Kerala Pranamam

കുരങ്ങുശല്യം ; പൊറുതിമുട്ടി വയക്കരയിലെ കുടുംബങ്ങള്‍

കല്ലേലി: കുരങ്ങുശല്യം കാരണം പൊറുതിമുട്ടി വയക്കരയിലെ കുടുംബങ്ങള്‍. മുന്‍പ് കൃഷി നാശം മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ ആളില്ലാത്ത വീടിനുള്ളില്‍ കയറി നാശം വരുത്തുന്നതും പതിവാകുന്നു. ഒരാഴ്ച മുന്‍പാണ് ഐരിയില്‍ എന്‍.കെ.ജോസിന്റെ അടുക്കളയുടെ ചിമ്മിനിയിലൂടെ വീടിനുള്ളില്‍ കടന്ന് ഭക്ഷണം വാരിവലിച്ചിട്ടു നശിപ്പിച്ചത്. അതിനു മുന്‍പ് വീടിനുള്ളിലെ ലൈറ്റുകള്‍ നശിപ്പിച്ചിരുന്നു. പ്രദേശത്തെ ഓട് മേഞ്ഞ വീടുകള്‍ക്കുള്ളില്‍ കയറി നാശം വരുത്തുന്നത് പതിവാണ്.വീടിന്റെ മേല്‍ക്കൂരയിലൂടെ ചാടി നടന്ന് ആസ്ബറ്റോസും ഓടും പൊട്ടിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. വനത്തോട് ചേര്‍ന്നുള്ള വയക്കരയില്‍ വര്‍ഷങ്ങളായി കുരങ്ങു ശല്യമുണ്ട്. പ്രദേശത്ത് മുന്‍പ് വ്യാപകമായി കൊക്കോ കൃഷി ഉണ്ടായിരുന്നു. കുരങ്ങ് കൊക്കോ കായകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ റബര്‍ കൃഷിയിലേക്ക് മാറുകയായിരുന്നു. തെങ്ങ്, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയുടെ കൃഷിയും അന്യം നില്‍ക്കുകയാണ്. തെങ്ങുണ്ടെങ്കിലും കരിക്ക് ആകുമ്പോഴേക്കും കുരങ്ങ് നശിപ്പിക്കുന്നതിനാല്‍ തെങ്ങിന് വളം ഇടുകയോ തടം എടുക്കുകയോ ഒന്നും ചെയ്യുന്നില്ല. കണ്ണ് തെറ്റിയാല്‍ വീടിനുള്ളില്‍ കയറി നാശം തുടങ്ങിയതോടെ ആശങ്കയിലാണ് വയക്കരയിലെ കുടുംബങ്ങള്‍.