കോട്ടയം: ജനുവരിയോടെ മൂന്ന് നിലകളില്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.കെ.എസ്.ആര്‍.ടി.സി ഡിപ്പോ സന്ദര്‍ശിച്ച് ബസ് ടെര്‍മിനല്‍ നിര്‍മാണപുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം. മന്ത്രി വി.എന്‍. വാസവന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ എന്നിവരും ഒപ്പമുണ്ടായിരുന്നു. പലഘട്ടങ്ങളായി നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
നിലവിലെ ബസ് സ്റ്റാന്‍ഡ് കെട്ടിടം രണ്ട് ആഴ്ചക്കകം പൊളിക്കും. തുടര്‍ന്ന് യാര്‍ഡ് നിര്‍മാണം തുടങ്ങും. പ്രീ ഫാബ്രീക്കേറ്റസ് സ്ട്രക്ച്ചര്‍ അവലംബിച്ചുകൊണ്ടായിരിക്കും പണി. ആനന്ദ് തിയറ്ററിലേക്കുള്ള റോഡ്കൂടി നിലവിലുള്ളതിനെക്കാള്‍ ഇരട്ടിയിലധികം വീതിയില്‍ വികസിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി സ്ഥലം വിട്ടുകൊടുക്കും. ഒന്നാംഘട്ടം ജനുവരിയില്‍ പൂര്‍ത്തീകരിച്ചശേഷം രണ്ടാംഘട്ടം തുടങ്ങും. കെ.എസ്.ആര്‍.ടി.സി മുതല്‍ തിയറ്റര്‍ റോഡ് വഴി എം.സി റോഡിലേക്ക് ഫ്‌ലൈഓവര്‍ പദ്ധതിയും പണികള്‍ക്കൊപ്പം പരിഗണിക്കുന്നുണ്ട്. ഒന്നരലക്ഷം ചതുരശ്രയടി വരുന്ന യാര്‍ഡ് നിര്‍മാണവും ജനുവരിയില്‍ പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ രണ്ടുകോടിയുടെ നിര്‍മാണം നടത്തും. 94 ലക്ഷമാണ് ടെര്‍മിനലിന്റെ ചെലവ്. യാര്‍ഡിന് 97 ലക്ഷവും. രണ്ട് ആഴ്ച കൂടുമേ്ബാള്‍ നിര്‍മാണം വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.








