Home Uncategorized ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന നിര്‍ദേശം തികച്ചും ഏകാധിപത്യപരം; എം ടി വാസുദേവന്‍ നായര്‍

‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന നിര്‍ദേശം തികച്ചും ഏകാധിപത്യപരം; എം ടി വാസുദേവന്‍ നായര്‍

2
0

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന നിര്‍ദേശം തികച്ചും ഏകാധിപത്യപരമെന്ന് എം ടി വാസുദേവന്‍ നായര്‍. ഈ നിര്‍ദേശത്തോട് ഒരിക്കലും യോജിക്കാനാവില്ലെന്നും എംടി കുറിച്ചു.

‘ഹിന്ദിയടക്കം ഒട്ടേറെ ഭാഷകള്‍ നമ്മുടെ രാജ്യത്തുണ്ട്. എല്ലാ ഭാഷകളും നിലനില്‍ക്കണം. ഒരു ഭാഷ മാത്രം മതി, ഒരു ദേശം മാത്രം മതി, ഒരു ഭാഗം മാത്രം മതി എന്നൊക്കെയുള്ള വാദങ്ങള്‍ എതിര്‍ക്കപ്പെടണമെന്ന് എംടി എഴുതി. ഹിന്ദി വളരെ വലിയ ഭാഷയാണ്. എന്നാല്‍, ഇന്ത്യയില്‍ ഹിന്ദിക്കു പുറമേ ഒട്ടേറെ പ്രാദേശിക ഭാഷകള്‍ സജീവമായുണ്ട്. ഓരോ ഭാഷയിലും മികച്ച എഴുത്തുകാരുണ്ട്. പ്രേംചന്ദിനെപ്പോലുള്ളവര്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ജീവിതവും സംസ്‌കാരവുമാണ് തന്റെ കൃതികളില്‍ പകര്‍ത്തിയത്.
കേരളത്തിലെ ഗ്രാമീണത, പരിസ്ഥിതി, ആചാരം, സാമൂഹിക ഘടന എന്നിവയാണ് നമ്മുടെ എഴുത്തില്‍ കടന്നു വരിക. ഓരോ സംസ്ഥാനത്തും അവിടുത്തെ പ്രാദേശിക ഭാഷയാണു ഭരണഭാഷ. കേരളത്തിലതു മലയാളമാണ്. അതുകൊണ്ടാണു മലയാളത്തില്‍ ചോദ്യങ്ങളൊരുക്കാന്‍ പിഎസ്സിക്കു ബാധ്യതയുണ്ടെന്നു പറയുന്നതെന്നും എംടി ഓര്‍മിപ്പിച്ചു.

തമിഴിലും തെലുങ്കിലും മലയാളത്തിലുമടക്കം ഇന്നു ഭാഷാടിസ്ഥാനത്തില്‍ സര്‍വകലാശാലകളുണ്ട്. ഈ സാഹചര്യത്തില്‍, പ്രാദേശിക ഭാഷയും സംസ്‌കാരവും ഇത്രത്തോളം വികസിതമായ ഇന്ത്യപോലൊരു രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ ‘ഹിന്ദി’ കൊണ്ടേ കഴിയൂ എന്ന വാദത്തിന്റെ നിരര്‍ഥകത നാം തിരിച്ചറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് എംടിയുടെ കുറിപ്പ് അവസാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here