Home Breaking News കെണിയിൽനിന്ന് രക്ഷപ്പെടാനാവാതെ സുരേഷ് ഗോപിയുടെ കടുവ

കെണിയിൽനിന്ന് രക്ഷപ്പെടാനാവാതെ സുരേഷ് ഗോപിയുടെ കടുവ

3
0

സുരേഷ്‌ഗോപി സിനിമയായ കടുവാക്കുന്നേൽ കുറുവാച്ചന്റെ ചിത്രീകരണവും പ്രചരണവും താൽക്കാലികമായി തടഞ്ഞ ഉത്തരവ് പിൻവലിക്കാൻ കോടതി തയ്യാറായില്ല. പകർപ്പവകാശ നിയമം ലംഘിച്ചിട്ടില്ലെന്ന് തെളിയിക്കുന്നത് വരെ സ്റ്റേ തുടരുമെന്ന് എറണാകുളം ജില്ലാ കോടതി ബുധനാഴ്ച വ്യക്തമാക്കി. ഇരു കൂട്ടരുടെയും വാദങ്ങൾ നാല് തവണ കേട്ട ശേഷമാണ് കോടതി ഇക്കാര്യം അറിയിച്ചത്.
സുരേഷ് ഗോപിയെ നായകനാക്കി നിർമാതാവ് ടോമിച്ചൻ മുളക്പാടവും സംവിധായകൻ മാത്യുതോമസും പ്രഖ്യാപിച്ച കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമയ്‌ക്കെതിരെ സംവിധായകൻ ജിനു എബ്രഹാമാണ് എറണാകുളം ജില്ലാ കോടതിയിൽ കഴിഞ്ഞ മാസം ആദ്യം ഹർജി നൽകിയത്. കഥാപാത്രത്തിന്റെ പേരും തിരക്കഥയും തന്റേതാണെന്നാണ് ഹർജിക്കാരന്റെ വാദം. പൃഥ്വിരാജിനെ നായകനാക്കി ജിനു തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയുടെ തിരക്കഥ തന്റെ സഹസംവിധായകനായ മാത്യു തോമസ് മോഷ്ടിച്ചെന്നാണ് ജിനുവിന്റെ പ്രധാന ആരോപണം.
കോപ്പിറൈറ്റ് ആക്ട് പ്രകാരം കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ പേര് താൻ രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ ജിനു കോടതിയിൽ ഹാജരാക്കി. കഥാപാ്രതത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹർജിക്കാരൻ കോടതിയെ അറിയിച്ചു. അതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കി. തുടർന്നാണ് കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചിരുന്നത്.
കോട്ടയം പാലായിൽ ജീവിച്ചിരിക്കുന്നയാളാണ് കടുവാക്കുന്നേൽ കുറുവാച്ചൻ. നാട്ടുകാരുടെ ഏത് കാര്യത്തിനും കുറുവാച്ചനുണ്ടാകും. അനീതിക്കെതിരെ ശബ്ദിക്കും. പള്ളിക്കും പട്ടക്കാർക്കും പൊലീസിനും എതിരെ കേസ് നടത്തി വിജയിച്ച ചരിത്രമാണ് കുറുവാച്ചനുള്ളത്. 20 വർഷം മുമ്പ് തന്റെ കഥ സിനിമയാക്കാൻ തിരക്കഥാകൃത്ത് രൺജി പണിക്കർ തീരുമാനിച്ചിരുന്നെന്നും മോഹൻലാലായിരുന്നു നായകനെന്നും കുറുവാച്ചൻ പറയുന്നു. ചിത്രം അനൗൺസ് ചെയ്‌തെങ്കിലും നടക്കാതെ പോയി. തിരക്കഥ എഴുതാനായി രൺജി പണിക്കർ തന്റെ വീട്ടിൽ വന്ന് തന്നോട് ദീർഘനേരം സംസാരിച്ചു. ഇപ്പോൾ പ്രഖ്യാപിച്ച രണ്ട് സിനിമകളെ കുറിച്ചും അറിയില്ലെന്നും രൺജി പണിക്കർ സിനിമ ചെയ്യുന്നതാണ് ഇഷ്ടമെന്നും കുറുവാച്ചൻ ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കടുവാക്കുന്നേൽ കുറുവാച്ചന്റെ കഥ സിനിമയാക്കാൻ തീരുമാനിച്ചിരുന്നെന്ന് രൺജി പണിക്കരും പറഞ്ഞു. ഷാജി കൈലാസിന്റെ തിരിച്ചുവരവിനായി അത് സിനിമയാവുകയാണെങ്കിൽ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ അസിസ്റ്റന്റായ മാത്യൂസ് തോമസ് പാലമൂട്ടിലിന് താൻ എഴുതിയ തിരക്കഥ അറിയാമെന്നും തന്റെ തിരക്കഥയുമായി മാത്യുവിന്റെ സിനിമയ്ക്ക് യാതൊരു ബന്ധവും ഇല്ലെന്ന് തെളിയിച്ചാൽ അവർക്ക് സിനിമയുമായി മുന്നോട്ട് പോകാമെന്നും ജിനു എബ്രഹാം പറഞ്ഞു.
ജിനുവിനൊപ്പം പൃഥ്വിരാജ് ചിത്രമായ കടുവയുടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഹർജിയിൽ ചേർന്നിട്ടുണ്ട്. പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് മാജിക് ഫ്രെയിംസിന്റെ ബാനറിലാണ് കടുവ നിർമിക്കുന്നത്. സിംഹാസനം എന്ന ചിത്രത്തിന്റെ വലിയ പരാജയത്തിന് ശേഷം ഷാജികൈലാസും പൃഥ്വിരാജും ഒരുമിക്കുന്ന കടുവയുടെ അനൗൺസ്‌മെന്റ് ഈവർഷം ആദ്യം നടന്നിരുന്നു. ജൂലായി 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്നതാണ്. കോവിഡ് കാരണം ചിത്രീകരണം നീട്ടിവയ്ക്കുകയായിരുന്നെന്ന് കടുവയുടെ അണിയറപ്രവർത്തകർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here