
പാലക്കാട് : സര്‍, മാഡം എന്നീ വിളികള്‍ അക്ഷരാര്‍ത്ഥത്തില്‍ നിരോധിച്ച് ഒരു പഞ്ചായത്ത്. കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള മാത്തൂര്‍ പഞ്ചായത്താണ് മറ്റ് ഓഫീസുകള്‍ക്കെല്ലാം മാതൃകയായി പുതിയ മാറ്റം കൊണ്ടു വന്നിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് തുടങ്ങിയ തുരമ്ബിച്ച കീഴ്വഴക്കങ്ങളാണ് ഇതുവഴി മാറ്റാന്‍ പഞ്ചായത്ത് അധികാരികള്‍ ലക്ഷ്യം വയ്ക്കുന്നത്.
മാത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെയും ഭരണസമിതി അംഗങ്ങളേയും സാര്‍ അല്ലെങ്കില്‍ മാഡം എന്ന് വിളിക്കേണ്ട ആവശ്യമില്ലെന്ന തീരുമാനം എടുക്കുവാനുള്ള ആശയം വൈസ് പ്രസിഡന്റ് പി ആര്‍ പ്രസാദിന്റെ തലയിലാണ് ഉദിച്ചത്. മറ്റ് അംഗങ്ങളുമായി ഇത് പങ്കുവച്ചപ്പോള്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ ഏവരും ഒറ്റക്കെട്ടായി യെസ് പറഞ്ഞു. പിന്നെ വൈകിച്ചില്ല പഞ്ചായത്ത് ഐകകണ്ഠ്യേന പ്രമേയം പാസാക്കുകയായിരുന്നു. ഇത് സംബന്ധിച്ച നോട്ടീസ് ഓഫീസില്‍ പതിക്കുകയും ചെയ്തു. പഞ്ചായത്തില്‍ കോണ്‍ഗ്രസ് , സി പി എം, ബി ജെ പി എന്നീ പ്രധാന മൂന്ന് പാര്‍ട്ടികള്‍ക്കും അംഗങ്ങളുണ്ട്.
ഇനി മുതല്‍ എല്ലാ ജീവനക്കാരുടേയും പേരുകളും സ്ഥാനങ്ങളും അവരുടെ സീറ്റിന് മുന്നില്‍ പ്രദര്‍ശിപ്പിക്കും. വിധേയത്വം തോന്നുന്ന വാക്കുകള്‍ അപേക്ഷകളില്‍ നിന്നും മാറ്റണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.








