കണ്ണൂര്‍: പുതിയ അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിന്റെ ടൂറിസം വികസനത്തിന് വന്‍ കുതിപ്പേകുമെന്ന് കിയാല്‍’മാനേജിങ് ഡയറക്ടര്‍ വി. തുളസി ദാസ്.
ഇതേ കുറിച്ചു ഒരു ആശങ്കയും വേണ്ട. കേരളത്തിന് പൊതുവായും വടക്കേ മലബാറിന് പ്രത്യേകിച്ചും ഈ വിമാനത്താവളം വന്‍ നേട്ടങ്ങള്‍ കൊയ്യുമെന്ന് ‘കേരളപ്രണാമ’ത്തോട് അദ്ദേഹം പറഞ്ഞു.അതിവിപുലമാണ് ഈ വിമാനത്താവളത്തിന്റെ വൃഷ്ടി പ്രദേശം എന്നതാണ് ഇതിനു പ്രധാന കാരണം കണ്ണൂര്‍, കാസറഗോഡ് ജില്ലകള്‍ക്ക് പുറമെ കോഴിക്കോടിന്റെ കുറെ ഭാഗങ്ങളും ഈ ക്യാച്ച്മെന്റ് ഏരിയയില്‍ പെടും . പോരാത്തതിന് കുടക്, വീരാജ്പേട്ട, മൈസൂരു, തുടങ്ങിയ കര്‍ണാടകയുടെ ഏതാനുംപ്രദേശങ്ങളും. ചായ, കാപ്പി, ഏലം, കുരുമുളക് തുടങ്ങിയവയുടെ ഉല്‍പാദന കേന്ദ്രങ്ങളാണ് ഇവയെല്ലാം. കയറ്റുമതിക്ക് വന്‍ സാധ്യതകളാണ് ഇത് തുറക്കുന്നത്.ടൂറിസ്റ്റുകളുടെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളുമാണിവ. വ്യാപാര വ്യവസായ ടൂറിസം മേഖലകള്‍ക്കു മൊത്തത്തില്‍ ഏറെ ഗുണം ലഭിക്കും. വടക്കേ മലബാര്‍ കൈത്തറി പാരമ്പര്യ വ്യവസായങ്ങള്‍ തുടങ്ങിയവയുടെ വന്‍ സങ്കേതമാണ്. ഇവയുടെ കയറ്റുമതി വിപുലമാക്കാന്‍ അവസരം തുറന്നു കിട്ടും.ബേക്കല്‍ പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് നല്ല നാളുകള്‍ പ്രതീക്ഷിക്കാം. ആയുര്‍വേദം, കളരിചികിത്സ പോലുള്ള പാരമ്പര്യ ചികിത്സ രീതികള്‍ ഉള്‍ക്കൊള്ളിച്ചു പാക്കേജുകള്‍ ഏര്‍പ്പെടുത്താവുന്നതാണ്.വിദേശ ഇന്ത്യക്കാരായ യാത്രികരാണ് മറ്റൊന്ന്. സമീപ ജില്ലകള്‍ക്കോ മംഗലാപുരത്തിനോ പ്രതീക്ഷിക്കാവുന്നതിലും ഏറെ എന്‍.ആര്‍.ഐ ക്കാരെ കണ്ണൂരിനു ലഭിക്കുമെന്ന് ഉറപ്പാണ്-തുളസിദാസ് പറഞ്ഞു. കണ്ണൂര്‍ വിമാനത്താളത്തിന്റെ ആവിര്‍ഭാവം ഈ മേഖലക്ക് നല്കാന്‍ പോകുന്നത് വന്‍ നേട്ടമാണ് എന്ന് ആര്‍ക്കും സംശയം വേണ്ട. ഏറെ ശോഭനമാണ് ഭാവി, സാധ്യതകളാല്‍ അനന്തവും.




