കണ്ണൂർ ∙ കൊല്ലപ്പെട്ട സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ പുകഴ്ത്തി ബിജെപി അനുകൂല വാട്സാപ് ഗ്രൂപ്പുകളിൽ പ്രചാരണം.
സമീപകാലത്തു ബാബു ബിജെപിയുമായി വേദി പങ്കിട്ട ചിത്രം സഹിതമാണു സന്ദേശങ്ങൾ പ്രചരിക്കുന്നത്. ബാബുവിന്റെ കൊലപാതകത്തിനു പിന്നിൽ ആരാണെന്നു കണ്ടെത്തണമെന്നാണ് ആവശ്യം. ബിജെപിയുമായി അടുക്കാൻ ശ്രമിച്ചതിനെത്തുടർന്നു സിപിഎമ്മിന്റെ അറിവോടെയാണു കൊലപാതകം നടത്തിയതെന്ന തരത്തിലാണു പ്രചാരണം നടക്കുന്നത്.
തലശ്ശേരി–മാഹി ബൈപാസ് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട ആക്‌ഷൻ കമ്മിറ്റിയുടെ സജീവ ഭാരവാഹിയായിരുന്നു കണ്ണിപ്പൊയിൽ ബാബു. സ്ഥലമേറ്റെടുത്തിട്ടും 40 വർഷമായി നഷ്ടപരിഹാരം ലഭിക്കാത്ത മാഹി ബൈപാസ് ഭൂവുടമകൾക്കു വേണ്ടി രംഗത്തിറങ്ങിയതു ബൈപാസ് ആക്‌ഷൻ കമ്മിറ്റിയായിരുന്നു. എല്ലാ വിഭാഗം രാഷ്ട്രീയപാർട്ടികളിലെയും അണികൾ ഈ കമ്മിറ്റിയിലുണ്ടായിരുന്നു. ഭൂവുടമകൾക്കു വേണ്ടി നിരന്തരം സർക്കാർ ഓഫിസുകളിലും കോടതിയിലും കയറിയിറങ്ങിയ ഇദ്ദേഹം ബിജെപി നേതാവ് പി.കെ.കൃഷ്ണദാസിനൊപ്പം ദേശീയപാത അധികൃതരെയും കാണാൻ പോയിരുന്നു.
ബാബു കൂടി നടത്തിയ ഇടപെടലുകളുടെ ഫലമായാണ് ഏതാനും മാസം മുൻപു ഭൂവുടമകൾക്കു നഷ്ടപരിഹാരം നൽകിയത്. ഇതേത്തുടർന്നു പള്ളൂർ ശ്രീനാരായണ ഹൈസ്കൂളിൽ ഭൂവുടമകൾ നടത്തിയ ചടങ്ങിൽ കണ്ണിപ്പൊയിൽ ബാബുവിന് ഉപഹാരം നൽകിയിരുന്നു. പി.കെ.കൃഷ്ണദാസായിരുന്നു ഉപഹാരം സമ്മാനിച്ചത്. ഈ ചിത്രം സഹിതമാണു വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചാരണം നടക്കുന്നത്. എന്നാൽ മാഹി എംഎൽഎ വി.രാമചന്ദ്രൻ അടക്കമുള്ള മറ്റു പാർട്ടികളുടെ നേതാക്കളും വേദിയിലുണ്ടായിരുന്നുവെന്നാണു ചടങ്ങിൽ പങ്കെടുത്തവർ നൽകുന്ന വിവരം.





