കട്ടപ്പന : കട്ടപ്പന താലൂക്ക് ആശുപത്രി അറ്റന്‍ഡറെ മര്‍ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയപാറ സ്വദേശി ശരത് രാജീവ്(19) ആണ് അറസ്റ്റിലായത്. വീണ് പരിക്കേറ്റ സുഹൃത്തിന് ആവശ്യപ്പെട്ടപ്രകാരം ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ചാണ് താലൂക്ക് ആശുപത്രിയിലെ ഭിന്നശേഷിക്കാരനായ അറ്റന്‍ഡറെ യുവാവ് ആക്രമിച്ചത്. ഗ്രേഡ് രണ്ട് അറ്റന്‍ഡറായ തൊടുപുഴ സ്വദേശി വി പി രജീഷിനാണ് പരിക്കേറ്റത്. മുഖത്തും കാലിനും പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. പരിക്കുപറ്റിയ യുവാവിനെയുമായി വെള്ളി വൈകിട്ട് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ആവശ്യമായ ചികിത്സ നല്‍കിയശേഷം മുറിവ് വൃത്തിയാക്കിയാണ് അധികൃതര്‍ പറഞ്ഞയച്ചത്. എന്നാല്‍, ബാന്‍ഡേജ് ശരിയായില്ലെന്ന വാദവുമായി പ്രതി ശരതും പരിക്കേറ്റ സുഹൃത്തും ശനി ഉച്ചയോടെ ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് അറ്റന്‍ഡര്‍ രജീഷിന്റെ അടുത്തെത്തി മുറിവില്‍ വേറെ ബാന്‍ഡേജ് ഒട്ടിക്കണമെന്ന് ആവശ്യപ്പെട്ടു. ഒപി ചീട്ട് എടുക്കാതെ കഴിയില്ലെന്ന് അറിയിച്ചതോടെ ശരത് അറ്റന്‍ഡറെ ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട് എത്തിയ മറ്റ് സഹപ്രവര്‍ത്തകരാണ് രജീഷിനെ രക്ഷിച്ചത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചതനുസരിച്ച് എസ്‌ഐ കെ ദിലീപ്കുമാറും സിപിഒ പ്രശാന്ത് മാത്യുവുമെത്തി പ്രതിയെ പിടികൂടി. ആശുപത്രിയില്‍ അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദിച്ചതിനുമാണ് കേസ്. എന്‍ജിഒ യൂണിയന്‍ പ്രതിഷേധിച്ചു താലൂക്ക് ആശുപത്രിയിലെ ജീവനക്കാരനും എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകനുമായ പി വി രജീഷിനെ മര്‍ദിച്ചതില്‍ എന്‍ജിഒ യൂണിയന്‍ പ്രതിഷേധിച്ചു. പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രിക്ക് സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ എന്‍ജിഒ യൂണിയന്‍ ഏരിയ പ്രസിഡന്റ് മഞ്ജുഷേന്‍കുമാര്‍, സെക്രട്ടറി മുജീബ് റഹ്മാന്‍, ഏരിയ വൈസ് പ്രസിഡന്റ് എന്‍ ആര്‍ അംബിക, ഏരിയ കമ്മിറ്റിയംഗം കെ എ വിനോദ്കുമാര്‍, ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധം ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ആളും സഹായിയും ആശുപത്രിയിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരനെ മര്‍ദിച്ചതില്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു. കുറ്റക്കാരായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആശുപതി സൂപ്രണ്ട് ഡോ. കെ ബി ശ്രീകാന്ത് ആവശ്യപ്പെട്ടു. യോഗത്തില്‍ ഡോക്ടര്‍മാരായ അഭിലാഷ് പുരുഷോത്തമന്‍, എം എസ് നിധിന്‍, വിനിത കമോണ്‍സ്, ഹെഡ് നഴ്‌സ് എം ആര്‍ ഷീജ എന്നിവര്‍ സംസാരിച്ചു.