Home Kerala ഇന്ന് നിശബ്ദപ്രചാരണം; കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; കനത്ത സുരക്ഷാസജ്ജീകരണങ്ങള്‍

ഇന്ന് നിശബ്ദപ്രചാരണം; കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; കനത്ത സുരക്ഷാസജ്ജീകരണങ്ങള്‍

1
0

കൊച്ചി: ഒരുമാസം നീണ്ടുനിന്ന ശബ്ദപ്രചാരണങ്ങള്‍ക്ക് തിരശീലവീണതോടെ സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസം. സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്. പോളിംഗ് സാധനങ്ങളുടെ വിതരണവും ഇന്ന് നടക്കും. വോട്ടെടുപ്പിന് കേന്ദ്രസേനയും പൊലീസും കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്.

2 കോടി 61 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുളളത്. 24,970 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 831 പ്രശ്നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്നസാധ്യതാ ബൂത്തുകളുമുണ്ട്. 219 ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനമുണ്ടാകും.

58,138 പൊലീസുകാര്‍ക്കാണ് സുരക്ഷാചുമതല. സിഐഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ് ജവാന്‍മാരുടെ 55 കമ്പനി സേനയുമാണ് സുരക്ഷ ചുമതല നിര്‍വ്വഹിക്കുക. തമിഴ്‌നാട്ടില്‍ നിന്നും 2000 പൊലീസുകാരെയും കര്‍ണ്ണാടകയില്‍ നിന്നും 1000 പൊലീസുകാരെയും സുരക്ഷക്കായി വിന്യസിക്കും.

പോളിംഗ് ജോലികള്‍ക്ക് 1,01,140 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 35,193 വിവിപാറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണ് പോളിംഗിനായി എത്തിച്ചിരിക്കുന്നത്. 149 കേന്ദ്രങ്ങളില്‍ നിന്ന് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യും. സംസ്ഥാനത്ത് 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും 257 സ്ട്രോംഗ് റൂമുകളും സജ്ജമാക്കും.

സംസ്ഥാനം തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും പഴുതടച്ചുള്ള സുരക്ഷാ നടപടികള്‍ പോലീസ് സേന സ്വീകരിച്ചതായും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. സുരക്ഷാചുമതലയ്ക്കായി 58,138 പോലീസ് ഉദ്യോഗസ്ഥരെയും 11,781 സ്പെഷല്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

പ്രശ്ന സാധ്യതയുള്ള 272 സ്ഥലങ്ങളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളാ പോലീസില്‍ നിന്ന് മാത്രം 58,138 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 3,500 പേര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. 240 ഡിവൈഎസ്പിമാര്‍, 677 ഇന്‍സ്പെക്ടര്‍മാര്‍, 3,273 എസ് ഐ /എ എസ് ഐമാര്‍ എന്നിവരും അടങ്ങിയതാണ് കേരളാ പോലീസിന്റെ സംഘം. കൂടാതെ സി ഐ എസ് എഫ്, സി ആര്‍ പി എഫ്, ബി എസ് എഫ് എന്നിവയില്‍ നിന്ന് 55 കമ്പനി ജവാന്‍മാരും തമിഴ്നാട്ടില്‍ നിന്ന് 2,000 പോലീസ് ഉദ്യോഗസ്ഥരും കര്‍ണ്ണാടകത്തില്‍ നിന്ന് 1,000 പോലീസ് ഉദ്യോഗസ്ഥരും കേരളത്തിലെത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് കേരളാ പോലീസ് ആക്റ്റിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്ത് 11,781 പേരെ സ്പെഷല്‍ പോലീസ് ഓഫീസര്‍മാരായി നിയോഗിച്ചു. വിരമിച്ച സൈനികര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയും എന്‍ സി സി, നാഷണല്‍ സര്‍വ്വീസ് സ്‌ക്കീം, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവയില്‍ പ്രവര്‍ത്തിച്ച് പരിചയം ഉള്ളവരെയുമാണ് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയോഗിച്ചത്. ഇവര്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ നേരിടുന്നതിന് സംസ്ഥാനത്ത് 1,527 ഗ്രൂപ്പ് പട്രോളിങ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

ഒരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുവീതം 957 പട്രോള്‍ സംഘങ്ങള്‍ വേറെയുമുണ്ടാകും. ഈ സംഘങ്ങള്‍ ഞായറാഴ്ച െവെകിട്ടുതന്നെ പ്രവര്‍ത്തനക്ഷമമായി. അനധികൃതമായി പണം കൊണ്ടുപോകുന്നതും വിതരണം ചെയ്യുന്നതും തടയുന്നതിനായി 402 ഫ്‌ളൈയിങ് സ്‌ക്വാഡുകളും 412 സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളും രംഗത്തുണ്ട്.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ സഹായത്തോടെ കണ്ടെത്തിയ പ്രശ്നസാധ്യതയുള്ള 272 സ്ഥലങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള 162 സ്ഥലങ്ങളിലും 245 ബൂത്തുകളിലും കേന്ദ്ര സായുധ പോലീസ് സംഘത്തെ വിന്യസിച്ചു. പ്രശ്നസാധ്യതയുള്ള 3,567 ബൂത്തുകളിലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള 68 ബൂത്തുകളിലും അധികസുരക്ഷ ഏര്‍പ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here