Home Alappuzha എസ്.എസ്.എല്‍.സി, പ്ലസ്്ടു പരീക്ഷ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

എസ്.എസ്.എല്‍.സി, പ്ലസ്്ടു പരീക്ഷ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

6
0

ആലപ്പുുഴ: മാറ്റിവെച്ച എസ്.എസ്.എല്‍.സി., ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ 26ന് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഒരുക്കങ്ങള്‍ ജില്ലയില്‍ അവസാന ഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ധന്യ ആര്‍. കുമാര്‍ അറിയിച്ചു. ആകെ 128 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികളുടേയും വീടുകളില്‍ ബി.ആര്‍.സി. വഴി മാസ്‌കുകള്‍ എത്തിക്കും. പരീക്ഷക്ക് മുന്നോടിയായി പരീക്ഷാ കേന്ദ്രത്തിലെ ക്ലാസ് മുറികളും വരാന്ത ഉള്‍പ്പടെയുള്ള ചുറ്റുപാടുകളും അണുവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നു. സ്‌കൂള്‍ പരിസരവും ശുചിമുറികളും വൃത്തിയാക്കാനും അണുവിമുക്തമാക്കാനുമുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫയര്‍ ഫോഴ്സിന്റെ സഹായം ഇതിന് ലഭിക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. വാളണ്ടിയേഴ്‌സ് , സന്നദ്ധ സംഘടനകള്‍ തുടങ്ങി വിവിധ സംഘടനകളുടെ സഹായം വിദ്യാഭ്യാസ വകുപ്പിന് ലഭിക്കുന്നുണ്ട്. സാമൂഹിക അകലം പാലിച്ചു മാത്രമേ വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ. എല്ലാ പരീക്ഷാ കേന്ദ്രത്തിന് വെളിയിലും സാനിറ്റൈസറുകള്‍ സജ്ജമാക്കും. സര്‍ക്കാറിന്റെ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നെന്ന് ഉറപ്പ് വരുത്താന്‍ അതത് സ്‌കൂള്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കര്‍ശന ആരോഗ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പരീക്ഷ നടത്തിപ്പ്. സ്‌കൂളുകള്‍ രണ്ടു മാസമായി അടഞ്ഞുകിടന്നതിനാല്‍ ഫര്‍ണിച്ചര്‍, മുറിയുടെ പ്രവേശന കവാടം എന്നിവ പ്രത്യേകം ശ്രദ്ധയോടെ ശുചിയാക്കുന്നുണ്ട്.
പരീക്ഷ ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും പരീക്ഷ ഹാളിലെ ഫര്‍ണിച്ചര്‍ അണുവിമുക്തമാക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയത്തിന്റെ പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പരീക്ഷ ദിവസങ്ങളില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ വിദ്യാര്‍ഥികള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുുവരുത്തും. ഒരു മുറിയില്‍ ഇരിക്കാവുന്ന പരമാവധി വിദ്യാര്‍ത്ഥികളുടെ എണ്ണം 20 ആയിരിക്കും. വിദ്യാര്‍ത്ഥികള്‍ ശരിയായ രീതിയില്‍ മാസ്‌ക് ഉപയോഗിക്കുന്നുണ്ടെന്ന് പരീക്ഷ ചീഫ് സൂപ്രണ്ടുമാര്‍ ഉറപ്പുവരുത്തും.
മറ്റു ജില്ലകളില്‍ നിന്നും പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റി അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് ജില്ലയില്‍ പരീക്ഷ എഴുതുവാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്കെത്താന്‍ ആവശ്യമായ ഗതാഗത സൗകര്യം ക്ലാസ് ടീച്ചര്‍മാരുടെ സഹായത്തോടെ പ്രഥമാധ്യാപകര്‍ ഉറപ്പാക്കും. സ്‌കൂള്‍, ബസ്സുകള്‍, പി. റ്റി. എ യുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യങ്ങളും ഇതിനായി ഉപയോഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here