അയ്മനം രവീന്ദ്രന്‍
ഭാരതത്തിന്റെ ഗുരുപരമ്പരയുടെ ഏറ്റവും പവിത്രമായ കണ്ണിയാണ് ശ്രീനാരായണ ഗരുദേവന്‍. ഈ യുഗാചാര്യന്റെ അപദാനങ്ങളെയും വീക്ഷണങ്ങളെയും അപഗ്രഥിച്ചുകൊണ്ട് ലോക മാനവീകതയുടെ വിശാലമായ അര്‍ത്ഥതലങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു കാവ്യ സൂനമാണ് എസ്. രമേശന്‍ നായര്‍ രചിച്ച ‘ഗുരുപൗര്‍ണ്ണമി’ എന്ന ഗ്രന്ഥം.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹമായ ഈ കാവ്യശില്‍പം 25 ഖണ്ഡങ്ങളിലൂടെയും നാല് അനുബന്ധങ്ങളിലൂടെയും ശ്രീനാരായണ ഗരുദേവന്റെ ജീവിതവും ദര്‍ശനങ്ങളും തുറന്നുവെയ്ക്കുന്നു. മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ഗുരുദേവനെപ്പറ്റി ഒരിക്കല്‍ പറഞ്ഞ വരികള്‍ ഇവിടെ കുറിയ്ക്കട്ടെ: ‘ ഞാന്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങൡലും ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുകയാണ.് ഈ സഞ്ചാര വേളയില്‍ എനിക്ക് ധാരാളം മഹര്‍ഷിമാരുമായും സന്യാസി ശ്രേഷ്ഠന്മാരുമായും ബന്ധപ്പെടുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ തുറന്നു സമ്മതിക്കട്ടെ; മലയാളക്കരയിലെ നാരായണ ഗുരുദേവനെക്കാള്‍ ആധ്യാത്മികതയില്‍ മഹത്വമുള്ള, പോ
രാ, ആധ്യാത്മികതയില്‍ അദ്ദേഹത്തോടൊപ്പം കിടപിടിക്കത്തക്ക മറ്റൊരു മഹാത്മാവിനെ ഞാന്‍ ഇന്നോളം കണ്ടിട്ടില്ല. ഈശ്വര ചൈതന്യം തുളുമ്പുന്ന ആ മുഖ തേജസ്സും അനന്തതയുടെ വിദൂര ചക്രവാളത്തിലേയ്ക്ക് നീളുന്ന യോഗ നയനങ്ങളും എനിക്കൊരിക്കലും വിസ്മരിക്കുവാന്‍ സാധിക്കുന്നതല്ല’.
ലോകത്തില്‍ ഇതുവരെ ഒരു മഹാമനീഷിയും ‘കണ്ണാടി പ്രതിഷ്ട’ നടത്തിയിട്ടില്ല. നമ്മേ നാം തിരിച്ചറിയുക എന്ന വലിയ തത്വ സംഹിതയിലധിഷ്ഠിതമാണ് കണ്ണാടി പ്രതിഷ്ഠ. ‘ തത്വമസി’ എന്ന വേദവാക്യം തന്നെയാണ് കണ്ണാടിപ്രതിഷ്ടയിലൂടെ ശ്രീനാരായണ ഗുരുദേവന്‍ കാണിച്ചുതന്നത്.
ശബരിമലയിലും ഈ വേദവാക്യം തന്നെയാണ് ശക്തമായി നിലനില്‍ക്കുന്നത്. കല്ലും, മുള്ളം ചവിട്ടി, കാനന പാതകള്‍ താണ്ടി, കരിമലയും, നീലിമലയും, അപ്പാച്ചിമേടും കടന്ന് ഇരുമുടിക്കെട്ടുമേന്തി 18 പടികളും തൊട്ട് നമസ്‌കരിച്ച് അയ്യപ്പനെ കാണുവാനായി മിഴികള്‍ വിടര്‍ത്തുമ്പോള്‍ മുന്‍പില്‍ ആദ്യം കാണുന്നത് ‘തത്വമസി’ എന്ന് വലിപ്പത്തില്‍ എഴുതിവച്ചിരിക്കുന്ന ഋഷിവാക്യമാണ്. ‘ നീ തന്നെയാണ് ഞാന്‍’ – അതിനര്‍ത്ഥം ”ഞാന്‍ തന്നെയാണ് നീ” എന്നാണ്. ഇത്രയും മഹത്വരമായ ‘ഒരു സമഭാവനാ സങ്കല്‍പം’ ലോകത്തിലെ മറ്റൊരു രാഷ്ട്രത്തിനും പകര്‍ന്നു നല്‍കുവാന്‍ കഴിഞ്ഞിട്ടില്ല. മാനവരാശിയുടെ നിത്യനിതാന്ത ശാന്തിമന്ത്രമാണ് ഋഗ്വേദത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഈ ഋഷി വാക്യം.
ഈ ആദര്‍ശ വാക്യത്തെ ശരിയായി മനസ്സിലാക്കിക്കൊണ്ടാണ് ശ്രീനാരായണ ഗരുദേവന്‍ തന്റെ നവോത്ഥാന കര്‍മ്മങ്ങള്‍ക്ക് ചുക്കാന്‍ പി
ടിച്ചത്. അതിന്റെ അനുരണനമായിരുന്നു ‘ശിവനെ’ പ്രതിഷ്ടിച്ചതും, കണ്ണാടി പ്രതിഷ്ട നടത്തിയതും. ശ്രീനാരായണ ഗരുദേവന്‍ ശരിയായ ഒരു അദ്വൈത വാദിയായിരുന്നു. എസ്. രമേശന്‍ നായര്‍ എഴുതിയ ‘ ഗുരുപൗര്‍ണ്ണമി’ എന്ന കാവ്യം ശ്രീനാരായണ ഗുരുദേവന്റെ ഈ ദര്‍ശനങ്ങളെ വളരെ ലളിതമായി സാധാരണക്കാരനിലേക്ക് സന്നിവേശിപ്പിക്കുകയാണ് ചെയ്തത്. ഗുരുപൗര്‍ണ്ണമി എന്ന കാവ്യശില്‍പ്പം എട്ട് അക്ഷരങ്ങള്‍ വീതമുള്ള ‘അനുഷ്ടുപ്പ്’ വൃത്തത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ആധ്യാത്മികതയുടെ ആഴത്തിലുള്ള തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സാധാരണക്കാരനെ മനസ്സിലാവുന്ന വിധത്തില്‍ ഈശ്വരീയ സങ്കല്‍പങ്ങളും, ദേശീയതയും, ആര്‍ഷഭാരത വീക്ഷണവും എല്ലാം അതില്‍ പ്രതിപാ
ദിച്ചിരിക്കുന്നു. ലളിത കോമളമായ മലയാള പദങ്ങള്‍ കോര്‍ത്തിണക്കി വളരെ ഗഹനമായ ജീവിത മൂല്യങ്ങളെ സൗന്ദര്യത്തിന്റെയും, ഭാവനയുടെയും മാസ്മരിക തലങ്ങളിലേക്ക് ഇഴ ചേര്‍ത്തു നിര്‍ത്തി കൗതുകകരമായി രചന നടത്തിയിരിക്കുകയാണ് രമേശന്‍ നായര്‍ ഗുരു പൗര്‍ണ്ണമിയില്‍.
‘ എഴുന്നേറ്റു നടക്കുന്നു
ചെമ്പഴന്തിയില്‍ നിന്നൊരാള്‍
ചിങ്ങത്തില്‍ ചതയത്തിന്‍ നാള്‍
ചിരിതൂകിയ പുണ്യമായ്..’
എന്നു തുടങ്ങുന്ന ഗുരുപൗര്‍ണ്ണമിയിലെ ആദ്യ വരികള്‍ മുതല്‍ ഗുരുത്വ സങ്കല്‍പത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് വായനക്കാരെ ആത്മീയതയുടെ നിതാന്ത നിത്യ സത്യങ്ങളുടെ ഉയര്‍ന്ന തലങ്ങളിലേക്ക് ആനയിക്കുകയാണ്. ‘ ഗുരു സാക്ഷാല്‍ പരബ്രഹ്മം’ എന്ന വേദവാക്യം സ്വന്തം ജീവിതത്തിലൂടെ കാണിച്ചുകൊടുത്തുകൊണ്ട് ഗുരുവിന്റെയും പരബ്രഹ്മത്തിന്റെയും യഥാര്‍ത്ഥ ‘പൊരുള്‍’ സാധാരണക്കാരന് മനസ്സിലാക്കിക്കൊടുക്കുയാണ്. ശ്രീനാരായണ ഗരുദേവനെ ഈശ്വരനായി സങ്കല്‍പിച്ച് ക്ഷേത്രങ്ങള്‍ പണിത് പൂജകളും, ആരതികളും നടത്തുന്നുണ്ട്. ‘ഗുരു’ ഭക്തന്റെ മനസ്സില്‍ ‘പരബ്രഹ്മമായി’ മാറുന്നത് ഈ സന്ദര്‍ഭത്തിലാണ്. അറിവിന്റെയും, ചിന്തയുടെയും മാര്‍ഗത്തിലൂടെ ഒരാള്‍ സഞ്ചരിക്കുമ്പോള്‍, സമൂഹത്തിന് അറിവിന്റെ വെളിച്ചം പകര്‍ന്നുകൊടുക്കുമ്പോള്‍ അദ്ദേഹം സമൂഹ ഗുരുനാഥനാകുന്നു. ആ ഗുരു സങ്കല്‍പത്തിന്റെ ഉയര്‍ന്ന മാനമാണ് പരബ്രഹ്മ സങ്കല്‍പം. ‘ഭാരതീയ ഗുരുപരമ്പര’ എന്ന പരാമര്‍ശം ഇതില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇങ്ങനെയുള്ള പവിത്രമായ ഗുരു സങ്കല്‍പം ലോകത്തിന് കാട്ടിക്കൊടുത്തത് ഭാരത നാടാണ്. ഈ ഭാരതീയ സങ്കല്‍പത്തില്‍ ഊന്നി നിന്നുകൊണ്ടാണ് രമേശന്‍ നായര്‍ ‘ഗുരു പൗര്‍ണ്ണമി’ എഴുതിത്തീര്‍ത്തത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ അംഗീകാരം ലഭിച്ചതും, ഇനിയും വിവിധ ഭാഷകളിലേക്ക് ഈ ഗ്രന്ഥം മൊഴി മാറ്റം ചെയ്യപ്പെടാന്‍ ഇടയാകുന്നതും രമേശന്‍ നായര്‍ക്കു ലഭിച്ച ഗുരുത്വത്തിന്റെ അനുഗ്രഹമാണ് എന്ന് ഈ ലേഖകന്‍ കരുതുന്നു.
യേശു ക്രിസ്തുവിനെ യേശു ദേവനായി സങ്കല്‍പിച്ച് ലോകമെമ്പാടും വാഴ്ത്തപ്പെടുന്നതും, മുഹമ്മദ് നബിയെ ‘അള്ളാഹു’ വിന്റെ പ്രതിപുരുഷനായി സങ്കല്‍പി
ച്ച് നിസ്‌കാര കര്‍മ്മങ്ങളും, നമസ്‌കാരങ്ങളും നടത്തുന്നതും ‘ഗുരുസാക്ഷാല്‍ പരബ്രഹ്മം’ എന്ന സങ്കല്‍പത്തിന്റെ അനുരണനം തന്നെയായിട്ടാണ്. ചുരുക്കത്തില്‍ നന്മയുടെ വെളിച്ചം ലോകത്തിന് കാട്ടിക്കൊടുക്കുവാന്‍ കാലാകാലങ്ങളില്‍ ഈശ്വരസങ്കല്‍പ്പത്തിലധിഷ്ഠിതമായി അവതാരമെടുക്കുന്ന പുണ്ണ്യ പുരുഷന്മാര്‍ ഉണ്ടാകും എന്നത് ചരിത്ര സത്യമാണ്.
‘വിദ്യയും കര്‍മ്മവും കൊണ്ടേ
വിജയിക്കുന്നു സാധ്യത
മതമേതാകിലും മര്‍ത്യന്‍
നന്നായിത്തീരുമമര്‍ത്യത..’
വിദ്യയും, കര്‍മ്മവും ഏകോപിപ്പിച്ച് ലോകത്തിന് വെളിച്ചമാകുക. ജാതിമത ചിന്തകള്‍ക്കപ്പുറം മനുഷ്യചിന്തകള്‍ വളര്‍ത്തിയെടുക്കുക. മാനവീകതയില്‍ ഉറച്ചു നില്‍ക്കുക. ഗുരുവിന്റെ സന്ദേശം ‘പൗര്‍ണ്ണമി’യായി തെളിഞ്ഞു നില്‍ക്കുന്നത് ഇവിടെയെല്ലാം കാണാം. മാത്രമല്ല ഈ കൃതിയില്‍ ഗുരുദേവന്റെ ഉയര്‍ന്ന ജീവിത വീക്ഷണത്തിനോട് താതാമ്യം പ്രാപിക്കാന്‍ പര്യാപ്തമായ വീക്ഷണധാരയുള്ള ധാരാളം മഹാരഥന്മാരെ പല സന്ദര്‍ഭങ്ങളിലും ഉപോദ്ബലമായി സ്മരിക്കുന്നതു കാണാം. ബുദ്ധഭഗവാന്‍, ശ്രീകൃഷ്ണ ഭഗവാന്‍, ശ്രീരാമചന്ദ്രന്‍, യേശുദേവന്‍, മുഹമ്മദ് നബി, വിവേകാനന്ദ സ്വാമികള്‍, ചട്ടമ്പി സ്വാമികള്‍, മഹാത്മഗാന്ധി, മഹാകവി ടാഗോര്‍ എന്നിങ്ങനെ ലോക മാനവികതയില്‍ മാറാമുദ്രപതിപ്പിച്ചിട്ടുള്ള എത്രയോ കര്‍മ്മ സാരഥികളെ ഗുരുപൂര്‍ണ്ണിമയില്‍ ഒളിഞ്ഞും തെളിഞ്ഞും വായനക്കാരന് കണ്ടെത്താനാകും.
‘ ഒരേ ഭൂമിയൊരേ ജന്മം
ഒരേ മര്‍ത്ത്യനൊരേഗണം
ഒരേ ജാതിയോരേ ദൈവം
ഒരുമിക്കുവിനേവരും…’
ഗുരു പൗര്‍ണ്ണമയില്‍ വര്‍ണ്ണിച്ചിരിക്കുന്ന ഈ വരികള്‍ എല്ലാം ഒന്നാണെന്ന ‘അദ്വൈത’ വീക്ഷണത്തില്‍ അടിയുറച്ചി്ട്ടുള്ളതാണ്. വീണ്ടും പൗര്‍ണ്ണമിയുടെ വെള്ളി വെളിച്ചം പ്രസരിക്കുന്നത് കാണുക.
‘ ഒരേ മണ്ണില്‍ പിറന്നോര്‍ നാ-
മൊരേ വംശമൊരേ കുലം
ഒരേ ലോകം നമുക്കെല്ലാ –
മധികാരം സമം സമം…’
ഈ കാലഘട്ടത്തിന് ഏറ്റവും ചേര്‍ന്ന ഒരു സന്ദേശമാണ,് ഗുരുദേവന്റെ ഈ വരികളോട് ചേര്‍ന്നു നിന്നുകൊണ്ട് ഗുരുപൗര്‍ണ്ണമിയില്‍ രമേശന്‍ നായര്‍ ഏറ്റുപാടുന്നത്.
‘ദൈവദശകം’ പോലുള്ള മഹത്തായ രചനകള്‍ നടത്തിയ നാരായണ ഗുരുദേവന്‍ യഥാര്‍ത്ഥത്തില്‍ ഒരു മഹാകവിയാണ്. ഈ മഹാകവിയായ ഗുരുദേവനെ ഗുരു പൗര്‍ണ്ണമിയില്‍ രമേശന്‍ നായര്‍ വിശേഷിപ്പിക്കുന്നത് നോക്കുക.
‘ഭാഷയില്‍ ഭാഷ തീര്‍ക്കുന്നോന്‍
ഭാവനാ നിപുണന്‍ കവി;
ഭാരതം പെറ്റ ഭാഗ്യത്താല്‍
ഋഷിയാം കവിസത്തമന്‍’
അതെ, കവി ഋഷിയാണ്. ഋഷിയുടെ സമചിത്തതയോടെ കാര്യങ്ങളെ ദര്‍ശിക്കുമ്പോഴാണ് നല്ല കവിതകള്‍ ഉണ്ടാകുന്നത്.
മഹാമനീഷിയായ ശ്രീനാരായണ ഗുരുദേവനെ മുന്‍നിര്‍ത്തി കൊണ്ട് മലയാളം വായിക്കാന്‍ അറിയുന്ന സാധാരണക്കാര്‍ക്ക് വേണ്ടി, ആധ്യാത്മിക തത്വബോധത്തെ മുറുകെപ്പിടിച്ചുകൊണ്ടാണ് എസ്. രമേശന്‍ നായര്‍ ഗുരുപൗര്‍ണ്ണമി രചിച്ചത്.
അതുകൊണ്ടായിരിക്കാം കേന്ദ്ര സാഹിത്യ അക്കാദമി ഗുരുപൗര്‍ണ്ണമിയെ ആദരിച്ചത്. ഇനിയും ധാരാളം അംഗീകാരങ്ങള്‍ ഈ കൃതിയെ തേടി വരും എന്നത് നിസംശയമാണ്. വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട് ലോകമെമ്പാടുമുള്ള വായനക്കാര്‍ ആര്‍ഷ ഭാരത സംസ്‌കാര പ്രോക്തമായ ഈ കൃതി വായിക്കും എന്ന് തീര്‍ച്ചയാണ്. കവി രമേശന്‍ നായര്‍ക്ക് എല്ലാ ഭാവുകങ്ങളും.







