Home Special Story കക്ഷിബാഹുല്യം കൊണ്ട് ബഹളമയം തമിഴകം

കക്ഷിബാഹുല്യം കൊണ്ട് ബഹളമയം തമിഴകം

1
0

തമിഴകത്ത് ഇപ്പോള്‍ ഭരണം നടത്തുന്ന അണ്ണാ ഡി.എം.കെ മുന്നണിയും പ്രതിപക്ഷത്തുള്ള ഡി.എം.കെ മുന്നണിയും തമ്മില്‍ തീപാറുന്ന പോരാട്ടമാണു അവിടെ നടക്കുന്നത്. ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസും ഇരുമുന്നണികളിലെ ജൂനിയര്‍ പാര്‍ട്ണര്‍മാരായി രംഗത്തുണ്ട്. പ്രാദേശിക കക്ഷികള്‍ പലതും ഇരുമുന്നണികളിലും ചേക്കേറിയിട്ടുണ്ട്. ടി. ടി. വി. ദിനകരന്റെ അമ്മമക്കള്‍ മുന്നേറ്റ കഴകം ഒറ്റയ്ക്കു ജനവിധി തേടുന്നു.
കമല്‍ ഹാസന്‍ മത്സരിക്കുമോ? രജനീകാന്തിന്റെ നിലപാടെന്ത്? സ്റ്റാലിന്റെ ജ്യേഷ്ഠന്‍ അഴഗിരി ബി.ജെ.പിയുടെ കൊടിക്കീഴിലാകുമോ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടാന്‍ ഏതാനും ദിവസങ്ങള്‍ കൂടി വേണ്ടി വന്നേക്കാം.
മുന്നോക്ക സംവരണം, സ്‌റ്റെര്‍ലൈറ്റ് സമരം, സംസ്ഥാന ഭരണ വിരുദ്ധ വികാരം, ജയലളിതയുടെയും കരുണാനിധിയുടെയും അസാന്നിധ്യം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ തമിഴകത്തെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടും.
അണ്ണാ ഡി.എം.കെ. സഖ്യത്തില്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡി.എം.ഡി.കെ ചേര്‍ന്നതോടെ പോര് കൂടുതല്‍ ശക്തിപ്പെട്ടു. ചര്‍ച്ചകളില്‍ അവസാന നിമിഷംവരെ അഞ്ച് സീറ്റും ഒരു രാജ്യസഭാ സീറ്റും ആവശ്യപ്പെട്ടിരുന്ന വിജയകാന്ത് നാലു സീറ്റിന് കീഴടങ്ങി മുന്നണിയില്‍ ഭാഗഭാക്കായി. ഡി.എം.കെയുമായും, അണ്ണാ ഡി.എം.കെയുമായും വിജയകാന്ത് ചര്‍ച്ചകള്‍ നടത്തിയിരുന്നു. കമലഹാസനുമായി ചേര്‍ന്നു മുന്നാം മുന്നണി ഉണ്ടാക്കാനും വിജയകാന്ത് ശ്രമിച്ചിരുന്നു.
ഡി.എം.ഡി.കെയെ കൂടി ഒപ്പംകൂട്ടിയതോടെ അണ്ണാ ഡി.എം.കെ ബി.ജെ.പി സഖ്യത്തിന് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പ്രചരണ രംഗത്ത് മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നു. തിരഞ്ഞെടുപ്പിന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് സ്റ്റാലിന്‍ തന്നെ. ഡി.എം.കെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയമാണ് ഡി.എം.കെ മുന്നണിയുടെ ശക്തികേന്ദ്രം. ജനങ്ങളുമായി അഭിമുഖം നടത്തിയാണ് ഡി.എം.കെ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയത്.
തമിഴ്‌നാട്ടില്‍ 39 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 19 സീറ്റുകളും ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുത്ത് സ്റ്റാലിന്‍ ഉദാരമനസ്‌കത കാട്ടിയപ്പോള്‍ അതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു ഫോര്‍മുലയാണ് സ്റ്റാലിന്‍ സഖ്യകക്ഷികളുമായി ഉണ്ടാക്കിയിട്ടുള്ളത്. കരുണാനിധിയെപ്പോലെ സഖ്യകക്ഷികളെ വിശാലമനസ്സോടെ പരിഗണിക്കുന്ന ഡി.എം.കെ കരുണാനിധിയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നുവെന്നാണ് ജനസംസാരം.
കോണ്‍ഗ്രസ് അല്ലാത്ത സഖ്യകക്ഷികള്‍ക്ക് വളരെക്കുറവ് സീറ്റുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്നാണ് സ്റ്റാലിന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ബി.ജെ.പി അണ്ണാ ഡി.എം.കെ.യുമായി സഖ്യത്തിലെത്തിയതോടെ സ്റ്റാലിന്‍ അടവുമാറ്റി. ബി.ജെ.പി സഖ്യം സ്റ്റാലിനെ സമ്മര്‍ദ്ദത്തിലാക്കി. എണ്ണത്തില്‍ കടുംപിടുത്തം പിടിക്കുന്നത് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമാകുമെന്ന വിലയിരുത്തലുണ്ടാവുകയും സ്റ്റാലിന്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ നടത്തുകയും ചെയ്തു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെയ്ക്ക് ഒപ്പം നിന്ന പുതിയ തമിഴകം പാര്‍ട്ടി അംഗം കൂടുവിട്ട് കൂടുമാറി അണ്ണാ ഡി.എം.കെയ്‌ക്കൊപ്പം പോയത് ഡി.എം.കെയ്ക്ക് ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്. തെക്കന്‍ തമിഴ്‌നാട്ടിലെ ചില ജില്ലകളില്‍ പുതിയ തമിഴകത്തിന് നിര്‍ണ്ണായക സ്വാധീനം ഉണ്ടെന്നാണ് കണക്കു കൂട്ടല്‍. അണ്ണാ ഡി.എം.കെയുടെ ഭാഗമാകുമെന്ന് കരുതിയിരുന്ന ഇന്ത്യന്‍ ജനനായകകക്ഷി ഡി.എം.കെ. സഖ്യത്തിലായി.
ലോക്‌സഭാ സീറ്റുകള്‍ പരമാവധി നേടുക എന്നതിനപ്പുറം സംസ്ഥാന ഭരണം നിലനിര്‍ത്തുകയെന്ന വെല്ലുവിളിയും അണ്ണാ ഡി.എം.കെയ്ക്കുണ്ട്. 21 നിയമസഭാ മണ്ഡലങ്ങളില്‍ 18 എണ്ണത്തില്‍ ഏപ്രില്‍ 18 നു ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ദിനകരന്‍ പക്ഷത്തേയ്ക്കു കൂറുമാറിയ എം.എല്‍.എമാരെ അയോഗ്യരാക്കിയ ഇടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.
ഇപ്പോള്‍ അണ്ണാ ഡി.എം.കെയ്ക്ക് നിയമസഭയില്‍ 115 സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ വേണം. 18 സീറ്റില്‍ മൂന്നെണ്ണം നേടിയാല്‍ അണ്ണാ ഡി.എം.കെയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പിക്കാം.
നാല് സീറ്റുകള്‍ മത്സരിക്കാന്‍ കിട്ടിയെങ്കിലും വിജയകാന്ത് തൃപ്തനല്ല. 2005ല്‍ രൂപീകരിച്ച ഡി.എം.ഡി.കെ തുടര്‍ന്നു വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ക്യാപ്റ്റന്‍ വിജയകാന്ത് മാത്രം വിജയിച്ചെങ്കിലും 10 ശതമാനം വോട്ട് കിട്ടിയിരുന്നു. 2014ല്‍ അണ്ണാ ഡി.എം.കെ. മുന്നണിയുമായി കൈകോര്‍ത്ത് 40 ഇടത്ത് മത്സരിച്ച് 29 സീറ്റുകള്‍ നേടി. കക്ഷി നിലയില്‍ ഡി.എം.കെയേക്കാള്‍ സീറ്റുണ്ടായിരുന്ന ഡി.എം.ഡി.കെ ജയലളിതയുമായി ചില അപസ്വരങ്ങള്‍ ഉണ്ടാവുകയും മുന്നണി വിടുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം, സി.പി.ഐ കക്ഷികളുമായി ചേര്‍ന്ന് മൂന്നാം മുന്നണി ഉണ്ടാക്കിയെങ്കിലും ഫലം വന്നപ്പോള്‍ സീറ്റൊന്നും കിട്ടിയില്ല. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഗുണം ഇല്ലെന്നു കണ്ടാണ് ഇത്തവണ ഏതെങ്കിലും സഖ്യത്തില്‍ ഒട്ടിനില്‍ക്കാന്‍ തീരുമാനിച്ചത്.
്അണ്ണാ ഡി.എം.കെ പിളര്‍ന്നുണ്ടായ ദിനകരന്‍ നേതൃത്വം നല്‍കുന്ന അമ്മാ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ ശക്തി തെളിയിക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ കഴിയുമെന്നാണ് പക്ഷം. എസ്.ഡി.പി.ഐ പോലുള്ളവരുമായി കൂട്ടുകൂടിയാണ് ദിനകരന്‍ മുന്നണിക്ക് രൂപം കൊടുത്തിട്ടുള്ളത്. ലോക്‌സഭയിലേക്കാളുപരി നിയമസഭാ ഉപതിരഞ്ഞെടുപ്പുകളാണ് ദിനകരന്റെ ലക്ഷ്യം. ദിനകരന്റെ രംഗപ്രവേശം അണ്ണാ ഡി.എം.കെയ്ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
കമല്‍ഹാസന്‍ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. മക്കള്‍ നീതിമയ്യമാണദ്ദേഹത്തിന്റെ കക്ഷി. എല്ലാ മണ്ഡലങ്ങളിലും കമല്‍ഹാസന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് നീക്കം.
രജനീകാന്ത് എല്ലാം കണ്ടിരിക്കുകയാണ്. അദ്ദേഹം ഇത്തവണ മത്സരിക്കുന്നില്ല. അടുത്ത നിയമസഭയാണ് രജനീകാന്തിന്റെ ലക്ഷ്യം.
അണ്ണാ ഡി.എം.കെ. 37, ബി.ജെ.പി ഒന്ന്, പി.എം.കെ ഒന്ന് എന്നതാണ് നിലവിലെ ലോക്‌സഭാ കക്ഷിനില. അണ്ണാ ഡി.എം.കെ സഖ്യത്തില്‍ അണ്ണാ പി.എം.കെ 21, ബി.ജെ.പി 5, ഡി.എം.കെ 4, പുതിയ തമിഴകം 1, പുതിയ നീതികക്ഷി 1 എന്നിങ്ങനെയാണ് മത്സരിക്കുന്നത്. ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യത്തില്‍ ഡി.എം.കെ 20, കോണ്‍ഗ്രസ് 9, സി.പി.എം 2, സി.പി.ഐ 2, ഡി.ഡി.കെ 2, എം.ഡി.എം.കെ -1, മുസ്ലീം ലീഗ് 1, ഇന്ത്യന്‍ ജനനായക കക്ഷി 1, കുങ്കുനാട് മക്കള്‍ കക്ഷി 1 ഇങ്ങനെയാണ് അങ്കത്തട്ടിലുള്ളത്.
തമിഴ്‌നാട്ടിലെ പടയൊരുക്കം ഇപ്പോള്‍ വ്യക്തമായ സൂചനകളൊന്നും നല്‍കുന്നില്ല. ദിനകരന്റെ മുന്നണി അണ്ണാ ഡി.എം.കെ വോട്ടുകള്‍ എത്രമാത്രം പിടിച്ചുമാറ്റുമോ അത്രയും ഡി.എം.കെ മുന്നണിക്ക് വിജയസാധ്യത നല്‍കുമെന്നാണ് സൂചന. ഇത്രയധികം കക്ഷികള്‍ മത്സരിക്കുന്ന മറ്റൊരു സംസ്ഥാനം വേറെയുണ്ടോ എന്നറിയില്ല.
എത്രയെത്ര രാഷ്ട്രീയ കക്ഷികളാണ് തമിഴ്‌നാട്ടില്‍. ജനസ്വാധീനം ഏറെയുള്ളവയും ഒരാളും തിരിഞ്ഞുനോക്കാത്തവയും ഉണ്ട്. ജനങ്ങള്‍ ആരെയും സൂകാതെ കോവിലുകളില്‍ കാവടിയാടാന്‍ പോകുന്നു. വോട്ടെടുപ്പ് ദിനം അടുക്കുമ്പോള്‍ മട്ടുമാറും. അതു ചരിത്രമാണ്. തമിഴ്‌നാട്ടിലെ മാറിയ രാഷ്ട്രീയ കാഴ്ചകളിലൂടെ…..

LEAVE A REPLY

Please enter your comment!
Please enter your name here