കോവിഡ് മഹാമാരിയെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ. ലോകമാകെ ദുരിതം വിതയ്ക്കുന്ന കോവിഡിനു പുതിയ മൂന്നു ലക്ഷണങ്ങൾ കൂടി കണ്ടെത്തിയതായി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). ഇതോടെ കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളുടെ എണ്ണം 12 ആയി.
മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ്, ഛർദി, വയറിളക്കം എന്നിവയാണു പുതുതായി ചേർത്ത ലക്ഷണങ്ങൾ. പനി അല്ലെങ്കിൽ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശി അല്ലെങ്കിൽ ശരീരവേദന, തലവേദന, മണം അല്ലെങ്കിൽ രുചി നഷ്ടപ്പെടൽ, തൊണ്ടവേദന തുടങ്ങിയവയാണു സിഡിസിയുടെ പട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നത്.
‘സാധ്യമായ എല്ലാ ലക്ഷണങ്ങളും ഇതിലുൾപ്പെടുന്നില്ല. കോവിഡിനെക്കുറിച്ച് കൂടുതലറിയുമ്പോൾ പട്ടിക പുതുക്കുന്നതു തുടരും…’ സിഡിസി അവരുടെ വെബ്‌സൈറ്റിൽ പറഞ്ഞു. കോവിഡ് ബാധിച്ച ആളുകൾ വ്യത്യസ്തമായ ലക്ഷണങ്ങൾ കാണിച്ചേക്കാം. സാർസ് കോവ്2 വൈറസ് ബാധിച്ച് 2 മുതൽ 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാമെന്നും സിഡിസി മുന്നറിയിപ്പ് നൽകി.
രോഗം സ്ഥിരീകരിച്ച കേസുകളിൻമേൽ ലോകാരോഗ്യ സംഘടനയുടെ അവലോകനത്തിൽ ഇനിപ്പറയുന്ന സാധാരണ ലക്ഷണങ്ങളും സൂചിപ്പിച്ചിരിക്കുന്നു: പനി (87.9% കേസുകൾ), വരണ്ട ചുമ (67.7%), ക്ഷീണം (38.1%), കഫം ഉത്പാദനം (33.4%), ശ്വാസം മുട്ടൽ (18.6%), തൊണ്ടവേദന(13.9%), തലവേദന (13.6%), മയാൽജിയ (പേശീവേദന) അല്ലെങ്കിൽ അർത്രാൽജിയ (സന്ധിവേദന) ( (14.8%), മരവിപ്പ് (11.4%), ഓക്കാനം അല്ലെങ്കിൽ ഛർദ്ദി (5.0%), മൂക്കൊലിപ്പ് (4.8%), വയറിളക്കം (3.7 %), രക്തം ചുമയ്ക്കുന്നത് (0.9%),
വൈറസ് ശരീരത്തിലെത്തിയ ആൾക്കാരിൽ 97.5% പേർക്ക് 11.5 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രകടമാകും. ക്വാറന്റൈൻ പൂർത്തിയാക്കി പുറത്തെത്തിയവരിൽ 10000 പേർക്ക് 101 പേർ എന്ന കണക്കിൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടേക്കാം. 19 വയസിന് താഴെയുള്ളവരിൽ 2.5 പേർ എന്ന കണക്കിനാണ് രോഗം അല്പമെങ്കിലും മൂർച്ഛിക്കുന്നത്.








