Home Travel കണ്‍കുളിര്‍പ്പിക്കുന്ന ഹരിതഭംഗിയുമായി സഞ്ചാരികളെ കാത്ത് കൊന്നക്കാട്

കണ്‍കുളിര്‍പ്പിക്കുന്ന ഹരിതഭംഗിയുമായി സഞ്ചാരികളെ കാത്ത് കൊന്നക്കാട്

1
0

വെള്ളരിക്കുണ്ട്: ചുറ്റും വനനിബിഡമായ മലകള്‍. കളകളാരവത്തോടെ കര്‍ണാടകമലയിറങ്ങിയൊഴുകിയെത്തുന്ന ചൈത്രവാഹിനി. കണ്‍കുളിര്‍പ്പിക്കുന്ന ഹരിതഭംഗിയുടെ വിദൂരദൃശ്യം. കൊന്നക്കാടെന്ന മലയോരകച്ചവടകേന്ദ്രത്തിലെത്തുന്നവര്‍ക്ക് ഇവിടെ അല്പനേരം വിശ്രമിക്കാന്‍ തോന്നും. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണിപ്പോള്‍ കൊന്നക്കാട്. ജില്ലാ ആസ്ഥാനത്തുനിന്ന് 80 കിലോമീറ്ററിലധികം ദൂരംവരും കൊന്നക്കാട്ടേക്ക്. കിഴക്കോട്ടുള്ള ബസ് സര്‍വീസുകളെല്ലാം ഇവിടെ അവസാനിക്കുന്നു.

ഇവിടെനിന്ന് എട്ടു കിലോമീറ്റര്‍ ദൂരമേയുള്ളൂ കോട്ടഞ്ചേരിമലയിലേക്ക്. റാണിപുരത്തിന് സമാനമായ പ്രകൃതിയും കാലാവസ്ഥയുമാണിവിടെ. വിദേശികളുള്‍പ്പെടെ നിരവധി സഞ്ചാരികള്‍ കോട്ടഞ്ചേരിയെപ്പറ്റി കേട്ടറിഞ്ഞ് ഇവിടെയെത്തുന്നുണ്ട്. മണ്‍സൂണ്‍കാലത്ത് അച്ചന്‍കല്ലിലും മഞ്ചുച്ചാല്‍കമ്മാടിയിലും ഓട്ടക്കൊല്ലിയിലും പാമത്തട്ടിലുമെല്ലാം രൂപപ്പെടുന്ന വെള്ളച്ചാട്ടങ്ങളും യാത്രക്കാരെ ഇങ്ങോട്ടാകര്‍ഷിക്കുന്നു. കഴിഞ്ഞ മഴക്കാലത്ത് വെള്ളച്ചാട്ടം കാണാന്‍ പതിവില്‍ക്കൂടുതലാളുകളെത്തി. സഞ്ചാരികളെ സഹായിക്കാന്‍ സംവിധാനങ്ങളില്ലാത്തതാണ് പ്രധാന പ്രശ്‌നം. കൊന്നക്കാട്ട് ബേസ് ക്യാമ്പൊരുക്കലാണ് പ്രധാനം. താമസസൗകര്യത്തിനൊപ്പം പ്രദേശത്തെപ്പറ്റി വിശദവിവരങ്ങളും യാത്രക്കാര്‍ക്ക് ലഭ്യമാകണം.

കൊന്നക്കാട്ടുനിന്ന് ആറു കിലോമീറ്റര്‍ അകലെ എടക്കാനം മലയിലാണ് സ്വകാര്യപങ്കാളിത്തത്തോടെ ടൂറിസം വികസനത്തിന് ഏഴേക്കര്‍ സ്ഥലം കഴിഞ്ഞദിവസം സര്‍ക്കാര്‍ ഏറെറടുത്തത്. കോട്ടഞ്ചേരിമലയടിവാരത്തില്‍ രണ്ടര ഏക്കര്‍ സ്ഥലം കൈമാറാന്‍ സ്വകാര്യവ്യക്തി സമ്മതിച്ചിട്ടുണ്ട്. ഏറ്റെടുക്കാനുള്ള നടപടി നടന്നുവരുന്നു. കൊന്നക്കാട് ടൗണിലും ഇതോടൊപ്പം വേണ്ട വികസനമെത്തിക്കണമെന്നാണ് ആവശ്യം. കോട്ടഞ്ചേരി വനംവകുപ്പിന്റെ അധീനതയിലാണ്. മുന്‍പ് സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നില്ല. ഇപ്പോള്‍ വനത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വനംവകുപ്പ് ഇതില്‍ ഇളവനുവദിക്കണം. കൊന്നക്കാടുവരെ മെക്കാഡംചെയ്ത റോഡുണ്ട്. ഇവിടെനിന്നു കോട്ടഞ്ചേരിയിലേക്കുള്ള റോഡ് വികസിപ്പിക്കുകയും ആകര്‍ഷകമാക്കുകയും വേണം. തയ്യേനി വഴിയും കാറ്റാംകവല മാവുഞ്ചാല്‍വഴിയുമുള്ള റോഡുകളും വികസിപ്പിക്കണം. ദേശസാത്കൃതബാങ്ക് ശാഖആരംഭിക്കുക, ബസ്സ്റ്റാന്‍ഡ് വികസനം, മാലിന്യനിര്‍മാര്‍ജനത്തിന് പദ്ധതി എന്നിവയെല്ലാം കൊന്നക്കാടിന്റെ വരുംകാല ടൂറിസം വികസനത്തിന്റെ ഭാഗമായി യാഥാര്‍ഥ്യമാവുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here