Home Idukki ആവേശപ്പൂത്തിരി കത്തിച്ച് ജനകീയ കരോള്‍

ആവേശപ്പൂത്തിരി കത്തിച്ച് ജനകീയ കരോള്‍

1
0

 

കട്ടപ്പന : കോവിഡില്‍ തണുത്തുറഞ്ഞ കട്ടപ്പന പട്ടണത്തില്‍ ആവേശപ്പൂത്തിരികള്‍ കത്തിച്ച് സഹകരണ ആശുപത്രിയുടെ ക്രിസ്മസ് ആഘോഷം. സഹകരണ ആശുപത്രി അങ്കണത്തില്‍നിന്ന് ആരംഭിച്ച ജനകീയ കരോള്‍ രണ്ടു മണിക്കൂര്‍കൊണ്ടാണ് ടൗണ്‍ചുറ്റി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ സമാപിച്ചത്. ടൗണ്‍ പരിസരത്തും റോഡിനിരുവശത്തും നൂറുകണക്കിനാളുകള്‍ കരോള്‍ കാണാനായി കാത്തുനിന്നിരുന്നു. പരമ്പരാഗത കരോളിന്റെ തനിമയും തെളിമയും വിളിച്ചോതി ക്രിസ്മസ് പാപ്പായുടെ അകമ്പടിയോടെയാണ് സഹകരണ ആശുപത്രിയിലെ ജീവനക്കാര്‍ അണിനിരന്നത്. യേശുവിന്റെ ജനനം ഓര്‍മപ്പെടുത്തുന്ന പ്ലോട്ട്, ബാന്റ്‌മേളം എന്നിവയോടൊപ്പം ഓരേരീതിയിലുള്ള വേഷം ധരിച്ചാണ് ജീവനക്കാര്‍ കരോള്‍ഗാനം ആലപിച്ചത്.കട്ടപ്പന, തങ്കമണി, ബഥേല്‍ എന്നീ ആശുപത്രികളും സഹകരണ നഴ്‌സിങ് സ്‌കൂള്‍, നീതി സ്റ്റോര്‍ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ സംയുക്തമായാണ് ജനകീയ കരോളില്‍ പങ്കെടുത്തത്. റാലിക്കുശേഷം ആശുപത്രി അങ്കണത്തില്‍ ‘ക്രിസ്‌പെല്ലോ 2021’ എന്ന പേരിലുള്ള ക്രിസ്മസ് ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനംചെയ്തു. സഹകരണ ആശുപത്രി പ്രസിഡന്റ് കെ ആര്‍ സോദരന്‍ അധ്യക്ഷനായി. ഡയറക്ടര്‍ കെ പി സുമോദ് സ്വാഗതം പറഞ്ഞു. കരോള്‍ഗാന മത്സരത്തില്‍ കട്ടപ്പന സെന്റ് ജോര്‍ജ് സിഎസ്ഐ പള്ളി ഒന്നാംസ്ഥാനവും മുളകരമേട് മാര്‍ത്തോമ്മ പള്ളി രണ്ടാംസ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാര്‍ക്ക് 10,001 രൂപയും രണ്ടാംസ്ഥാനക്കാര്‍ക്ക് 7001 രൂപയുമായിരുന്നു സമ്മാനം. മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോസന്‍ വര്‍ഗീസ് സമ്മാനങ്ങള്‍ വിതരണംചെയ്തു. ആശുപത്രി ജീവനക്കാരുടെ കരോള്‍ഗാന മത്സരവും സിനിമാറ്റിക് ഡാന്‍സ് മത്സരവും ആഘോഷരാവിന് കൊഴുപ്പേകി. തുടര്‍ന്ന് കലാസാഗര്‍ ഇടുക്കിയുടെ ഗാനമേളയും നടന്നു. യോഗത്തില്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സജി തടത്തില്‍, സെക്രട്ടറി ആല്‍ബിന്‍ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here