Kerala Pranamam

ഇന്ധന വില ജി.എസ്.ടിയിലാക്കുന്നതിനെ കേരളം എതിര്‍ക്കും

ഇന്ധനവില സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുയരുന്ന സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പ്പനങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികളടങ്ങിയ ജി.എസ്.ടി കൗണ്‍സിലില്‍ നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ജി.എസ്.ടി സംവിധാനത്തില്‍ മാറ്റംവരുത്താനാകൂ. അതുകൊണ്ടുതന്നെ, പെട്രോളിയം ഉല്‍പ്പനങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം എത്രത്തോളം വിജയംകാണുമെന്നത് സംശയകരമാണ്.

ഇന്ധനവില ജി.എസ്.ടിക്ക് കീഴിലാക്കുന്നതിനെ കേരളം എതിര്‍ക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിക്കഴിഞ്ഞു. പെട്രോളിനും ഡീസലിനും വില കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന് ആത്മാര്‍ഥമായ ആഗ്രഹമുണ്ടെങ്കില്‍ കേന്ദ്ര സെസ് കുറക്കുകയാണ് വേണ്ടതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങളുടെ വരുമാനം കവരാന്‍ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ എതിര്‍ക്കും.ജി.എസ്.ടി ഏര്‍പ്പെടുത്താവുന്ന ഉല്‍പന്നമല്ല പെട്രോളിയം. പെട്രോളിയവും ആള്‍ക്കഹോളും മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താവുന്ന സാധനങ്ങള്‍. ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് മാത്രം പെട്രോള്‍ വില കുറയുമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. കേന്ദ്രം സെസ് പിരിക്കുന്നത് നിര്‍ത്തിയാല്‍ മാത്രമേ ഇന്ധന വില കുറയൂ. സെസ് നിര്‍ത്താതെ ഇന്ധന വില ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് മാത്രം ജനത്തിന് ഗുണം ചെയ്യില്ലെന്നും മന്ത്രി പറയുന്നു.ഇന്ധന വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേരളത്തിന്റെ വരുമാനം പകുതിയായി കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടി രൂപയില്‍ നിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടി വരും.ഇന്ധന വില ജി.എസ്.ടിയില്‍ ഉള്‍പ്പെട്ടാല്‍ പെട്രോളിന്റെ അടിസ്ഥാന വിലയായ 39 രൂപയുടെ 28 ശതമാനം ആകും പരമാവധി നികുതി. അങ്ങനെ വരുമ്‌ബോള്‍ 28 ശതമാനം നികുതിയായ 10.92 രൂപയുടെ പകുതി 5.46 രൂപ മാത്രമാകും കേരളത്തിന് ലഭിക്കുക. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് നികുതിയായി ലഭിക്കുന്നത് 24 രൂപയാണ്. കേന്ദ്രത്തിന്റെത് കണ്ണില്‍ പൊടിയിടാനുള്ള നീക്കമോ പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് കേന്ദ്ര സര്‍ക്കാറിനും താല്‍പര്യമില്ല. എന്നാല്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടും സംസ്ഥാനങ്ങള്‍ അംഗീകരിച്ചില്ലെന്ന ന്യായീകരണം ഉന്നയിക്കാനാണ് കേന്ദ്രനീക്കം. വരാനിരിക്കുന്ന ഗുജറാത്ത്, യു.പി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇന്ധനവില പ്രതിപക്ഷം പ്രധാന ആയുധമാക്കുമെന്നിരിക്കെ അതിന് തടയിടാന്‍ കൂടിയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.