Kerala Pranamam

കേരള ഭാഗ്യക്കുറിയില്‍ വ്യാജന്മാരെ തുരത്താന്‍ ലോട്ടറി വകുപ്പ്

കേരള ഭാഗ്യക്കുറിയുടെ വ്യാജന്മാരെ തുരത്താന്‍ പുതിയ നീക്കവുമായി ലോട്ടറി വകുപ്പ്. തട്ടിപ്പുകള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി അന്യഭാഷകളില്‍ പരസ്യം ചെയ്യാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം.
കേരള മഹാലോട്ടറി, കേരള ലോട്ടറി എന്നീ പേരുകളില്‍ നടക്കുന്ന അനധികൃത ഓണ്‍ലൈന്‍ വില്‍പ്പന തടയാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തമിഴ്, ഹിന്ദി, ബംഗാളി, ഒറിയ, അസാമീസ് എന്നീ ഭാഷകളിലാണ് പരസ്യങ്ങള്‍ ചെയ്യുക.അന്യഭാഷകളില്‍ തയ്യാറാക്കിയിട്ടുള്ള പരസ്യങ്ങള്‍ കേരളത്തിലെ ലോട്ടറി ഏജന്‍സികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ അടുത്തയാഴ്ച മുതല്‍ പരസ്യപ്പെടുത്തും. റേഡിയോ പ്രക്ഷേപണവും ഉണ്ടായിരിക്കുന്നതാണ്. നിലവില്‍, കേരള ഭാഗ്യക്കുറിക്ക് ഓണ്‍ലൈന്‍ വില്‍പ്പന ഇല്ല. മറ്റ് സംസ്ഥാനങ്ങളില്‍ കേരള ഭാഗ്യക്കുറിക്ക് വലിയ സ്വാധീനം ഉള്ളതിനാല്‍ തട്ടിപ്പ് സംഘങ്ങള്‍ ഇത് മുതലെടുക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ ലോബികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.കേരള ഭാഗ്യക്കുറി എന്ന് തോന്നിപ്പിക്കുന്ന ലോട്ടറിയുടെ സ്‌കാന്‍ ചെയ്ത ചിത്രം വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ആവശ്യക്കാര്‍ക്ക് അയച്ചാണ് തട്ടിപ്പ്. ഇത്തരത്തില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് വ്യാജമായ വെബ്‌സൈറ്റിന്റെ ലിങ്കും അയക്കുന്നതാണ്. ഈ ലിങ്കില്‍ കയറുമ്പോള്‍ ലോട്ടറിയുടെ സമ്മാനാര്‍ഹമായ നമ്ബറുകള്‍ പത്രത്തില്‍ വരുന്നതുപോലെയുള്ള ചിത്രം ദൃശ്യമാകും. ഇതില്‍ ലോട്ടറി വാങ്ങിയവരുടെ നമ്പറും ഉള്‍പ്പെടുത്തുന്നതാണ്. സമ്മാനത്തിന് അര്‍ഹമായി എന്ന് കബളിപ്പിച്ച ശേഷം 2,500 രൂപ നികുതിപ്പണമായി ഈടാക്കിയാണ് തട്ടിപ്പ്. സമ്മാനത്തുക കൈപ്പറ്റാന്‍ ശ്രമിക്കുമ്പോഴാണ് ഭൂരിഭാഗം ആളുകളും തട്ടിപ്പിന് ഇരയായ വിവരം മനസിലാക്കുന്നത്.