രണ്ടുദിവസം കഴിയുമ്പോൾ എന്റെ വീട്ടിലേക്ക് പോകേണ്ടതല്ലേ, ഞങ്ങൾ തനിച്ചല്ലേ പോകേണ്ടത്? അതോ ശോഭയുടെ മമ്മിയേയും കൂട്ടി പോകേണ്ടിവരുമോ?” രണ്ടുപേർക്കും ചികിത്സവേണമെന്നതുറപ്പായി. എന്നാൽ അധികം ആരും അറിയാനും പാടില്ല.
സംഭാഷണം തുടരുമ്പോൾ, ഡോക്ടർസാർ കാറിൽ തനിയെ ഡ്രൈവ് ചെയ്തു എത്തി. മരുമകനെയും കൂട്ടി പുതിയ സമുച്ചയങ്ങൾ കാണിക്കാൻ ഇറങ്ങിയതാകുമെന്നാണ് അദ്ദേഹം കരുതിയത്. കൂട്ടത്തിൽ ഒരു പഴുത്ത വരിക്കച്ചക്കയും കാറിൽ കരുതിയിരുന്നു. ”പുതുജോഡികൾക്ക് എന്റെ സമ്മാനം, അല്പം മധുരം ആകട്ടെയെന്നും കരുതി”.
”ഞങ്ങൾ ഡോക്ടറെ കണ്ട് ഒരു ഉപദേശം തേടാനാണ് വന്നത്” ഉണ്ണിസാർ. ”അയ്യോ, ഇന്നലെ കണ്ടപ്പോഴില്ലാത്ത സംശയം, എന്താണ് ഉപദേശം വേണ്ടത്? പറഞ്ഞാട്ടെ”. സംഗതികൾ ഉപ്പും മുളകും ചേർക്കാതെ രാജേഷ് തന്നെ പറഞ്ഞു കേൾപ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ”ഹൊ, കഷ്ടം തന്നെ, ആദ്യരാത്രി അങ്ങനെ കലക്കിയല്ലേ? സാരമില്ല, നമുക്ക് ശരിയാക്കാവുന്നതേയുള്ളൂ. മോൻ ഒട്ടും വിഷമിക്കേണ്ട, ഇതുപോലെയുള്ള അപൂർവ്വ സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇന്നും നാളേയും കൂടി എങ്ങനെയുണ്ടാകുമെന്നു നോക്കാം. എന്നിട്ടും ശരിയാകുന്നില്ലങ്കിൽ ഡോക്ടർ ജയന്തിയെ പോയി കാണണം. അവരുടെ അമ്മയേയും കൊണ്ടു പോകണം. പിന്നെയും ശരിയാകാത്ത പക്ഷം അടുത്ത പടി ആലോചിക്കാം. രജീവ്, നീ മിടുക്കനല്ലേ, കുട്ടികൾ ഒറ്റക്ക് അമ്മത്തണൽ പറ്റി വളരുന്ന ചില ദൂഷ്യങ്ങളാണിത്. അവൾ ആരെയെങ്കിലും പ്രേമിച്ചു വിവാഹം കഴിക്കാൻ ഇടവന്നെങ്കിൽ കഥ വെറെയാകുമായിരുന്നു. എന്തിനും അമ്മയുമായി ആശയവിനിമയം നടത്തുന്നവരിലാണ് ഈ രോഗം കൂടുതൽ കാണാറുള്ളതും. എല്ലാം മാറും, മാറാതെ എവിടെ പോകാൻ. വിഷമിക്കേണ്ട മോൻ”- ഡോക്ടറുടെ ഉപദേശം.
അന്നത്തെ പകൽ ഏറെനേരവും ശോഭ ഉറക്കത്തിലായിരുന്നു. തലേന്നാളിലെ ചവിട്ടു നാടകം അത്രക്കും കൊഴുപ്പിച്ചതല്ലേ? ഉണ്ണിസാർ ഭാര്യയെ ശകാരിക്കുന്നുണ്ടാകും. അഴിച്ചുവെച്ച സ്വർണ്ണപ്പണ്ഡങ്ങൾ മേശപ്പുറത്ത് ഒരു താലത്തിൽ ഒരു ടൗവ്വൽ ഇട്ടുമൂടിയിരിക്കുന്നു. ഉച്ചയൂണ് കഴിഞ്ഞ് ഞാനും കതകടച്ച് ശോഭയോടൊപ്പം അല്പനേരം കിടക്കാൻ ഒരുങ്ങി. അടുത്തുള്ള മുസ്ലീം പള്ളിയിലെ വാങ്ക്‌വിളികേട്ടുണരുമ്പോൾ കട്ടിലിൽ തലേന്നാൾ കശക്കിയെറിഞ്ഞ മുല്ലമൊട്ടുകൾ നോവറിഞ്ഞു കരിഞ്ഞു ചിതറിക്കിടക്കുന്നു. അവൾ എഴുന്നേറ്റു പോയിട്ടുണ്ട്. ഫോൺ നിർത്താതെ അടിക്കുന്നു. അമ്മയാകണം. പുതിയ ഭാര്യവീടും അതിനെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളും അറിയാനാകും. നുണപറയാനുള്ള ബുദ്ധിമുട്ടുകാരണം അതെടുക്കാൻ മടിച്ചു. എങ്കിലും എടുക്കാതെ വയ്യല്ലോ, എടുത്തുനോക്കുമ്പോൾ മുത്തശ്ശിയാണ്.
മുത്തശ്ശിയോട് എല്ലാം നന്നായിത്തന്നെ പറയണം. ഒന്നും ആരും അറിയരുത്. ഇത്രയും പുതുമയുള്ള വിവാഹരാത്രി, ഒരുപക്ഷേ ആരും ആഘോഷിച്ചിട്ടുണ്ടാവില്ല. മനസ്സിനകത്തിരുന്ന് ഉപബോധം മുറുമുറുക്കുന്നുണ്ട്. മിക്കവാറും ഇവിടുന്ന് കെട്ടു കെട്ടേണ്ടിവരുമോ? ശരിക്കും എന്തിനാണ് ആ ഡോക്ടർ രണ്ടുദിവസം പറഞ്ഞത്. രോഗമുണ്ടായാൽ ഉടനടി ചികിത്സിക്കണം. അതല്ലേ വേണ്ടത്. വീട്ടിൽ വന്നപ്പോൾ അവൾ എല്ലാവരുടെയും മുൻപിൽ നിന്നും ഇറങ്ങി വന്നു സംസാരിക്കുമ്പോൾ, ഇങ്ങനെ ഒരു അബദ്ധം പിണയുമെന്നു ലേശവും ചിന്തിച്ചില്ല. പകൽനേരം പോലും ഒന്നും പറയാനോ, നോക്കാനോ അടുത്തേക്ക് വന്നില്ല. തലേരാത്രിയിലുണ്ടായ ചമ്മലാകാമെന്ന ധാരണയിൽ ഇരുട്ടിനെ ആവാഹിച്ച് മണിക്കൂറുകൾ ഓടിച്ചുവിട്ടു. ഉച്ചയൂണ് സമയത്ത് അവൾ ഉറക്കത്തിലായിരുന്നു. പകൽ കണികാണാൻ കിട്ടിയില്ല. സന്ധ്യകഴിയുന്നു, ഇനി എന്തെന്ന ചിന്തയിൽ ഒന്നും സംഭവിക്കാത്ത മുഖഭാവവുമായി കുറച്ചുനേരം ടിവി കണ്ടിരുന്നു. ഒരു ചെറിയ കുട്ടിയെപ്പോലെ വസ്ത്രധാരണം ചെയ്തു എന്റെ മുന്നിലൂടെ അവൾ പലവട്ടം കടന്നുപോയി. വെറുതേപോലും ഒന്നുനോക്കാനുള്ള മനസ്സ് കാണിച്ചില്ല. ഉണ്ണിസാർ ലോകകാര്യങ്ങളും സ്‌കൂൾ വിശേഷങ്ങളും പറഞ്ഞു കൂടെത്തന്നെയുണ്ട്.
”രാജൂ, ഊണ് കഴിക്കാൻ വാ…” അവളുടെ മമ്മിയുടെ മർമ്മരം. തീരെ ഇഷ്ടമില്ലാതെ എഴുന്നേറ്റു. വിരസത ആ പാദചൂഡം എന്നെ വിഴുങ്ങുന്നു. ഉറങ്ങാൻ നേരമാകുന്നു. സമയം പതിനൊന്നിനോടടുക്കുന്നു. മിക്കവാറും അമ്മയും മകളും ഒപ്പം ആകാം വരവ്. അങ്ങനെ നിനച്ചിരിക്കുമ്പോൾ ശോഭ ഒറ്റക്ക് മുറിയിലേക്ക് കടന്നു വന്നു. സ്‌നേഹത്തോടെ ബലമായി ഞാൻ അവളെ വാരിപ്പുണരാൻ ശ്രമിക്കുമ്പോൾ അവൾ കുതറിമാറി. ”എനിക്ക് ഇന്ന് വ്രതമാണ്. ഒറ്റക്ക് കിടക്കണം. ഞാൻ താഴെ കിടന്നുകൊള്ളാം.” ‘വ്രതം എന്തിനുവേണ്ടി?’ ഞാൻ ചോദിച്ചു. ”എനിക്കറിയാൻ മേല. അമ്മ പറഞ്ഞുതന്നതാണ് ” ശോഭയുടെ മറുപടി.
അടുത്തനിമിഷം മറ്റൊരു കിടക്കയുമായി അമ്മയും മുറിക്കുള്ളിലേക്ക് കടന്നു. എന്റെ സർവ്വനിയന്ത്രണങ്ങളും തെറ്റി. കൂടുതൽ ഒന്നും ആലോചിക്കാനോ, ആരേയും കാണാനോ നിന്നില്ല.
”രണ്ടാളും കട്ടിലിൽ കിടന്നോളൂ. നമുക്ക് പിന്നെ കാണാം.” എന്റെ അത്യാവശ്യ സാധനങ്ങൾ നിറച്ചിരുന്ന പെട്ടിയും എടുത്ത് പുറത്തേക്ക് ഇറങ്ങി, കാർ സ്റ്റാർട്ടു ചെയ്തു. ഗേറ്റ് തുറക്കുമ്പോൾ ഉണ്ണിസാർ നിസംഗതയോടെ ഇരുട്ടിലേക്ക് നോക്കി നിൽക്കുന്നത് കാണാമായിരുന്നു. ശോഭ, നിത്യകന്യകയായി കെട്ടുദോഷം തീർന്ന് രക്ഷിതാക്കളുടെ കയ്യിൽ സുരക്ഷിതയാകട്ടെ. അന്തരംഗം മന്ത്രിച്ചു.
മോഹങ്ങൾക്ക് അതിരില്ല, എന്നാൽ സംഭവിക്കുന്നതോ? ആർക്കും ചിന്തിക്കാനാവുന്നതിനപ്പുറവും. പുറമേ കാണുന്ന ലോകമല്ല മനുഷ്യരുടേത്. ആരും കാണാത്ത, ആർക്കും മുൻവിധി നടത്താനാവാത്ത ഒന്നാണത്. ജാതകപ്പൊരുത്തവും കുടുംബപ്പൊരുത്തവും ഉറപ്പുവരുത്തി ഇഷ്ടദേവതയുടെ മുമ്പിൽ അഗ്നിസാക്ഷിയായി താലിചാർത്തിയിട്ടെന്തുകാര്യം?. എല്ലാം നമ്മൾ വിധിയെന്നു പറഞ്ഞ് സമാധാനിക്കുന്നു. പക്ഷേ വിധി അറിയുന്നില്ലല്ലോ മനുഷ്യരുടെ കൊതികൾ! കുട്ടികളെ ജനിപ്പിക്കുന്നതിൽ മാത്രമല്ല അച്ഛനമ്മമാർ അവരുടെ കടമ നിറവേറ്റേണ്ടത്. ഒരമ്മ, പ്രസവിക്കാനെടുത്ത ബുദ്ധിമുട്ടുകളെക്കാൾ എത്രയോ വലുതാണ് ഒരു കുഞ്ഞിനെ മനശാസ്ത്രബോധത്തോടെ വളർത്തുകയെന്നത്. മുളയിലെ നുള്ളിക്കളയേണ്ടുന്ന ശീലങ്ങൾ വളർന്നുപെരുകി ഉപേക്ഷിക്കാനാകാതെ മാറുന്നു. പണവും പ്രതാപവും പദവിയും കൊണ്ട് എന്തുകാര്യം? ജീവിതമില്ലാത്തവർക്ക് ഇവകൊണ്ട് ഒന്നും ചെയ്യാനാകില്ല. ജീവിതമുണ്ടെങ്കിൽ അതിനനുബന്ധമായുള്ളതെല്ലാം തിരിച്ചുപിടിക്കാം. ജീവിതമില്ലെങ്കിൽ പിന്നെ മറ്റെന്തുണ്ടായിട്ടും കാര്യമില്ല. എന്നാൽ ജീവിതമാകട്ടെ, അത് സ്വയമുണ്ടാകുന്നതുമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here