Home National കോടതിയലക്ഷ്യകേസില്‍ അനില്‍ അംബാനി കുറ്റക്കാരന്‍; പിഴ അടച്ചില്ലെങ്കില്‍ ജയില്‍ശിക്ഷ

കോടതിയലക്ഷ്യകേസില്‍ അനില്‍ അംബാനി കുറ്റക്കാരന്‍; പിഴ അടച്ചില്ലെങ്കില്‍ ജയില്‍ശിക്ഷ

6
0

ന്യൂഡല്‍ഹി : കോടതിയലക്ഷ്യ കേസില്‍ അനില്‍ അംബാനി കുറ്റക്കാരനെന്ന് സുപ്രിംകോടതി. എറിക്‌സണ്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. അനില്‍ അംബാനിക്കും റിലയന്‍സിന്റെ രണ്ട് ഡയറക്ടര്‍മാര്‍ക്കുമെതിരെ കോടതി കോടതിയലക്ഷ്യ കുറ്റം ചുമത്തി. അനില്‍ അംബാനി നല്‍കിയ മാപ്പപേക്ഷ കോടതി തള്ളി.

നാല് ആഴ്ചയ്ക്കകം 453 കോടി രൂപ പിഴ അടയ്ക്കണമെന്നും അല്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്നും കോടതി ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം പിഴത്തുക അടച്ചില്ലെങ്കില്‍ അനില്‍ അംബാനി അടക്കം മൂന്നുമാസം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അനില്‍ അംബാനിയുടെയും കൂട്ടരുടേതും തികഞ്ഞ ധിക്കാരമാണ്. കോടതി ഉത്തരവ് ബോധപൂര്‍വ്വം അനുസരിച്ചില്ല. ഇത്തരം ഗര്‍വ്വിഷ്ഠമായ നടപടികള്‍ അംഗീകരിക്കാനാകില്ല. കോടതി ഉത്തരവ് ധിക്കരിച്ച അനില്‍ അംബാനിക്കും കൂട്ട് ഡയറക്ടര്‍മാര്‍ക്കും ഒരു കോടി രൂപ പിഴയും വിധിച്ചു. ഒരു മാസത്തിനകം സുപ്രിംകോടതി രജിസ്ട്രിയില്‍ പണം അടയ്ക്കണം. ഇല്ലെങ്കില്‍ ഒരു മാസം ജയില്‍ ശിക്ഷ കൂടി അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിട്ടു.

കോടതിയുത്തരവനുസരിച്ച് നല്‍കേണ്ട 550 കോടി രൂപ നിശ്ചിത സമയത്തിനകം നല്‍കാത്തതിന് എറിക്‌സണ്‍ ഇന്ത്യയാണ് ഹര്‍ജി നല്‍കിയത്.റിലയന്‍സ് ജിയോക്ക് ആസ്തികള്‍ വിറ്റ വകയില്‍ 3000 കോടി രൂപ കിട്ടിയ ആര്‍കോം 2018 ഡിസംബര്‍ 15 നകം തുക അടയ്ക്കണമെന്ന ഉത്തരവ് പാലിക്കാതെ കോടതിയലക്ഷ്യമാണ് കാട്ടിയിരിക്കുന്നതെന്ന് എറിക്‌സണു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ പറഞ്ഞു.

കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും പണമടയ്ക്കുംവരെ അംബാനിയെയും മറ്റും തടവിലിടണമെന്നും ഇവര്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ നടപടിയെടുക്കണമെന്നുമാണ് എറിക്‌സണ്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 23 നാണ് എറിക്‌സണ്‍ അനുകൂല വിധി സമ്പാദിച്ചത്. അവസാന അവസരമെന്ന നിലയിലാണ് കോടതി അന്ന് ഡിസംബര്‍ 15 എന്ന സമയപരിധി വച്ചത്. യഥാര്‍ഥത്തില്‍ 1500 കോടിയാണ് കിട്ടേണ്ടതെങ്കിലും കടത്തില്‍ മുങ്ങിയ കമ്പനിയെന്ന നിലയില്‍ 550 കോടിക്ക എറിക്‌സണ്‍ സമ്മതിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here