പരിസ്ഥിതിയെ സംരക്ഷിക്കാൻ എന്ന വ്യാജേന കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന ഇഐഎ 2020 അപകടകരമായ നീക്കമാണ്. 2016ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരടിൽ ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന ദിവസം ഇന്നാണ്.
കോവിഡ് 19ന്റെ മറവിൽ നടപ്പിലാക്കാൻ പോകുന്ന ഈ നിയമം ഇഐഎ 2020 മറ്റൊരു വിപത്താണ്. ഭോപ്പാൽ ദുരന്തത്തെ തുടർന്ന് വൻകിട വ്യവസായശാലകളും ഖനനവും ക്വാറികളും മറ്റും തുടങ്ങുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന വിലക്കുകളാണ് ഇപ്പോൾ ഇല്ലാതാകാൻ പോകുന്നത്. കോവിഡ് 19 രാജ്യത്തെ കീഴടക്കിയതോടെ സർക്കാരിന് അസാധാരണ നടപടികൾ എടുക്കാനുള്ള അവസരമാണ് നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രി കോവിഡിന്റെ ആദ്യഘട്ടത്തിൽ നടത്തിയ പ്രഖ്യാപനത്തിൽ തന്നെ ബഹിരാകാശവും ഭൂമിയും ഉൾപ്പെടെ എല്ലാ അസംസ്‌കൃത വസ്തുക്കളും ആഗോള കുത്തകകൾക്ക് ചൂഷണം ചെയ്യാനുള്ള വഴിയൊരുക്കിയിരുന്നു. ഐഎസ്ആർഒ പോലുള്ള ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങൾ പോലും സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുത്തു. അതിന്റെ തുടർച്ചയാണ് നമ്മുടെ പരിസ്ഥിതിയെ അപകടപ്പെടുത്തുന്ന ഇഐഎ 2020. എൻവയോൺമെന്റൽ ഇംപാക്ട് അസസ്മെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് ഇഐഎ. ഇതിന്റെ കരട് പ്രസിദ്ധീകരിച്ചതാകട്ടെ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ്. അനവധി ഭാഷകൾ സംസാരിക്കുന്ന നമ്മുടെ രാജ്യത്ത് ഈ രണ്ട് ഭാഷകളിൽ മാത്രം ഒരു കരട് നിയമം പ്രസിദ്ധപ്പെടുത്തി അഭിപ്രായങ്ങൾ തേടുന്നത് ദുഷ്ടലാക്കോടെയാണ്. അതിന് അനുവദിച്ചിരിക്കുന്ന സമയവും വളരെ കുറവാണ്.
പ്രകൃതിദുരന്തങ്ങളും വ്യാവസായിക അപകടങ്ങളും കൊറോണക്കാലത്ത് തന്നെ വർദ്ധിച്ചിരിക്കുകയാണ്. കേരളത്തിൽ തന്നെ മൂന്നാറിലും കരിപ്പൂർ എയർപോർട്ടിലും അനേകം പേരുടെ ജീവൻ അപഹരിച്ച ദുരന്തങ്ങൾ പോലും വികസനത്തിന്റെ ഫലമായി സംഭവിച്ചതാണ്. പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള വികസനം ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുന്നത് കൺമുന്നിൽ നിൽക്കുമ്പോഴാണ് പരിസ്ഥിതി സംരക്ഷിക്കാനുള്ള നിയമം അട്ടിമറിക്കപ്പെടുന്നത്.
1984ലെ ഭോപ്പാൽ ദുരന്തത്തെ തുടർന്നാണ് 86ൽ കർശനമായ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്നത്. ഫാക്ടറികളും ഖനികളും ക്വാറികളും തുടങ്ങണമെങ്കിൽ വിദഗ്ധ സമിതിയുടെ പഠനവും അംഗീകാരവും ഉറപ്പാക്കുന്നതാണ് ഈ നിയമം. എന്നാൽ പുതിയ കരട് നിയമത്തിൽ ഏത് പദ്ധതി തുടങ്ങുന്നതിനും വിലയിരുത്തൽ പഠനം ആവശ്യമില്ല. കടലിലെയും കരയിലെയും എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം, 25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികൾ, ചെറുതും ഇടത്തരവുമായ ധാതുഖനികൾ, ഫർണസ് യൂണിറ്റുകൾ, സിമന്റ് ഫാക്ടറികൾ, ആസിഡ് നിർമ്മാണ ഫാക്ടറികൾ ഇവയ്ക്കൊന്നും തന്നെ മുൻകൂട്ടിയുള്ള പഠനം വേണ്ടെന്നാണ് കരടിൽ പറയുന്നത്.
100 കിലോമീറ്ററിന് താഴെയുള്ള ദേശീയപാതാ വികസനത്തിന് പോലും പഠനങ്ങളുടെ ആവശ്യമില്ല. പുതിയ വിജ്ഞാപനം അനുസരിച്ച് അഞ്ചേക്കർ വരെയുള്ള ഖനനത്തിന് പാരിസ്ഥിതിക അനുമതി വേണ്ട. പഠനമോ, തെളിവെടുപ്പോ ഇല്ലാതെ ഒന്നരലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടങ്ങൾ ആർക്കു വേണമെങ്കിലും കെട്ടിപ്പൊക്കാം. നേരത്തെ 20000 ചതുരശ്ര മീറ്റർ വരെയായിരുന്നു ഇത്തരത്തിൽ അനുമതി നൽകിയിരുന്നത്. വിജ്ഞാപനത്തിലെ മറ്റൊരു അപാകത പദ്ധതികളെ നേരത്തെ തരംതിരിച്ചിരുന്നത് പാരിസ്ഥിതിക ആഘാതം മാത്രം നോക്കിയായിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ പുതിയ നയം അനുസരിച്ച് മുതൽമുടക്കിന്റെ വലിപ്പമാണ് അനുമതിക്കുള്ള പ്രഥമ യോഗ്യത. കൂടുതൽ പണം മുടക്കി നടത്തുന്ന വ്യവസായ സംരംഭങ്ങൾ അപകടകരമാണോ എന്ന് പരിശോധിക്കാതെ തന്നെ അവയ്ക്ക് ഗ്രീൻ സിഗ്‌നൽ നൽകും. ഏറ്റവും വിചിത്രം പാരിസ്ഥിതിക അനുമതിക്ക് അപേക്ഷ നൽകിയാൽ 15 ദിവസത്തിനകം അത് നൽകണമെന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ. 15 ദിവസം കഴിഞ്ഞാൽ അനുമതി കിട്ടിയതായി കരുതി വ്യവസായിക്ക് മുന്നോട്ടുപോകാം.
രണ്ട് പതിറ്റാണ്ട് മുൻപ് വരെ ഒരു ഫ്ളോർ മിൽ തുടങ്ങണമെങ്കിൽ പരിസരത്തുള്ള വീട്ടുകാരുടെ എൻഒസി നിർബന്ധമാണ്. ക്വാറികളുടെ കാര്യത്തിൽ പരിസരത്തെ താമസക്കാരുടെയെല്ലാം എൻഒസി അനിവാര്യമാണ്. ഇതിനു പുറമെയാണ് പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ട്. വിദഗ്ധരായ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് നാട്ടുകാരുമായി തെളിവെടുപ്പ് നടത്തിയാണ് റിപ്പോർട്ട് നൽകുക. ഇപ്പറഞ്ഞ കീഴ്വഴക്കങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് കൊറോണയുടെ മറവിൽ പരിസ്ഥിതിയെ ഒറ്റുകൊടുക്കുന്ന പുതിയ നിയമം വരാൻ പോകുന്നത്. ഈ ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരിക്കുന്നത്. ഭാവിയെ അപകടപ്പെടുത്തുന്ന ഈ നിയമത്തിനെതിരെ ഏറ്റവും കൂടുതൽ രംഗത്തുവന്നിരിക്കുന്നത് യുവാക്കളാണെന്ന കാര്യം ശ്രദ്ധേയമാണ്. കേരളത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. തമിഴ്നാട്ടിലെയും കർണ്ണാടകയിലെയും പരിസ്ഥിതി പ്രസ്ഥാനങ്ങളെല്ലാം ഇതിനെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്.
മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടവരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി. അന്ന് പശ്ചിമഘട്ട മലനിരകൾ സംരക്ഷിക്കാനുള്ള ഗാഡ്ഗിലിന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ചിരുന്നെങ്കിൽ കഴിഞ്ഞ മൂന്നുവർഷമായി കേരളത്തിൽ ഉൾപ്പെടെയുണ്ടായ പ്രളയവും പ്രകൃതിക്ഷോഭങ്ങളും ഒഴിവാക്കാൻ കഴിയുമായിരുന്നു. അന്ന് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഗാഡ്ഗിൽ റിപ്പോർട്ട് വായിച്ചുനോക്കാൻ പോലും കൂട്ടാക്കാതെ തള്ളിക്കളയുകയാണുണ്ടായത്. അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കുന്നില്ല എന്നതിന് തെളിവാണ് വീണ്ടും പരിസ്ഥിതിയെ അപകടപ്പെടുത്തുന്ന നീക്കവുമായി കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
എ, ബി കാറ്റഗറികളിലായി വ്യവസായങ്ങൾക്ക് അനുമതി നൽകാനുള്ള അവകാശം സംസ്ഥാന സർക്കാരുകൾക്കും നൽകിയിട്ടുണ്ട്. കരിമണൽ ഖനനം പോലെയുള്ള പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന വ്യവസായങ്ങൾക്കെല്ലാം പച്ചക്കൊടി കാണിക്കുന്നതാണ് പുതിയ നിയമം. ലോകത്താകെ പാരിസ്ഥിതിക സംരക്ഷണത്തിനായി ശക്തമായ നടപടികൾ എടുക്കുമ്പോഴാണ് മോദി സർക്കാർ വളരെ ലാഘവത്തോടെ ഈ നിയമം നടപ്പിലാക്കാൻ തിടുക്കപ്പെടുന്നത്. എന്നാൽ ഇഐഎ 2020യുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത് കരട് മാത്രമാണെന്നും ചർച്ചകളും തെളിവെടുപ്പുകളും നടത്തിയ ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ എന്നുമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേകർ വ്യക്തമാക്കിയിരിക്കുന്നത്. എന്തായാലും രാജ്യവ്യാപകമായി ഉയർന്നിരിക്കുന്ന വിമർശനങ്ങളും പ്രതിഷേധവും കേന്ദ്ര സർക്കാരിനെ ഒരു പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുമെന്ന് കരുതാം.
Home Breaking News കൊറോണ പോലെ അപകടം ഇഐഎ 2020 ( EDITORIAL)രാജ്യവ്യാപകമായി ഉയർന്നിരിക്കുന്ന വിമർശനങ്ങളും പ്രതിഷേധവും കേന്ദ്ര സർക്കാരിനെ...








