Kerala Pranamam

ആഷിഖുല്‍ ഇസ്‌ലാമിന്റെ മൃതദേഹം ജന്മനാട്ടില്‍ ഖബറടക്കി

ഇരിക്കൂര്‍: സുഹൃത്തുക്കള്‍ കൊന്ന് കുഴിച്ചുമൂടിയ ആഷിഖുല്‍ ഇസ്‌ലാമിന്റെ മൃതദേഹം സ്വദേശമായ മുര്‍ഷിദാബാദിലെത്തിച്ച് ഖബറടക്കി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആഷിഖുല്‍ ഇസ്‌ലാമിന്റെ കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇരിക്കൂറില്‍ ഖബറടക്കുന്നതിനെക്കുറിച്ച് സ്ഥലത്തുണ്ടായിരുന്ന സഹോദരന്മാരായ മൊമീനുല്‍ ഇസ്‌ലാമിനോടും റഫീഖുല്‍ ഇസ്‌ലാമിനോടും പൊലീസും അധികൃതരും അഭിപ്രായം തേടിയിരുന്നു. എന്നാല്‍, വെറും അസ്ഥികൂടം മാത്രമാണെങ്കിലും അത് സ്വന്തംഗ്രാമത്തിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു ഇരുവരും മറുപടി പറഞ്ഞത്.അവിടെ ഉപ്പയും ഉമ്മയും സഹോദരന്റെ ഭാര്യയും മക്കളും രണ്ട് മാസമായി പ്രയാസപ്പെട്ട് കഴിയുകയാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 3000 കിലോമീറ്റര്‍ അകലെയുള്ള സ്വദേശത്തേക്ക് മൃതദേഹം കൊണ്ടുപോകാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചത്. ഇവര്‍ക്ക് മുന്നില്‍ ഇരിക്കൂറിന്റെ കാരുണ്യ മനസ്സ് കൈകോര്‍ത്തത് വളരെ പെട്ടെന്നായിരുന്നു.ഉദാരമതികളും സന്നദ്ധ സംഘടനകളും അന്തര്‍ സംസ്ഥാന തൊഴിലാളികളും ആവുന്നതുപോലെ സഹകരിച്ചപ്പോള്‍ മൃതദേഹം മുര്‍ഷിദാബാദില്‍ എത്താനാവശ്യമായ ഒരുലക്ഷം രൂപ സമാഹരിക്കാനായി.വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടപടികളും പൊലീസ് നടപടികളും പൂര്‍ത്തിയാക്കി രാത്രി എട്ടോടെ ഗ്യാഫ് നിലാമുറ്റത്തിന്റെ ആംബുലന്‍സില്‍ ആഷിഖുല്‍ ഇസ്‌ലാമിന്റെ മൃതദേഹവുമായി രണ്ട് സഹോദരങ്ങളും യാത്രയായി. ഡ്രൈവര്‍ വി. ഫൈസലിന് കൂട്ടായി സുഹൃത്തായ കിണാക്കൂല്‍ ഷംസുദ്ദീനുമുണ്ടായിരുന്നു.2856 കിലോമീറ്റര്‍ താണ്ടി ഞായറാഴ്ച രാത്രി 8.30ഓടെ മുര്‍ഷിദാബാദ് ജില്ലയില്‍ കപില്‍പുര്‍ വില്ലേജിലെ മുത്തുരപുര്‍ ജുമാമസ്ജിദില്‍ എത്തുമ്പോഴേക്കും ഗ്രാമം മുഴുവന്‍ മസ്ജിദ് പരിസരത്തെത്തിയിരുന്നു. കപില്‍പുര്‍ അതിര്‍ത്തി മുതല്‍ പൊലീസ് അകമ്പടിയോടെയാണ് ആംബുലന്‍സിന് വഴിയൊരുക്കിയത്. രാത്രി 11ഓടെ മുത്തുരപുര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.രണ്ടാം പ്രതിക്കായി അന്വേഷണം ഊര്‍ജിതം . ഇരിക്കൂറിനെ നടുക്കിയ ആഷിഖുല്‍ ഇസ്‌ലാം കൊലപാതക കേസിന്റെ തുടരന്വേഷണം ഇരിട്ടി സി.ഐ കെ.ജെ. ബിനോയ്, ഇരിട്ടി എസ്.ഐ ബേബി, പൊലീസ് ഉദ്യോഗസ്ഥരായ ശിഹാബുദ്ദീന്‍, നിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കും.കണ്ണൂര്‍ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാംപ്രതി പരേഷ് നാഥ് മണ്ഡലിനെ സെപ്റ്റംബര്‍ 16ന്, പ്രതികള്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. കൊലപാതകത്തിന്റെ പ്രധാനകാരണം സാമ്ബത്തിക ഇടപാടാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.പരേഷ് നാഥ് മണ്ഡലിനെ മുംബൈയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടി കണ്ണൂരില്‍ എത്തിച്ചത്. രണ്ടാം പ്രതി ഗണേഷ് മണ്ഡലിനെ കണ്ടെത്താനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി. കഴിഞ്ഞദിവസം ഗണേഷ് മണ്ഡല്‍ മുര്‍ഷിദാബാദിലെ വീട്ടിലേക്ക് ഗൂഗ്ള്‍ പേ വഴി പണമയച്ചത് പിന്തുടര്‍ന്ന് കണ്ടെത്താനാണ് ശ്രമം.