ദുബൈ: രാജ്യത്തിന്റെ വടക്ക്, കിഴക്ക് മേഖലയില്‍ ശനിയാഴ്ച മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.കിഴക്ക് ഭാഗത്തുണ്ടാകുന്ന ന്യൂനമര്‍ദം അസ്ഥിരമായ കാലാവസ്ഥ സൃഷ്ടിക്കുമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനത്തില്‍ തിമിര്‍ത്തുപെയ്ത മഴ കിഴക്കന്‍ എമിറേറ്റുകളില്‍ ദുരിതം വിതച്ച സാഹചര്യത്തിലാണ് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.മഴക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച വരെ മഴ തുടരാനുള്ള സാധ്യതയാണ് നിലവില്‍ കാണുന്നത്. മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ രാജ്യത്തെ വിവിധ ഡാമുകള്‍ കഴിഞ്ഞ ദിവസം തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.ശൗഖ, ബുറാഖ്, സിഫ്‌നി, അല്‍ അജ്‌ലി, മംദൂഹ്, വുര്‍യഹ് എന്നീ ഡാമുകളിലെ വെള്ളമാണ് ഒഴിവാക്കിയത്. അണക്കെട്ടുകളില്‍ സംഭരിക്കുന്ന അധിക ജലത്തിന്റെ സമ്മര്‍ദം ഒഴിവാക്കുന്നതിനും ഭാവിയില്‍ മഴയെ നേരിടാനുള്ള മുന്‍കരുതല്‍ നടപടിയെന്ന നിലയിലുമാണ് വിവിധ ഗേറ്റുകള്‍ വഴി വെള്ളം തുറന്നുവിട്ടതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.





