Kerala Pranamam

ഇരട്ടന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ ; അഞ്ചു ദിവസത്തേക്ക് കൂടി ഇതേ കാലാവസ്ഥ തുടരും

തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം സംസ്ഥാനവ്യാപകമായി കനത്ത മഴ. ഇന്ന് അവസാനിക്കേണ്ട കാലവര്‍ഷമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഇരട്ടന്യൂനമര്‍ദത്തെത്തുടര്‍ന്ന് വീണ്ടും ശക്തമായത്.അഞ്ചു ദിവസം കൂടി മഴ തുടര്‍ന്നേക്കുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഇന്ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ പലയിടത്തും തുടരുകയാണ്. ഇന്നലെ തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമായിരുന്നു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിനു സമീപം ന്യുനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇതു ശക്തിപ്രാപിച്ചു പടിഞ്ഞാറു – വടക്കു പടിഞ്ഞാറുദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായും ന്യൂനമര്‍ദം രൂപം കൊണ്ടിട്ടുണ്ട്. ഇത് വരുന്ന 36 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് കരുത്താര്‍ജിച്ച് ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങിയേക്കും. ഇവയുടെ സ്വാധീനത്തില്‍ അടുത്ത അഞ്ചുദിവസം കേരളത്തിലും കനത്ത മഴയ്ക്കു സാധ്യതയുണ്ട്. മഴ ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും മുഴുവന്‍സമയ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്ത നിവാരണ സേന ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, െമെനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു. പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍കൂടി ഉയര്‍ത്തി. ഇതോടെ ആകെ 60 സെന്റീമീറ്ററാണ് ഡാം ഷട്ടറുകള്‍ തുറന്നിരിക്കുന്നത്.