Kerala Pranamam

ആശുപത്രികളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ കാലോചിത പരിഷ്‌കാരം നടപ്പാക്കും: ആരോഗ്യമന്ത്രി

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രികളിലെ സുരക്ഷാ ക്രമീകരണത്തില്‍ കാലോചിതമായ പരിഷ്‌കാരം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അവര്‍. ആശുപത്രികളിലെ സുരക്ഷാ ക്രമീകരണം സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജുകളില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനാണ് ഓഡിറ്റ് നടത്തുന്നത്. ആശുപത്രി ജീവനക്കാര്‍ കൃത്യമായും ഐഡി കാര്‍ഡ് ധരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ മേജര്‍ ആശുപത്രികളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇനി സെക്യൂരിറ്റി ഒഴിവുകളിലേക്ക് വിമുക്തഭടന്‍മാരെ മാത്രമേ പരിഗണിക്കുകയുള്ളെന്നും മന്ത്രി പറഞ്ഞു.