Home Kerala കൊട്ടിയൂര്‍ പീഡനം: ഫാ.റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം പിഴയും

കൊട്ടിയൂര്‍ പീഡനം: ഫാ.റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം പിഴയും

1
0

തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് ശിക്ഷ. വിവിധ കുറ്റങ്ങള്‍ക്ക് 60 വര്‍ഷം തടവ് വിധിച്ചെങ്കിലും 20 വര്‍ഷം തടവ് ഒന്നിച്ചനുഭവിച്ചാല്‍ മതി. വൈദികന്‍ ഫാ. റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരനെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കേസില്‍ മറ്റു ആറു പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.

തലശ്ശേരി പോക്സോ കോടതി ജഡ്ജി പി.എന്‍.വിനോദാണ് ശിക്ഷ പ്രഖ്യാപിച്ചത്. പിഴയില്‍ നിന്ന് ഒന്നര ലക്ഷം രൂപ ഇരയ്ക്ക് നല്‍കണം. കള്ള സാക്ഷി പറഞ്ഞതിന് കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു.

കൊട്ടിയൂര്‍ സെയ്ന്റ് സെബാസ്റ്റ്യന്‍സ് പള്ളിവികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം.എച്ച്.എസ്.എസ്. ലോക്കല്‍ മാനേജറുമായിരുന്ന വയനാട് നടവയലിലെ ഫാ. റോബിന്‍ വടക്കുഞ്ചേരി (റോബിന്‍ മാത്യു – 51) യായിരുന്നു കേസില്‍ ഒന്നാംപ്രതി. ബലാത്സംഗത്തിനും പോക്സോ വകുപ്പുപ്രകാരവുമാണ് വൈദികന്റെ പേരിലുള്ള കേസ്.

കേസില്‍ പ്രതികളായിരുന്ന മൂന്നുപേരെ വിചാരണ നേരിടുന്നതില്‍നിന്ന് സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. ഒന്നാംപ്രതി ഉള്‍പ്പെടെ ഏഴുപ്രതികളാണ് വിചാരണ നേരിട്ടത്. രണ്ടാംപ്രതി കൊട്ടിയൂര്‍ പാലുകാച്ചി നെല്ലിയാനി വീട്ടില്‍ തങ്കമ്മ എന്ന അന്നമ്മ (54), ആറാംപ്രതി മാനന്തവാടി തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ കൊട്ടിയൂര്‍ നെല്ലിയാനിവീട്ടില്‍ ലിസ് മരിയ എന്ന എല്‍സി (35), ഏഴാംപ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ (48), എട്ടാംപ്രതി മാനന്തവാടി വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്‌ലിങ് ഹോമിലെ സിസ്റ്റര്‍ കോട്ടയം പാലാ മീനച്ചില്‍ നന്തിക്കാട്ട് വീട്ടില്‍ ഒഫീലിയ (73), ഒന്‍പതാം പ്രതി കൊളവയല്‍ സെയ്ന്റ് ജോര്‍ജ് പള്ളി വികാരിയും വയനാട് ശിശുക്ഷേമസമിതി മുന്‍ ചെയര്‍മാനുമായ കോഴിക്കോട് പെരുവണ്ണാമുഴി ചെമ്പനോട തേരകം ഹൗസില്‍ ഫാ. തോമസ് ജോസഫ് തേരകം (68), പത്താംപ്രതി വയനാട് ശിശുക്ഷേമസമിതി അംഗവും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറുമായ ഇടുക്കി മൂലമറ്റം കളപ്പുരയില്‍ സിസ്റ്റര്‍ ബെറ്റി ജോസ് എന്ന അച്ചാമ്മ ജോസഫ് (71) എന്നിവരെയാണ് വെറുതെ വിട്ടത്.

വിചാരണക്കിടെ പെണ്‍കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂര്‍ത്തി ആയതാണെന്നും കോടതിയില്‍ പെണ്‍കുട്ടി പറഞ്ഞു. റോബിന്‍ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാട് എടുത്തു.

കേസിലെ ഡിഎന്‍എ പരിശോധന ഫലത്തെ പ്രതിരോധിക്കാന്‍ രാജ്യത്തെ തന്നെ പ്രമുഖ ഡിഎന്‍എ വിദഗ്ധനായ അഭിഭാഷകന്‍ ജി വി റാവുവിനെ ആണ് വൈദികന്‍ രംഗത്തിറക്കിയത്. എന്നാല്‍, പൊലീസ് ഹാജരാക്കിയ ജനന രേഖകളും കുഞ്ഞിന്റെ പിതൃത്വം തെളിയിച്ച ഡിഎന്‍എ ഫലവും പോക്‌സോ കേസില്‍ നിര്‍ണായകമായി.

കേസില്‍ നിന്നൊഴിവാക്കാന്‍ ഇവര്‍ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും വിചാരണ നേരിടാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രസവിച്ച ക്രിസ്തുരാജ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റര്‍ അടക്കം മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.

3,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് ഒരു വര്‍ഷമെത്തും മുന്‍പ് തലശ്ശേരി പോക്‌സോ കോടതി വിധി പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here