മുക്കം: കരാറുകാരുടെ അനാസ്ഥമൂലം എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയില്‍ വീണ്ടും അപകടം. ഓടത്തെരുവ് വളവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാത്രി 11 നായിരുന്നു സംഭവം. വലിയ ഗര്‍ത്തത്തിലേക്കാണ് കാര്‍ മറിഞ്ഞതെങ്കിലും അപകടത്തില്‍ നിസാര പരിക്കുകളോടെ ഡ്രൈവര്‍ രക്ഷപ്പെട്ടു. അപകട സമയത്ത് കാറില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. അരീക്കോട് സ്വദേശിയുടെതാണ് കാര്‍. റോഡ് വീതികൂട്ടി ടാര്‍ ചെയ്തതും സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഒരാഴ്ച മുമ്പാണ് കൂടത്തായിയില്‍ റോഡ് പ്രവൃത്തിക്ക് എടുത്ത കുഴിയില്‍ ബൈക്ക് യാത്രികന്‍ അപകടത്തില്‍പ്പെട്ടത്. തൊട്ടടുത്ത ദിവസം എരഞ്ഞിമാവിലും അഗസ്ത്യന്‍മുഴിയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരാറുകാര്‍ അനാസ്ഥ തുടര്‍ന്നാല്‍ കൂടുതല്‍ അപകടങ്ങള്‍ റോഡില്‍ ഉണ്ടാവുമെന്നും എത്രയും പെട്ടെന്ന് അപകട മേഖലകളില്‍ സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.