കോഴിക്കോട്: സ്‌കൂള്‍ ബസ് മേഖലയിലേക്കും കെ.എസ്.ആര്‍.ടി.സി ഇറങ്ങുന്നു. സ്‌കൂള്‍ ബസുകള്‍ക്ക് പകരമായാണ് കെ.എസ്.ആര്‍.ടി.സി ബസ് ഓടുക. സ്റ്റുഡന്റ്് ബോണ്ട് സര്‍വിസ് എന്ന പേരിലാണ് പദ്ധതി. ജില്ലയില്‍ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി വൃത്തങ്ങള്‍ പറഞ്ഞു. പി.ടി.എ വിദ്യാര്‍ഥികളില്‍നിന്ന് ബസ് ചാര്‍ജ് പിരിച്ചുനല്‍കണം. ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം മതി വിദ്യാര്‍ഥികള്‍ക്ക്. സ്‌കൂള്‍ ബസ്ചാര്‍ജുമായി താരതമ്യം ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഇത് മെച്ചമാവും എന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ബസിന്റെ അറ്റകുറ്റപ്പണിച്ചെലവ് കെ.എസ്.ആര്‍.ടി.സി വഹിക്കും. റൂട്ട് നിശ്ചയിക്കുക സ്‌കൂളുകളാണ്.കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പുറമെ സ്‌കൂളിലെ ഒരു അധ്യാപകനോ മറ്റു സ്റ്റാഫോ ബസിലുണ്ടാവും. വിദ്യാര്‍ഥികളെ മാത്രമേ ബസില്‍ പ്രവേശിപ്പിക്കൂ. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സ്‌കൂള്‍ സര്‍വിസ് ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങി. നവംബര്‍ ഒന്നുമുതല്‍ സ്‌കൂള്‍ തുറക്കാനിരിക്കെ അവസരം വിനിയോഗിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ആര്‍.ടി.സി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്‌കൂളുകള്‍ തുറക്കുന്നത്. സ്‌കൂള്‍ ബസുകള്‍ ഇത്രയും കാലം കട്ടപ്പുറത്തായതിനാല്‍ ഇനി സര്‍വിസ് നടത്തണമെങ്കില്‍ ഭാരിച്ച ചെലവുവരും.ഇത് വിദ്യാര്‍ഥികളില്‍നിന്നാണ് സ്‌കൂളുകള്‍ ഈടാക്കുക. കെ.എസ്.ആര്‍.ടി.സി സ്റ്റുഡന്റ് ബോണ്ട് സര്‍വിസ് ആരംഭിക്കുന്നതോടെ ഈ തലവേദന സ്‌കൂളുകള്‍ക്കൊഴിവാകും. കോഴിക്കോട് ജില്ലയില്‍ മികച്ച പ്രതികരണമാണ് കെ.എസ്.ആര്‍.ടി.സിയുടെ ആശയത്തിന് ലഭിക്കുന്നത്. 25 ഓളം സ്‌കൂളുകള്‍ ഇതിനകം കെ.എസ്.ആര്‍.ടി.സിയുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. കാരന്തൂര്‍ മര്‍കസ്, ജെ.ഡി.ടി, സെന്റ് വിന്‍സന്റ് കോളനി സ്‌കൂള്‍, ബി.ഇ.എം, നടക്കാവ്, ചാലപ്പുറം ഗണപത്, അച്യുതന്‍ ഗേള്‍സ്, ബേപ്പൂര്‍, മീഞ്ചന്ത തുടങ്ങിയ സ്‌കൂളുകളാണ് പദ്ധതി സ്വീകരിക്കാന്‍ തയാറായിരിക്കുന്നത്. ഇതുസംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആര്‍.ടി.സി. പരമ്പരാഗത രീതി വിട്ട് വരുമാനത്തിന് പുതിയ സാധ്യതകള്‍ തേടുകയാണ് ആനവണ്ടി.