Home Breaking News കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുമ്പോള്‍ ടൂറിസ്റ്റ് ബസിന്റെ വേഗം 97.7 കിലോമീറ്റര്‍; നാല് സെക്കന്‍ഡ് മുന്‍പ് അലേര്‍ട്ട്...

കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുമ്പോള്‍ ടൂറിസ്റ്റ് ബസിന്റെ വേഗം 97.7 കിലോമീറ്റര്‍; നാല് സെക്കന്‍ഡ് മുന്‍പ് അലേര്‍ട്ട് എത്തിയെന്ന് പൊലീസ്

6
0

വടക്കഞ്ചേരി അപകടം നടക്കുന്നതിനു തൊട്ടുമുന്‍പും ആര്‍ടിഒ ഓഫീസില്‍ അലേര്‍ട്ട് എത്തി. അപകടം നടക്കുന്നതിന് നാല് സെക്കന്‍ഡ് മുന്‍പാണ് മുന്നറിയിപ്പ് ആര്‍ടിഒ ഓഫീസിലേക്ക് എത്തിയത്. 11.30.35ന് ജിപിഎസ് അലര്‍ട്ട് ആര്‍ടിഒ ഓഫീസില്‍ എത്തി എന്ന് ഡിവൈഎസ്പി പറഞ്ഞു. അപകടമുണ്ടായത് 11.30.39നായിരുന്നു. കെഎസ്ആര്‍ടിസിയില്‍ ഇടിക്കുമ്പോള്‍ ടൂറിസ്റ്റ് ബസ്സിന്റെ വേഗത 97.72 കിലോമീറ്റര്‍ ആയിരുന്നു എന്നും പൊലീസ് പറയുന്നു. ആര്‍ടിഒ ക്യാമറയില്‍ പതിഞ്ഞ ദ്യശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു. വടക്കഞ്ചേരി അപകടത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗതാഗത കമ്മീഷണര്‍, റോഡ് സുരക്ഷാ കമ്മീഷണര്‍ എന്നിവരോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 1.45 നാണ് കേസ് പരിഗണിക്കുക. നേരിട്ട് വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓണ്‍ലൈന്‍ ആയി ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിശദീകരിക്കും. വടക്കഞ്ചേരി അപകടം സംബന്ധിച്ച് പൊലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ നിരോധിക്കണമെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒരു വാഹനത്തിലും ഫ്‌ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ല. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം വിനോദ യാത്രയ്ക്ക് പോയ മറ്റൊരു ടൂറിസ്റ്റ് ബസ് മോട്ടര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. സ്പീഡോ മീറ്റര്‍ ഇല്ലാത്ത ബസാണ് വിനോദയാത്രയ്ക്ക് എത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.കൊട്ടാരക്കര തലച്ചിറയിലെ സ്വകാര്യ കോളജിലെ വിനോദ യാത്രയാണ് മോട്ടര്‍ വാഹന വകുപ്പ് തടഞ്ഞത്. ലണ്ടന്‍ എന്ന് പേരുള്ള ടൂറിസ്റ്റ് ബസാണ് പിടിച്ചെടുത്തത്. ബസില്‍ നിരോധിത ലേസര്‍ ലൈറ്റും, ശബ്ദഉപകരങ്ങളും ഘടിപ്പിച്ചിട്ടുണ്ടെന്ന് മോട്ടര്‍ വാഹന വകുപ്പ് പറയുന്നു.വടക്കഞ്ചേരി അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അപകടത്തിന് ശേഷം കടന്നു കളഞ്ഞ ജോമോനെ തിരുവനന്തപുരത്തേയ്ക്ക് സഞ്ചരിക്കവേ കൊല്ലം ചവറയില്‍ നിന്നാണ് ഇന്നലെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here