Kerala Pranamam

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമന കോഴ; പരാതിക്കാരന്റെ മൊഴിയെടുക്കുമെന്ന് കമ്മീഷണര്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചതായി തിരുവനന്തപുരം കമ്മീഷണര്‍ സി.എച്ച്. നാഗരാജു. അഖില്‍ മാത്യുവിന്റെ പരാതിയിലാണ് കേസെടുത്തത്. ഹരിദാസന്‍ പരാതി നല്‍കിയിട്ടില്ലെന്നും ഹരിദാസന്റെ മൊഴി ലഭിച്ച ശേഷമേ കേസില്‍ വ്യക്തത വരൂ എന്നും കമ്മീഷണര്‍ പ്രതികരിച്ചു.നിയമന വിവാദത്തില്‍ പോലീസ് ആസ്ഥാനത്ത് പരാതി ലഭിച്ചത് 26-നാണ്. ഇ-മെയില്‍ വഴിയാണ് പരാതി ലഭിച്ചത്. പരാതിക്കാരന്‍ എന്ന് പറയുന്ന ഹരിദാസന്‍ പോലീസില്‍ നേരിട്ട് പരാതിപ്പെട്ടിട്ടില്ല. മാധ്യമങ്ങള്‍ വഴിയാണ് പരാതി ഉന്നയിച്ചത്. അന്വേഷണം ആരംഭിച്ചത് അഖില്‍ മാത്യുവിന്റെ പരാതിയിലാണ്.കന്റോണ്‍മെന്റ് പോലീസ് ഹരിദാസന്റെ മൊഴിയെടുക്കാന്‍ മലപ്പുറത്തെത്തിയിട്ടുണ്ട്. ഹരിദാസന്റെ മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണം നടത്തും. പരാതിയില്‍ കുറ്റാരോപിതരുടെ പേരുകള്‍ ഇല്ലാത്തതിനാല്‍ എഫ്.ഐ.ആറിലും കുറ്റാരോപിതരുടെ പേരുകളില്ല. അഖില്‍ മാത്യുവിന്റെ പരാതിയില്‍ ആള്‍മാറാട്ടം നടത്തി വിശ്വാസ വഞ്ചന നടത്തിയതിനാണ് കേസെടുത്തത്. ആരാണ് പണം കൈപ്പറ്റിയതെന്ന് കണ്ടെത്തും. സംഭവം വിശദമായി അന്വേഷിക്കുമെന്നും സത്യം കണ്ടെത്തുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.ആയുഷ് മിഷന്റെ കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസറായി മകന്റെ ഭാര്യയുടെ നിയമനത്തിന് വേണ്ടി അഖില്‍ മാത്യുവും ഇടനിലക്കാരനായ അഖില്‍ സജീവും പണം വാങ്ങിയെന്നാണ് മലപ്പുറം സ്വദേശിയായ ഹരിദാസന്റെ ആരോപണം. അഖില്‍ മാത്യു തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്തുവെച്ച് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ അഖില്‍ സജീവ് 50,000 രൂപ നേരിട്ടും 25,000 രൂപ ബാങ്ക് വഴിയും നല്‍കിയെന്നും ഹരിദാസന്‍ പറയുന്നു.