പി.എ അലക്‌സാണ്ടര്‍
കേരള നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ ദി കേരള ചര്‍ച്ച് (പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍) ബില്‍ 2019 എന്ന പേരില്‍ പുറത്തിറക്കിയ കരട് ബില്ലിനെക്കുറിച്ച് പൊതുജനാഭിപ്രായം ആരാഞ്ഞുകൊണ്ടിരിക്കുകയാണല്ലോ? ആ ബില്ലിന്റെ കരടിനെപ്പറ്റി വ്യാപക പ്രതിഷേധവും വിവാദവും ക്രൈസ്തവ സഭകള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നു.
വിവിധ ക്രൈസ്തവ സമൂഹങ്ങളിലെ ബിഷപ്പുമാര്‍ സംയുക്തമായി ഫെബ്രുവരി 28ന് ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന് സംസ്ഥാന നിയമപരിഷ്‌ക്കരണ കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിക്കുന്ന ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു.
കത്തോലിക്ക, യാക്കോബായ, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമാ, സി.എസ്.ഐ സഭാപ്രതിനിധികളുടെ സംയുക്തയോഗമാണന്നു ചേര്‍ന്നത്. കേരളം ക്രൈസ്തവ സഭക്ക് ബില്‍ സ്വീകാര്യമല്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. സഭാ സ്വത്തുക്കള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ് ബില്ലിന്റെ ലക്ഷ്യമെന്ന് യോഗം ആശങ്കപ്പെട്ടു.
സഭാ സ്വത്തുക്കളുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണം ക്രൈസ്തവര്‍ അംഗീകരിക്കില്ലെന്ന നിലപാട് ക്രൈസ്തവ സംയുക്തയോഗം സ്വീകരിച്ചു. ബില്‍ സംബന്ധിച്ച് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്നാണ് യോഗം ആവശ്യപ്പെട്ടത്. ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു. ആര്‍ച്ചബിഷപ്പ്മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരുന്നു. ഒന്നരഡസനോളം ബിഷപ്പുമാരും, വൈദികരും, സഭാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ചര്‍ച്ച് ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് കെ.സി.ബി.സിയുടെ നിലപാട്. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കെ.സി.ബി.സി ചൂണ്ടിക്കാട്ടി. മതേതര രാജ്യമായ ഇന്ത്യയില്‍ ജനാധിപത്യ വിരുദ്ധമായ ഇത്തരം ഒരു ബില്‍ പാസ്സാക്കാനേ പാടില്ല.
ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഓരോ മതത്തിനും, അതിലെ വിഭാഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍ തുടങ്ങാനും നടത്താനും അവകാശമുണ്ട്. മതപരമായ കാര്യങ്ങള്‍ സ്വയം കൈകാര്യം ചെയ്യാം – സ്ഥാവര ജംഗമ വസ്തുക്കള്‍ സമ്പാദിക്കാം, ഉടമസ്ഥത നിലനിര്‍ത്താം. ഭരണഘടനയുടെ അനുച്ഛേദം 26 ഉറപ്പു നല്‍കുന്ന മേല്‍പ്പറഞ്ഞ അവകാശങ്ങളെ പൊതുക്രമസമാധാനം, ധാര്‍മികത, ആരോഗ്യം എന്നിവയൊഴികെ മറ്റു കാരണങ്ങളുടെ പേരില്‍ നിഷേധിക്കാനോ, പരിമിതപ്പെടുത്താനോ, നിയന്ത്രിക്കാനോ സര്‍ക്കാരിനും, നിയമനിര്‍മ്മാണസഭയ്ക്കും അധികാരം ഇല്ലെന്ന് കെ.സി.ബി.സി വ്യക്തമാക്കി. മേല്‍പ്പറഞ്ഞ 3 കാരണങ്ങള്‍ സംബന്ധിച്ച് ഏതെങ്കിലും ആക്ഷേപം ആരെങ്കിലും ഇതുവരെ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ?
സഭാ സ്വത്തുക്കള്‍ സംബന്ധിച്ച് സഭകള്‍ക്ക് കാനോനിക നിയമങ്ങളും ഉണ്ട്. അതനുസരിച്ച് ഭരണം നടത്തുക ക്രിസ്തീയ സഭകളുടെ മൗലിക അവകാശമാണ്. കാനോന്‍ നിയമത്തിലെ വ്യവസ്ഥകളും, പ്രയോഗങ്ങളും പൊതുക്രമസമാധാനത്തിനും, ധാര്‍മ്മികതയ്ക്കും, ആരോഗ്യത്തിനും എതിരാണെങ്കില്‍ മാത്രമേ ഭരണ സംവിധാനത്തിന് ഇടപെടാനാവൂ. നിര്‍ദ്ദിഷ്ട ബില്ലില്‍ അത്തരം ആരോപണങ്ങള്‍ ഒന്നും ഇല്ല. മതവിഭാഗങ്ങളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ രാജ്യനിയമങ്ങളുടെ ലംഘനം ഉണ്ടെങ്കില്‍ അതു ചെറുക്കാന്‍ നിലവില്‍ സംവിധാനം ഉണ്ട്. രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങള്‍ പാലിച്ച് കരവും ഫീസുകളും ഒടുക്കി രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ പാലിച്ചും ഓഡിറ്റുകള്‍ നടത്തിയുമാണ് സഭാസ്വത്തുക്കള്‍ പരിപാലിക്കുന്നതെന്ന് കെ.സി.ബി.സി ചൂണ്ടിക്കാട്ടി.
ബില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു; പക്ഷേ, മുഖ്യമന്ത്രിയുടെ വെറും ഒരു പ്രഖ്യാപനം കൊണ്ട് മാത്രം പരിഹരിക്കത്തക്കതു പോലെയല്ല ഇപ്പോള്‍ ആ വിഷയത്തിന്റെ മാനം. അത്രയും ആശയക്കുഴപ്പം ഇപ്പോള്‍ ചര്‍ച്ച് ബില്ലിന്റെ കാര്യത്തിലുണ്ട്.
ക്രൈസ്തവസഭാസ്ഥാപനങ്ങളിലും, പള്ളികളിലും സ്വത്തുതര്‍ക്കം ഉണ്ടായാല്‍ പരിഗണിക്കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന വ്യവസ്ഥയാണ് ചര്‍ച്ച് ബില്ലിനെ എതിര്‍ക്കാനുള്ള പ്രധാനകാരണം. സര്‍ക്കാരിന് ഏകാംഗ ട്രൈബ്യൂണലോ, മൂന്നംഗ ട്രൈബ്യൂണലോ രൂപീകരിക്കാമെന്നാണ് ബില്ലിലെ നിര്‍ദ്ദേശം. ട്രൈബ്യൂണലിനെ നിയമിക്കാന്‍ ജില്ലാ ജഡ്ജിയാകാനുള്ള യോഗ്യതയാണ് വേണ്ടത്. ഗവണ്‍മെന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച ആളെയും ട്രൈബ്യൂണലില്‍ അംഗമായി വെയ്ക്കാനാണ് കരട് ബില്‍ നിര്‍ദ്ദേശിക്കുന്നത്. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമാണെന്നും കരട് ബില്‍ പറയുന്നു. സഭാ സ്വത്ത് കൈകാര്യം ചെയ്യുന്നതിന് കേരളത്തില്‍ പ്രത്യേക നിയമം നിലവിലില്ലെന്ന് ജസ്റ്റിസ് കെ. റ്റി. തോമസ് അധ്യക്ഷനായ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
എന്നാല്‍ ഇത്തരം കാര്യങ്ങളും തര്‍ക്കങ്ങളും കൈകാര്യം ചെയ്യാന്‍ ബി.പി.എല്‍ നിയമങ്ങള്‍ ഉണ്ടെന്നാണ് സഭാ നേതൃത്വങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. പള്ളികളില്‍ വോട്ടവകാശ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന സഭാ സ്ഥാനീയര്‍ (പ്രത്യേക കമ്മിറ്റി) ആണ് ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. സഭയുടെ സ്വത്തും മറ്റെല്ലാ കാര്യങ്ങളും മാനേജ് ചെയ്യുന്നതിന് പള്ളിയുടെ വികാരി ഉണ്ടായിരിക്കും. വികാരിയുടെ മാനേജ്‌മെന്റില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഹയര്‍ അതോറിറ്റിയാണ് പരിശോധിക്കുക.
രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായിട്ടാണ് സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതെന്നാണ് സഭാനേതൃത്വങ്ങളുടെ നിലപാട്. ഇന്ത്യന്‍ ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന നീതിന്യായ സംവിധാനത്തിനു മുകളില്‍ സര്‍ക്കാര്‍ നിയമിക്കുന്ന ട്രൈബ്യൂണല്‍ ആവശ്യം ഉണ്ടോ എന്ന സഭയുടെ നിലപാടിനെ നമുക്ക് തള്ളിക്കളയാനാകുമോ? ഭരണകൂടത്തിന്റെയും, നിയമനിര്‍മ്മാണ സഭകളുടെയും സ്വാധീനത്തിനു പുറത്ത് സ്വതന്ത്രമായി നിലനില്‍ക്കുന്ന ജ്യൂഡീഷ്യറിയാണ് ഇന്ത്യാരാജ്യത്തിന്റെ കരുത്ത്. സഭാ സ്വത്ത് സംബന്ധിച്ച കേസുകളിലും നിഷ്പക്ഷ സ്വഭാവമുള്ള കോടതികള്‍ എടുക്കുന്ന തീരുമാനങ്ങളാവില്ലേ കൂടുതല്‍ ഫലപ്രദം?
ചര്‍ച്ച് ബില്ലിന്റെ കരടില്‍ പറയുന്നതനുസരിച്ച് ട്രൈബ്യൂണലിന്റെ അംഗബലം സര്‍ക്കാരാണ് തീരുമാനിക്കുക. സര്‍ക്കാര്‍ നിയന്ത്രണം ഉള്ള സമാന്തരനീതിന്യായ പീഠമായി ഇതുമാറില്ലെന്നെന്താണ് ഉറപ്പ്? അങ്ങനെ മാറിയാലത്തെ സ്ഥിതി അതീവ ഗുരുതരമായില്ലെയെന്നാണ് സഭകള്‍ ചോദിക്കുന്നത്.
ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ 1957ല്‍ നിയമമന്ത്രി ആയിരിക്കുമ്പോഴും, പത്ത് വര്‍ഷം മുമ്പ് നിയമപരിഷ്‌ക്കരണ കമ്മീഷന്‍ ആയിരിക്കുമ്പോഴും ഇതേ വിഷയത്തില്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. 1957-ല്‍ കമ്മ്യൂണിസ്റ്റാചാര്യന്‍ ഇ. എം. ശങ്കരന്‍ നമ്പൂതിരിപ്പാട് തന്നെ ജസ്റ്റിസ് കൃഷ്ണയ്യരുടെ നീക്കത്തെ എതിര്‍ത്ത് തോല്പിച്ചിരുന്നു.
ഇപ്പോഴത്തെ കരട്ബില്‍ നിയമമായില്ലെങ്കിലും അത് പിന്‍വലിക്കാതെ,ചര്‍ച്ചയ്ക്ക് വെച്ച് വിലപേശല്‍ രാഷ്ട്രീയത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണമാണ് ക്രൈസ്തവ സഭകള്‍ മുന്നോട്ടുവയ്ക്കുന്നത്. കരട് ബില്ലിനെപ്പറ്റി പബ്ലിക് ഹിയറിംഗ് ഉണ്ടാകുമോ എന്നും വ്യക്തമല്ല. ആശങ്ക ഉയര്‍ത്തുന്ന ചര്‍ച്ച്ബില്ലില്‍ വ്യക്തത വരുത്താന്‍ തയ്യാറാകണം.




