അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു കാലം. അതാണ് ലോകത്തെ കമ്മ്യൂണിസ്റ്റുകളുടെ ഒരിക്കലും മരിക്കാത്ത സ്വപ്‌നം. അങ്ങനെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് കേരളത്തിൽ ഇന്ന് ഭരണം നടത്തുന്നത്. ലോകത്തിലാദ്യമായി ബാലറ്റിലൂടെ അധികാരത്തിൽ വന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമ്പന്നമായ ഒരു ചരിത്രവും പാരമ്പര്യവുമാണുള്ളത്. പി കൃഷ്ണപിള്ളയും എകെജിയും ഇഎംഎസും അഴീക്കോടൻ രാഘവനും അടക്കമുള്ള ചരിത്ര പുരുഷൻമാരാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജന്മം നൽകിയത്.
ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അയ്യങ്കാളിയും ഉൾപ്പെടെയുള്ള മഹാൻമാർ നടത്തിയ സാമൂഹ്യ വിപ്ലവങ്ങളാണ് ഇന്ന് കാണുന്ന കേരളത്തിന്റെ സ്രഷ്ടാക്കൾ. അയിത്തത്തിലും അനാചാരത്തിലും അടിമത്തത്തിലും കഴിഞ്ഞിരുന്ന ഒരു ജനതയെ മോചിപ്പിക്കാനായി ആ മഹാരഥൻമാർ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഏറ്റെടുത്തത്. കോൺഗ്രസായാലും കമ്മ്യൂണിസ്റ്റുകളായാലും അവർക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണ് ഒരുക്കിയത് നാരായണഗുരുവും ചട്ടമ്പി സ്വാമികളും തുടങ്ങിയ മഹാൻമാരായിരുന്നു. അവിടെ നിന്നാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ കേരളത്തിൽ ശക്തമായ പാർട്ടി എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കിയത്.
ഇഎംഎസും സി അച്യുതമേനോനും പികെവിയും ഇകെ നായനാരും വിഎസ് അച്യുതാനന്ദനും അടക്കമുള്ള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ കേരളം ഭരിച്ചിരുന്നു. കഴിഞ്ഞ നാലുകൊല്ലമായി കേരളം ഭരിക്കുന്നത് ഏറ്റവും ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവ് പിണറായി വിജയനാണ്.
മുൻഗാമികളായ മുഖ്യമന്ത്രിമാരുടെ പാത പിന്തുടരാൻ, അവർ കേരളത്തിന് നൽകിയ സംഭാവനകൾ നിലനിർത്താൻ ഈ കമ്മ്യൂണിസ്റ്റ് ഭരണത്തിന് കഴിയണം. ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ പരാജയപ്പെടുമ്പോൾ തോറ്റുപോകുന്നത് പട്ടിണിപ്പാവങ്ങളായ ജനങ്ങളും സാധാരണക്കാരുമാണ്. വിറകുവെട്ടിയുടെയും വെള്ളംകോരിയുടെയും പാർട്ടിയാണ് ഏതുകാലത്തും കമ്മ്യൂണിസ്റ്റ് പാർട്ടികൾ. അത് സിപിഎമ്മായാലും സിപിഐയായാലും അങ്ങനെ തന്നെയാണ് പൊതുസമൂഹം ഈ പാർട്ടികളെ കാണുന്നത്.
കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് ഭരണങ്ങളിൽ നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് ജനങ്ങൾ ഇടതുപക്ഷ ഭരണത്തിൽ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് ഇടതുപക്ഷം ഭരിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ സംഭവങ്ങളിൽ പോലും ജനങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നത്. കരുണാകരൻ ഭരിച്ചിരുന്നപ്പോൾ അങ്ങനെ സംഭവിച്ചില്ലേ, ഉമ്മൻചാണ്ടി ഭരിക്കുമ്പോൾ ഇങ്ങനെയായിരുന്നോ എന്നെല്ലാം ചോദിക്കാനല്ല കമ്മ്യൂണിസ്റ്റുകാരെ ജനങ്ങൾ അധികാരത്തിലേറ്റുന്നത്.
അനീതിക്കും അസമത്വങ്ങൾക്കുമെതിരെ നിലപാടെടുക്കുന്നവരാണ് കമ്മ്യൂണിസ്റ്റ് സർക്കാരുകൾ. വികസനത്തിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ബലി കഴിച്ചുകൊണ്ട് ആഗോള കുത്തകകൾക്കായി ഭരണത്തിന്റെ ഇടനാഴികൾ ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം ഒരിക്കലും തുറന്നുകൊടുക്കാൻ പാടില്ല. മുൻവാതിലിലൂടെയായാലും പിൻവാതിലിലൂടെയായാലും അത്തരം ശക്തികൾ പിണറായിയെ പോലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഭരണത്തിൽ ഇടപെടാൻ പാടില്ല. പിഡബ്ല്യുസിയുടെ രൂപത്തിൽ ഒരു ആഗോള കുത്തക കേരളത്തിന്റെ വികസന പദ്ധതികൾ ഏറ്റെടുത്തപ്പോഴാണ് ജനങ്ങളിൽ ആശങ്കയും പ്രതിഷേധവും ഉണ്ടായത്.
കള്ളക്കടത്തുകാരിയായ സ്വപ്‌നയുടെ രൂപത്തിൽ അവർ ഭരണത്തിന്റെ അകത്തളങ്ങളിൽ കയറിപ്പറ്റി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് പുറത്താക്കേണ്ടിവന്നു. ഐടി ഫെല്ലോ എന്ന പേരിൽ നിയമിച്ച ഉദ്യോഗസ്ഥനെയും മൂന്ന് സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കേണ്ടി വന്നു. മുഖ്യമന്ത്രി തന്നെ നിയോഗിച്ച ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് വഴിവിട്ട കാര്യങ്ങൾ ചെയ്തതായി കണ്ടെത്തി. വ്യാജരേഖയുടെ പേരിൽ സ്വപ്‌നയുടെ പേരിൽ കേസെടുക്കേണ്ടി വന്നു. ആൾമാറാട്ടത്തിന്റെ പേരിൽ മറ്റൊരു കേസിൽ ക്രൈംബ്രാഞ്ചും കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചു. എൻഐഎ കസ്റ്റഡിയിൽ കഴിയുന്ന സ്വപ്‌ന എന്ന മുൻ നയതന്ത്ര ഉദ്യോഗസ്ഥ സംശയത്തിന്റെ നിഴലിൽ ആക്കിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല. സ്പീക്കർക്കും മറ്റൊരു മന്ത്രിക്കും നിലപാടുകൾ വിശദീകരിക്കേണ്ടിവന്നു. ഏറ്റവും ഒടുവിൽ കള്ളക്കടത്ത് സ്വർണ്ണം ഏറ്റുവാങ്ങിയത് കേരളാ പോലീസിലെ ഗൺമാൻ എന്ന വിവരം കൂടി പുറത്തുവന്നപ്പോൾ മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തര വകുപ്പും ഡിജിപിയും സംശയത്തിന്റെ നിഴലിൽ അകപ്പെട്ടിരിക്കുകയാണ്.
സർക്കാരിന് ജാഗ്രതക്കുറവുണ്ടായി എന്ന് കേന്ദ്ര നേതൃത്വവും സംസ്ഥാന സെക്രട്ടറിയേറ്റും വിലയിരുത്തിയതായിട്ടാണ് അറിയുന്നത്. തുടർ ഭരണത്തിലേക്ക് എന്ന് പ്രവചിച്ച ഏഷ്യാനെറ്റ് സിപിഎം ഇന്നലെ ബഹിഷ്‌കരിച്ചു. ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്നാണ് തീരുമാനം. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ പുറത്തുകൊണ്ടുവരുമ്പോൾ മാധ്യമങ്ങൾ പ്രിയപ്പെട്ടവരും വിമർശിക്കുമ്പോൾ അകറ്റിനിർത്തേണ്ടവരുമാകരുത്. കടക്ക് പുറത്ത് എന്ന് പറയേണ്ടത് ശിവശങ്കറിനെയും സ്വപ്‌നയെയും പോലുള്ള ഉദ്യോഗസ്ഥരോടും ലാഭക്കൊതിയുമായി പിൻവാതിലിലൂടെ കയറി വരുന്ന കുത്തകകളോടുമാണ്. അതിനുള്ള കരുത്തും ജാഗ്രതയും മുഖ്യമന്ത്രിക്ക് ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.







