
സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകള്‍. 73 കോടി രൂപയുടെ മരുന്നുകളാണ് സമയബന്ധിതമായി വിതരണം ചെയ്യാത്തതിനെ തുടര്‍ന്ന് കാലഹരണപ്പെട്ടത്.
വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തതായുള്ള സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സമയബന്ധിതമായി മരുന്ന് വിതരണം നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് കൃത്യമായി നടപ്പിലാവുന്നില്ലെന്നാണ് പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
14 ജില്ലകളിലുമായി 73 കോടി രൂപയുടെ മരുന്നാണ് കാലഹരണപ്പെട്ടതിനെ തുടര്‍ന്ന് കൂട്ടിയിട്ടിരിക്കുന്നത്. ഇത് എവിടെ ആണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നില്ല. നവംബര്‍ 20 വരെയുള്ള കണക്കുകള്‍ ആണിത്. സാധാരണ മരുന്നുകള്‍ കാലഹരണപ്പെട്ടാല്‍ കരാര്‍ നല്‍കി നശിപ്പിച്ച് കളയുകയാണ് പതിവ്. ഇതിന്റെ പൂര്‍ണചുമതല മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനാണ്. മരുന്ന് ക്ഷാമം മൂലം വിവിധ ആശുപത്രികളില്‍ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനിടെയാണ് ആരോഗ്യവകുപ്പിന്റെ അലംഭാവം.








