തൃശ്ശൂര്‍: തൃശൂരിന്റെ മനസ്സറിഞ്ഞ കോണ്‍ഗ്രസുകാരനായിരുന്നു സി.എന്‍. ബാലകൃഷ്ണന്‍. സിഎന്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജില്ലയുടെ മുക്കിലും മൂലയിലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന നേതാവ്. ബാലകൃഷ്ണന്‍ നിയമസഭയിലേക്കെത്തുന്നത് 78-ാം വയസിലാണ്. കന്നിയങ്കത്തില്‍ ജയിച്ച് മന്ത്രിയുമായി. പ്രായത്തിന്റെ പേരില്‍ കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിഎന്‍ മത്സരിച്ചില്ല. വിശ്രമ ജീവിതത്തിലേക്ക് കടക്കവേയാണ് മരണമെത്തിയത്.
ഓരോ പ്രവര്‍ത്തകനെയും അറിഞ്ഞു വളര്‍ന്ന നേതാവായിരുന്നു സി. എന്‍. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തൃശൂര്‍ ജില്ലയില്‍ ശക്തമായ വേരോട്ടം ഉണ്ടാക്കുന്നതിനായി രാപകല്‍ കഷ്ടപ്പെട്ട നേതാവായിരുന്നു സി.എന്‍ ബാലകൃഷ്ണന്‍. പൊതുപ്രവര്‍ത്തനത്തിന്റെ നല്ലൊരു പങ്കും തെരെഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കുമ്പോഴും യഥാര്‍ത്ഥ കിങ് മേക്കറായി മാറുകയായിരുന്നു.
തൃശൂരില്‍ കരുണാകരന്‍ ചുവടുറപ്പിച്ചത് മുതല്‍ ഉറ്റ അനുയായി ആയി. തൃശൂരിനെ ലീഡറുടെ സ്വന്തം തട്ടകമാക്കി മാറ്റിയത് സി എന്‍ ആയിരുന്നു. മാളയിലെ കരുണാകരന്റെ തുടര്‍ച്ചയായ നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് പിന്നീലും ബാലകൃഷ്ണനായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബാലകൃഷ്ണന്‍ ആഗ്രഹിച്ചില്ല. മറിച്ച് കരുണാകരന് വേണ്ടി പ്രവര്‍ത്തിക്കാനായിരുന്നു താല്‍പ്പര്യം. കോണ്‍ഗ്രസിനായി ഒട്ടേറെ കാര്യങ്ങള്‍ നടത്തിയ ബാലകൃഷ്ണന്‍ കോണ്‍ഗ്രസ് മാനേജര്‍ എന്നാണ് അറിയപ്പെടുന്നത്. കെ. കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്നെങ്കിലും പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം പോകാന്‍ സി.എന്‍. ബാലകൃഷ്ണന്‍ തയ്യാറായില്ല. ഇത് ഐ ഗ്രൂപ്പിനെ പോലും ഞെട്ടിച്ചു. താന്‍ എന്നും കോണ്‍ഗ്രസുകാരനാണെന്ന് അതിലൂടെ സി എന്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ഐ ഗ്രൂപ്പിന്റെ എല്ലാമെല്ലാമായിരുന്ന സിഎന്‍ കരുണാകരന്റെ ഏറ്റവും പ്രധാന ഫണ്ട് റൈസറായിരുന്നു. കെപിസിസി ട്രഷറായി ഏറെക്കാലം ബാലകൃഷ്ണന്‍ തുടര്‍ന്നത് ഈ മികവ് കാരണമായിരുന്നു. സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബാലകൃഷ്ണന്‍ തിളങ്ങി. സഹകരണപ്രസ്ഥാനത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വലുതായിരുന്നു. കേരളത്തില്‍ മില്‍മ വരുംമുമ്പേത്തന്നെ തൃശ്ശൂരില്‍ ക്ഷീരസഹകരണസംഘം രൂപവത്കരിച്ച് പാക്കറ്റില്‍ പാല്‍വിതരണം നടത്താന്‍ ബാലകൃഷ്ണന് സാധിച്ചു. ഇതെല്ലാം മനസ്സിലാക്കിയാണ് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ സഹകരണ വകുപ്പ് ബാലകൃഷ്ണെ ഏല്‍പ്പിച്ചത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സഹകാരിയായിരുന്നു കേരളത്തില്‍ ബാലകൃഷ്ണന്‍.
ദാരിദ്രത്തിന്റെ കഥകളാണ് കുട്ടിക്കാലത്തെ കുറിച്ച് ബാലകൃഷ്ണന് പറയാനുള്ളത്. നന്നായി പഠിക്കുമായിരുന്നിട്ടും പഠനം മുന്നോട്ട് കൊണ്ടു പോകാനുള്ള സാഹചര്യം ഇല്ലാത്ത കുട്ടിക്കാലും. പത്താംതരംവരെ പഠിച്ചെങ്കിലും വീട്ടിലെ അവസ്ഥ കാരണം തുടര്‍പഠനം സാധ്യമായില്ല. പഠനശേഷം വീടിനടുത്തുള്ള പുഴയ്ക്കല്‍ ഗ്രാമീണ വായനശാലയുടെ ലൈബ്രേറിയനായി. ഇതോടെ പുസ്തക പ്രേമം തുടങ്ങി. ലൈബ്രറിയിലൂടെ എഴുത്തിന്റെ മാസ്മരിക ലോകം സി എന്‍ തിരിച്ചറിഞ്ഞു. ഇന്ത്യയേയും സ്വാതന്ത്ര്യ സമരത്തേയും എല്ലാം മനസ്സിലാക്കിയത് ഈ വായനാ അനുഭവങ്ങളായിരുന്നു. ഭൂദാന്‍ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 45 ദിവസം നടന്ന പദയാത്രയില്‍ പങ്കെടുത്തിട്ടുണ്ട്. 1956-ല്‍ ഒരുവര്‍ഷം ഖാദിസംരംഭകത്വപഠനം നടത്തി ഖാദിവകുപ്പില്‍ ജീവനക്കാരനായി. അവിടെ ജോലിചെയ്തിരുന്ന തങ്കമണിയെ 1963-ല്‍ വിവാഹം കഴിച്ചു.
സി.എന്‍. ഡി.സി.സി. പ്രസിഡന്റായിരുന്ന സമയത്താണ് കരുണാകരന്‍ സപ്തതിസ്മാരകമന്ദിരം എന്ന തൃശ്ശൂര്‍ ഡി.സി.സി. ഓഫീസ് നിര്‍മ്മിച്ചത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കോണ്‍ഗ്രസ് ഓഫീസാണിത്. അദ്ദേഹം കെപിസിസി. ട്രഷററായിരിക്കെയാണ് ബഹുനില ആസ്ഥാനമന്ദിരം കെപിസിസി. നിര്‍മ്മിച്ചത്. തൃശൂര്‍ ജില്ലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പല സഹകരണ സംഘങ്ങളും സി.എന്‍ ബാലകൃഷ്ണന്‍ മുന്‍കൈ എടുത്തു രൂപീകരിച്ചവയാണ്.














