ചലച്ചിത്രങ്ങളിലെ സൂപ്പർസ്റ്റാറുകളുടേയും ലേഡീ സൂപ്പർ സ്റ്റാറുകളുടേയുമൊക്കെ താരാധിപത്യത്തനും ജാടകൾക്കും തിരശ്ശീല വീഴുന്നു. ടോക്യോവിൽ എറീക്കയെന്ന ആർട്ടിഫിഷൽ ഇന്റലിജന്റ് റോബോട്ടിനെ നായികയാക്കി സിനിമാ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങളായി. 70 ദശലക്ഷം ഡോളർ ബഡ്ജറ്റിലൊരുക്കുന്ന ‘ബി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം മദ്ധ്യത്തോടെ യൂറോപ്പിൽ ആരംഭിക്കുമെന്ന് നിർമ്മാതാവ് സാം ഖോസെ അറിയിച്ചു.


ജപ്പാനീസ് സുന്ദരിമാരെയെല്ലാം പിന്നിലാക്കുന്ന ലാവണ്യവതിയാണ് എറീക്കയെന്ന റോബോട്ട്. നേരത്തെ ടെലിവിഷൻ വാർത്താ അവതാരകയായി തകർപ്പൻ പ്രകടനം കാഴ്ചവച്ച എറീക്ക ഇനി സിനിമയിലും ചരിത്രം സൃഷ്ടിക്കാൻ കാത്തിരിക്കുകയാണ്.
ഒരു ആർട്ടിഫിഷൽ ഇന്റലിജന്റ് റോബോട്ട് ആയിത്തിന്നെയാണ് എറീക്ക ‘ ബി ‘ എന്ന ഈ സയൻസ് ഫിക്ഷൻ ചിത്രത്തിൽ വേഷമിടുന്നത്. പരീക്ഷണശാലയിൽ കൃത്രിമമായി മനുഷ്യ ഡി.എൻ.എ സൃഷ്ടിക്കുന്ന ഒരു ശാസ്ത്രജ്ഞന്റെ കഥയാണ് ബി.
ജപ്പാനിലെ ഒസാക്കാ യുണിവേഴ്‌സിറ്റിയുടെ ഭാഗമായ ഇന്റലിജന്റ് റോബോട്ടിക്‌സ് ലബോറട്ടറിയുടെ ഡയറക്ടറായ ഹിരോഷി ഇഷിഗുരോയുടെ സൃഷ്ടിയാണ് എറീക്ക.
ടെലിവിഷൻ വാർത്താ അവതരണത്തിന് വേണ്ടിയാണ് എറീക്കയെ നിർമ്മിച്ചതെങ്കിലും പിന്നീട് നിരന്തരമായ പരിശ്രമത്തിലൂടെ മനുഷ്യസമാനമായ ചലനങ്ങളും ഭാവങ്ങളുമൊക്കെ എറീക്കയിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു.
എറീക്കയെ സൃഷ്ടിക്കും മുമ്പ് ഹിരോഷി ഇഷിഗുരോ തന്റെ സ്വന്തം രൂപഭാവങ്ങളുള്ള ഒരു റോബോട്ടിനെയുണ്ടാക്കിയിരുന്നു. ഇരട്ടസഹോദരന്മാരെപ്പോലെയാണ് ലബോറട്ടറിയിൽ ഇവരുടെ പ്രവർത്തനങ്ങൾ.
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സിനിമാ ഷൂട്ടിംഗിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ‘കോവിഡ് വൈറസിനെ പ്രതിരോധിക്കുന്ന നായിക’യെയാണ് ഈ ചിത്രത്തിൽ കാസ്റ്റ് ചെയ്തിരിക്കുന്നതെന്ന മുഖവുരയോടെയാണ് ഈ സിനിമയെക്കുറിച്ചം എറീക്കയുടെ അരങ്ങേറ്റത്തെക്കുറിച്ചും ഒരു ഹോളിവുഡ് ലേഖകൻ റിപ്പോർട്ട് ചെയ്തത്.
എറീക്കയുടെ നായകനെയും ചിത്രത്തിന്റെ സംവിധായകനേയും ഇതുവരെ തീരുമാനിച്ചിട്ടില്ല. നായകൻ ഏതായാലും റോബോട്ടാവില്ല.
ഏത് ചലച്ചിത്ര താരത്തേയും വെല്ലുന്ന സൗന്ദര്യവതിയാണ് ഏറീക്കയെങ്കിലും അഭിനയം എങ്ങനെയുണ്ടാവുമെന്നറിയാനാണ് ചലച്ചിത്ര ലോകം കാത്തിരിക്കുന്നത്. പക്ഷേ, നവരസങ്ങളുടെ മാത്രമല്ല, അതിലപ്പുറമുള്ള ഇലക്ടോണിക് ചിപ്പുകൾ എറീക്കയുടെ മസ്തിഷ്‌കത്തിൽ ഘടിപ്പിച്ച റോബോട്ടിസിസ്റ്റ് ഹിരോഷി ഇഷിഗുരോവിന് പൂർണമായ ആത്മവിശ്വാസമുണ്ട്, ഏത് ലേഡീ സൂപ്പർസ്റ്റാറിനേക്കാളുമപ്പുറം തന്റെ റോബോട്ട് സുന്ദരി അഭിനയിച്ചുതകർക്കുമെന്ന്…






