
തിരുവല്ല: ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ കവിയൂര്‍ പഞ്ചായത്തിലെ മത്തിമലയില്‍ പുതിയ കുടിവെള്ള പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി.പഞ്ചായത്തിലെ രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന 4.5 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിക്കായി ഏറ്റെടുക്കുന്നത് കവിയൂരിലെ ആറാം വാര്‍ഡിലെ ഉയര്‍ന്ന പ്രദേശമായ മത്തിമലയില്‍ 7 സെന്റ് സ്ഥലമാണ്. കവിയൂര്‍ – കുന്നന്താനം കുടിവെള്ള പദ്ധതിയുടെ ജനകീയ കമ്മിറ്റി ജനങ്ങളില്‍ നിന്നും പിരിവെടുത്ത തുകയില്‍ അധികംവന്ന ആറ് ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ഈ ഭൂമി വാങ്ങി പഞ്ചായത്തിന് നല്‍കുന്നത്. കവിയൂര്‍ പഞ്ചായത്തിലെ 4,5,6,7,8,12 എന്നീ വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പദ്ധതി ഉപകാരപ്രദമാകും. നിലവില്‍ വള്ളംകുളത്ത് മണിമലയാറ്റിലെ ജലഅതോറിറ്റിയുടെ കിണറ്റില്‍ നിന്നും ശേഖരിക്കുന്ന ജലം ഗണപതിക്കുന്നിലുള്ള കുടിവെള്ള ടാങ്കില്‍ സംഭരിക്കുന്നുണ്ട്. ഇവിടെനിന്നും കുടിവെള്ളം മത്തിമലയില്‍ നിര്‍മ്മിക്കുന്ന മൂന്ന് ലക്ഷം ലിറ്റര്‍ ശേഷിയുള്ള കുടിവെള്ള സംഭരണിയിലെത്തിച്ച് വിതരണം നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് വിശദമായ പദ്ധതി രൂപരേഖ തയാറാക്കിയിട്ടില്ല.വര്‍ഷങ്ങള്‍ക്ക് മുമ്ബ് ലക്ഷ്യമിട്ട പദ്ധതി സ്ഥലം ഏറ്റെടുക്കല്‍ വൈകിയതിനാല്‍ നീണ്ടുപോകുകയായിരുന്നു. ജനകീയ കമ്മിറ്റിയുടെ കണ്‍വീനറും ജില്ലാ പഞ്ചായത്ത് അംഗവുമായ സി.കെ ലതാകുമാരി, പഞ്ചായത്ത് പ്രസിഡണ്ട് എം.ഡി ദിനേശ് കുമാര്‍, പഞ്ചായത്ത് അംഗം പ്രവീണ്‍ ഗോപി, വില്ലേജ് അസിസ്റ്റന്റ് ലാലു എന്നിവര്‍ സ്ഥലപരിശോധന നടത്തി. പഞ്ചായത്തിന് വാങ്ങി നല്‍കുന്ന സ്ഥലം വില്ലേജ് ഉദ്യോഗസ്ഥന്മാര്‍ ഇന്നലെ ബോദ്ധ്യപ്പെടുത്തി. ജനകീയ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് ജോണ്‍ നേതൃത്വം നല്‍കുന്ന 15 അംഗ കമ്മിറ്റിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.കവിയൂര്‍ പഞ്ചായത്തിലെ 4,5,6,7,8,12 എന്നീ വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം- 2000 കുടുംബങ്ങള്‍ക്ക് പ്രയോജനം- 4.5 കോടിയുടെ പദ്ധതി നാളെ സ്ഥലത്തിന്റെ ആധാരമെഴുത്ത് നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കും എം.ഡി ദിനേശ് (പഞ്ചായത്ത് പ്രസിഡന്റ് )







