
കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? ലോകത്ത് ഇതുപോലെ തര്‍ക്കവിഷയമായിട്ടുള്ള മറ്റൊരു കാര്യമില്ല. പല പഠനങ്ങളും ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നു. ഈ വിഷയത്തില്‍ ഒരു പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ജനീവ സര്‍വകലാശാലയിലെ ബയോ കെമിസ്റ്റ് മറൈന്‍ ഒലിവേറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിന് പിന്നില്‍. ഭ്രൂണം പോലുള്ള ഘടനകള്‍ രൂപപ്പെടുത്താനുള്ള കഴിവ് മൃഗങ്ങളുടെ ആവിര്‍ഭാവത്തിന് മുമ്പായിരിക്കാമെന്നാണ് പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നൂറുകോടി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇക്ത്യോസ്പോറിയന്‍ സൂക്ഷ്മജീവിയായ ക്രോമോസ്ഫേറ പെര്‍കിന്‍സി എന്ന ഏകകോശ ജീവിയെക്കുറിച്ചുള്ള പഠനത്തില്‍ നിന്നാണ് ഗവേഷകര്‍ ഈ അനുമാനത്തിലെത്തിയത്.
ജീവികളുടെ ഭ്രൂണവികാസത്തിന് സമാനമായ പുനര്‍നിര്‍മാണം ക്രോമോസ്ഫേറ പെര്‍കിന്‍സി നടത്തുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മൃഗങ്ങളുടെ ഭ്രൂണവളര്‍ച്ചയുടെ പ്രാരംഭഘട്ടത്തോട് സാമ്യമുള്ള പാലിന്റോമി എന്ന പ്രക്രിയയ്ക്ക് ക്രോമോസ്ഫേറ പെര്‍കിന്‍സി വിധേയമാകുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
പാലിന്റോമി ഘട്ടത്തിനുശേഷം ജീവികള്‍ ആദ്യകാല ജന്തു ഭ്രൂണങ്ങളുടെ സവിശേഷതയായ പൊള്ളയായ ഗോളാകൃതിയിലുള്ള കോശങ്ങളെ, അഥവാ ഒരു ബ്ലാസ്റ്റുലയെ അനുസ്മരിപ്പിക്കുന്ന കോശങ്ങളുടെ ഒരു കൂട്ടം ഉണ്ടാക്കുന്നു. ഈ കോളനിക്കുള്ളില്‍ കുറഞ്ഞത് രണ്ട് വ്യത്യസ്ത സെല്‍ തരങ്ങളെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഒരു ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃഗങ്ങളുടെ വംശത്തില്‍നിന്ന് ഇക്ത്യോസ്പോറിയന്‍സ് വിഭാഗം വ്യതിചലിച്ചതിനാല്‍ ഈ കണ്ടെത്തല്‍ വളരെ പ്രധാനമാണ്.
ക്രോമോസ്ഫേറ പെര്‍കിന്‍സിയുടെ പ്രത്യുത്പാദന പ്രക്രിയയും മൃഗങ്ങളുടെ ഭ്രൂണവികാസവും തമ്മിലുള്ള സാമ്യം, സങ്കീര്‍ണ്ണമായ ബഹുകോശ ജീവികളുടെ പരിണാമത്തിന് വളരെ മുമ്പുതന്നെ നിലനിന്നിട്ടുണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
എങ്കിലും വ്യത്യസ്ത സ്പീഷീസില്‍പ്പെട്ട ജീവികളില്‍ സമാനമായ സ്വഭാവവിശേഷങ്ങള്‍ക്ക് കാരണമാകുന്ന സംയോജിത പരിണാമവും (C ഇതിന് കാരണമാണെന്ന മുന്നറിയിപ്പും ശാസ്ത്രജ്ഞര്‍ നല്‍കുന്നുണ്ട്. നാച്വര്‍ മാഗസിനിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പക്ഷി-മൃഗാദികളുടെ ഉത്ഭവത്തെക്കുറിച്ച് വെളിച്ചം വീശുന്നതിലുപരി നമ്മുടെ ഗ്രഹത്തിലെ ഏറ്റവും ലളിതമായ ജീവജാലങ്ങളുടെ പോലും ശ്രദ്ധേയമായ സങ്കീര്‍ണ്ണതയും വൈവിധ്യവും പ്രകടമാക്കുകയും ചെയ്യുന്നതാണ് റിപ്പോര്‍ട്ട്.








