Home Cinema കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ഖാന് ജാമ്യം

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ഖാന് ജാമ്യം

6
0


കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലും 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലുമാണ് താരത്തിന് ജാമ്യം അനുവദിച്ചത്. സൽമാൻ ഇന്ന് തന്നെ ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

പോലീസ് കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളില്‍ കൃത്രിമം ഉണ്ടെന്ന വാദം പ്രതിഭാഗം ഉയര്‍ത്തിയിരുന്നു. കൂടാതെ സൽമാൻ ഖാനെതിരെ ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. വെടികൊണ്ടാണ് കൃഷ്ണമൃഗങ്ങൾ ചത്തതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഫോറൻസിക് റിപ്പോർട്ടിലും പറഞ്ഞിട്ടില്ല. സംഭവസമയത്ത് സൽമാൻ സഞ്ചരിച്ചിരുന്ന ജിപ്സിയിൽ നിന്ന് കണ്ടെത്തിയ രക്തക്കറയും പോസ്റ്റ്മോർട്ടം സമയത്ത് ശേഖരിച്ച രക്തവും ഒന്നാണെന്ന് ഡിഎൻഎ ടെസ്റ്റിലൂടെ തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. സൽമാന്റെ ജീവന് ഭീഷണി ഉണ്ടെന്നും താരത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിൽ ജോധ്പുര്‍ റൂറല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. അഞ്ച് വർഷത്തേക്കായിരുന്നു ശിക്ഷ. തുടർന്ന് അന്ന് തന്നെ സൽമാനെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷ കോടതി ഇന്നലെ പരിഗണിച്ചെങ്കിലും വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതിനിടെ, ജാമ്യാപേക്ഷയിൽ വാദം കേട്ട ജഡ്ജി രവീന്ദ്ര കുമാർ ജോഷിയെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് പുറത്തിറങ്ങി. രവീന്ദ്ര കുമാർ ജോഷി ഉൾപ്പെടെ 87 ജഡ്ജിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here