Home Breaking News കോവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ,

കോവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ,

3
0

ഇന്നലെ ജില്ലയിൽ  27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ

22 പേർക്കും പടർന്നത് സമ്പർക്കം വഴി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി. തിരുവനന്തപുരം കോർപറേഷൻ പരിധിയിലാണ് തിങ്കളാഴ്ച രാവിലെ ആറ് മുതൽ ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. മരുന്ന് വാങ്ങാനല്ലാതെ ആരെയും വീടിനു പുറത്തിറങ്ങാൻ അനുവദിക്കില്ല. മരുന്നുകടകളിൽ പോവുന്നവർപോലും സത്യവാങ്മൂലം കൈയിൽ കരുതണം.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കുമെങ്കിലും വാങ്ങാൻ ആളുകൾക്ക് അനുവാദമില്ല. പോലിസ് നൽകുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുന്നവർക്ക് സാധനങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കും. നഗരത്തിലേക്കുള്ള പ്രവേശിക്കാനും പുറത്തേയ്ക്കിറങ്ങാനുമുള്ള ഒരു വഴിയൊഴിച്ച് മറ്റെല്ലാം അടയ്ക്കും. കെഎസ്ആർടിസി ഡിപ്പോയും സർക്കാർ, സ്വകാര്യസ്ഥാപനങ്ങളും തുറക്കില്ല. സെക്രട്ടേറിയറ്റും അടഞ്ഞുകിടക്കും. കോടതികളിൽ കേസ് പരിഗണിക്കുന്നതും മാറ്റി. ഒരാഴ്ചത്തേക്ക് കോടതികളിൽ കേസുകൾ പരിഗണിക്കില്ല.
സമ്പർക്കരോഗികൾ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. ജില്ലയിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകളിൽ അഞ്ചെണ്ണമൊഴികെ എല്ലാം സമ്പർക്കത്തിലൂടെ പടർന്നതാണ്. ശനിയാഴ്ച ആകെ 16 കേസിൽ നാലെണ്ണമാണ് സമ്പർക്കത്തിലൂടെ പകർന്നതെങ്കിൽ ഇന്നലെ 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 22 പേർക്കും സമ്പർക്കം വഴിയാണ് പടർന്നത്. ഇതിൽ ഭൂരിപക്ഷം കേസുകളും ജില്ലയിലെ നഗരപരിധിയിലാണ്.
സംസ്ഥാനത്തൊട്ടാകെ ഇന്നലെ 38 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നതെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ തലസ്ഥാന ജില്ലയിലാണ്. തിരുവനന്തപുരത്ത് 22 പേർക്കും. കോഴിക്കോട് അഞ്ച് പേർക്കും കാസർഗോഡ് നാല് പേർക്കും എറണാകുളത്ത് മൂന്ന് പേർക്കും മലപ്പുറത്ത് രണ്ട് പേർക്കും ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കും വീതമാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്.
തിരുവനന്തപുരത്ത് സമ്പർക്കം വഴിയുള്ള കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തതിൽ ഭൂരിപക്ഷവും നിലവിൽ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ നിന്നാണ്.
തിരുവനന്തപുരത്തെ സ്ഥിതി അതിസങ്കീർണമാണെന്ന് കഴിഞ്ഞ ദിവസംവരെയുള്ള സ്ഥിതിഗതികളുടെ അടിസ്ഥാനത്തിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ഒരു അഗ്‌നിപർവതത്തിന് മുകളിലാണ് നമ്മളെന്ന് എല്ലാവരും ഓർക്കണം. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം. സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് കരുതാനാകില്ല.
മണക്കാട്, പൂന്തുറ മേഖലയിലാണ് സമ്പർക്കത്തിലൂടെ രോഗം വർധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here