Home Special Story ഗാന്ധിജിയെ കണ്ടെത്തിയ പ്രതിഭ

ഗാന്ധിജിയെ കണ്ടെത്തിയ പ്രതിഭ

1
0

ജോസ് ചന്ദനപ്പള്ളി

ലോക നന്മയ്ക്ക് നരേന്ദ്രനെ (സ്വാമിവിവേകാനന്ദന്‍) പ്രാപ്തനാക്കിയശേഷം വിടപറഞ്ഞ ശ്രീരാമകൃഷ്ണ പരമഹംസരെപ്പോലെയായിരുന്നു ഗോപാലകൃഷ്ണഗോഖലെ. അദ്ദേഹം ഭാവി ഇന്ത്യയുടെ രാഷ്ട്രീയ അമരക്കാരനായി കണ്ടത് അപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ സത്യാഗ്രഹസമരം നടത്തിയിരുന്ന ഗാന്ധിജിയെയാണ്. തെക്കേആഫ്രിക്കയിലെ ഇന്ത്യാക്കാരുടെ സ്ഥിതി അനേ്വഷിച്ചറിയുന്നതിനായി 1912-ല്‍ ഗോഖലെ അവിടേയ്ക്കു പുറപ്പെട്ടു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ അവിടെ നടത്തിയിരുന്ന സമരങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യാത്ര. ദക്ഷിണാഫ്രിക്കന്‍ വിശേഷങ്ങള്‍ ഗാന്ധി ഗോഖലെയെ യഥാസമയം എഴുതി അറിയിച്ചിരുന്നു. 1915 ജനുവരി 9-ന് ഗാന്ധിജി ഇന്ത്യയിലെത്തിയത് ഗോഖലെയെ സന്തോഷിപ്പിച്ചു. അക്കാലത്ത് രോഗശയ്യയില്‍ അവശനിലയില്‍ കഴിഞ്ഞിരുന്ന ഗോഖലെയെ സന്ദര്‍ശിക്കാന്‍ ഗാന്ധി കസ്തൂര്‍ബായോടൊന്നിച്ച് എത്തി. ഗോഖലെ ഇങ്ങനെ ഉപദേശിച്ചു. ”ഒരു വര്‍ഷമെങ്കിലും നാട്ടിലുടനീളം സഞ്ചരിച്ച് സാഹചര്യങ്ങള്‍ സൂഷ്മമായി മനസ്സിലാക്കുക; അതിനുശേഷം മാത്രമെ അഭിപ്രായം പറയാവൂ”. . . . . ഇതായിരുന്നു ഗോഖലെ ഗാന്ധിജിയ്ക്ക് നല്‍കിയ ഉപദേശം. ഇത് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുശേഷം 1915 ഫെബ്രുവരി 19-ന് ഗോഖലെ ഈ ലോകത്തോട് വിടപറഞ്ഞു.

കേവലം 49 വര്‍ഷത്തെ ജീവിതം. കഷ്ടപ്പാടുകള്‍ നിറഞ്ഞബാല്യം. അധ്വാനത്തിലൂടെ നേടിയെടുത്ത ജീവിതവിജയം. ഇരുപതാം വയസ്സില്‍ കോളേജ് അദ്ധ്യാപകനില്‍ തുടങ്ങി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷനും കേന്ദ്രനിയമസഭയിലെ പ്രതിപക്ഷനേതാവുമായിത്തീര്‍ന്ന ഗോപാലകൃഷ്ണഗോഖലെയുടെ വിശ്രമരഹിതമായ ജീവിതത്തിന്റെ ഒരു ഏടാണിത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാവും മാഹാത്മഗാന്ധിയുടെ രാഷ്ട്രീയഗുരുവുമായ ഗോപാലകൃഷ്ണ ഗോഖലെയെപ്പറ്റി ഗാന്ധിജിതന്നെ ആത്മകഥയില്‍ ഇങ്ങനെവിവരിക്കുന്നു: ”സര്‍ ഫിറോസ് ഷാ മേത്ത (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളന അധ്യക്ഷന്‍) ഹിമാലയത്തെപ്പോലെയും ലോകമാന്യ തിലകന്‍ സമുദ്രത്തെപ്പോലെയുമാണ് എനിക്ക് തോന്നിയത്. ഗോഖലെയാകട്ടെ, ഗംഗയെപ്പോലെയായിരുന്നു. ആര്‍ക്കും അതിലൊന്ന് കുളിച്ച് ക്ഷീണം തീര്‍ക്കാം”.

1920 ആഗസ്റ്റ് 1 : ബാലഗംഗാധരതിലകന്റെ ശവസംസ്‌കാരം ചടങ്ങ് ആരംഭിച്ചു. അദ്ദേഹത്തിന്റെ ശവമഞ്ചം ഉയര്‍ത്താനുള്ള അവകാശം തങ്ങള്‍ക്ക് മാത്രമാണെന്നും മറ്റുള്ളവര്‍ തൊട്ട് അശുദ്ധമാക്കാന്‍ പാടില്ലെന്നും ബ്രാഹ്മണര്‍ വാദിച്ചു. പൊതുപ്രവര്‍ത്തകന് ജാതിയില്ലെന്ന് പറഞ്ഞ് ഗാന്ധിജി ശവമഞ്ചം ഉയര്‍ത്താന്‍ ശ്രമിച്ചു. അദ്ദേഹത്തെ തുടര്‍ന്നു ആയിരക്കണക്കിന് കൈകള്‍ ശവമഞ്ചം പൊക്കാന്‍ നീണ്ടു. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തില്‍ പുതിയ നേതാവിന്റെ ഉദയമായിരുന്നു അത്. ബാലഗംഗാധര തിലകന്റെ മരണത്തോടെ ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അനിഷേധ്യനേതാവായി. ഗോഖലെയുടെ സ്വപ്‌നവും അതായിരുന്നു. ഗാന്ധിജി മനസ്സില്‍ക്കണ്ട ഒരു മാതൃകാനേതാവിന്റെ എല്ലാ നന്മകളും ഗോഖലെയ്ക്കുണ്ടായിരുന്നു.

ജനസേവനത്തിനുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതം:-പഴയ ബോംബെ സ്റ്റേറ്റിലെ (മഹാരാഷ്ട്ര) രത്‌നഗിരിജില്ലയില്‍ കോട്‌ലക്ക് ഗ്രാമത്തില്‍ 1866 മേയ് 9-ന് ജനിച്ച ഗോപാലകൃഷ്ണ ഗോഖലെ ദാരിദ്രത്തിന്റെ കയ്പുനീര്‍ കുടിച്ചാണ് വളര്‍ന്നത്. ബ്രാഹ്മണകുടുംബാംഗമായ പിതാവ് കൃഷ്ണറാവു ഗുമസ്തനായിരുന്നു. മാതാവ് സത്യഭാമ. ഒരു ജ്യേഷ്ഠസഹോദരനും 4 സഹോദരിമാരുമുണ്ടായിരുന്നു. പഠിക്കുന്നകാലത്ത് ഉച്ചയ്ക്ക് അദ്ദേഹം മിക്കദിവസങ്ങളിലും പട്ടിണിയായിരുന്നു. വഴിവിളക്കിന്റെ ചുവട്ടിലിരുന്നായിരുന്നു മിക്കപ്പോഴും പഠനം. ഗോഖലെയ്ക്ക് 13 വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. ഇതോടെ ദാരിദ്ര്യത്തിന്റെ കെടുതികള്‍ വര്‍ദ്ധിച്ചു. കുടുംബഭാരം മാതാവിന്റെ ചുമതലയിലായതോടെ ജ്യേഷ്ഠന്‍ പഠനം സ്വയം അവസാനിപ്പിച്ചിരുന്നു. ചെറിയൊരു ഉദേ്യാഗംനേടി. എത്ര കഷ്ടപ്പെട്ടാണെങ്കിലും ഗോഖലെയുടെ പഠനം തുടരണമെന്ന് കുടുംബം ആഗ്രഹിച്ചു. പിതൃസഹോദരന്റെ സഹായത്തോടുകൂടി ഗോഖലെ പഠനം തുടര്‍ന്നു. 1881-ല്‍ മെട്രിക്കുലേഷന്‍ പരീക്ഷ ഒന്നാംക്ലാസ്സില്‍ പാസ്സായി. കോല്‍ഹാപ്പൂരിലെ രാജാറാം കേളേജിലും ബോംബെയിലെ എല്‍ഫിന്‍സ്റ്റണ്‍ കോളേജിലും പഠനം തുടര്‍ന്നു. കണക്കായിരുന്നു ഐശ്ചികവിഷയം. ബുദ്ധിശാലിയായ വിദ്യാര്‍ത്ഥി എന്നനിലയില്‍ എല്‍ഫിസ്റ്റണ്‍ കോളേജധികാരികള്‍ പ്രതിമാസം 20 രൂപയുടെ സ്‌കോളര്‍ഷിപ്പും അനുവദിച്ചു. 1884-ല്‍ ബി.എ പാസ്സായി. കുടുംബത്തെ സംരക്ഷിക്കാന്‍ 35 രൂപ ശമ്പളത്തില്‍ പൂണെയിലെ ന്യൂ ഇംഗ്ലീഷ് സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. ശമ്പളം തികയാത്തതിനാല്‍ കുട്ടികള്‍ക്ക് ട്യൂഷനെടുത്തും പാഠപുസ്തകങ്ങള്‍ക്ക് നോട്ടുണ്ടാക്കി വിറ്റും അദ്ദേഹം കുടുംബംപുലര്‍ത്തി.

ഗോഖലെ എന്ന അധ്യാപകന്‍: നിരന്തരം അറിവ് ആര്‍ജ്ജിച്ചുകൊണ്ടാണ് ഗോഖലെ അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടത്. കണക്കും ഇംഗ്ലീഷുമായിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങള്‍. ബ്രിട്ടീഷ് യുദ്ധവീരനായ അഡ്മിറല്‍ നെല്‍സണ്‍ പ്രഭുവിനെപ്പറ്റി ഗോഖലെയ്ക്ക് പഠിക്കേണ്ടതുണ്ടായിരുന്നു. അതിനായി നെല്‍സനെപ്പറ്റിയും നാവികശാസ്ത്രത്തെപ്പറ്റിയുമുള്ള വിവരങ്ങള്‍ അടങ്ങുന്ന പുസ്തകങ്ങള്‍ ഗോഖലെ തേടിപ്പിടിച്ചു. മാത്രമല്ല, ബോംബെ തുറമുഖത്തുപോയി അവിടെയുണ്ടായിരുന്ന കപ്പലില്‍ കയറി അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചെല്ലാം മനസ്സിലാക്കി. അതിനുശേഷം മാത്രമാണ് ഗോഖലെ ക്ലാസ്സില്‍ എത്തിയത്. പഠനത്തില്‍ താനനുഭവിച്ച കഷ്ടപ്പാടുകളായിരിക്കാം പില്‍ക്കാലത്ത് ഗോഖലെയെ കടുത്ത വിദ്യാഭ്യാസ സ്‌നേഹിയാക്കി മാറ്റിയത് എന്നാണ് വിദഗ്ദരുടെ പക്ഷം.

ദേശീയതയുടെ അലയൊലികളിലേയ്ക്ക്: ന്യൂ ഇംഗ്ലീഷ് സ്‌കൂളില്‍ അധ്യാപകനായി ജോലിചെയ്യുന്നതിനിടയില്‍ യുവജനങ്ങളുടെ ആരാധ്യനായ ബാലഗംഗാധരതിലകനെ ഗോഖലെ കണ്ടുമുട്ടി. നിയമബിരുദം നേടിയ തിലകന്‍ വക്കീല്‍ പണിക്കുപോകാതെ പാവങ്ങള്‍ക്കു സൗജന്യനിയമോപദേശം നല്‍കിപൊതുപ്രവര്‍ത്തനങ്ങളില്‍ മുഴുകികഴിയുകയായിരുന്നു. അനീതികള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ ശക്തിയായി പ്രതികരിച്ചുകൊണ്ടിരുന്ന യുവനേതാവായിരുന്നു തിലകന്‍. തിലകന്‍ പത്രപ്രവര്‍ത്തനരംഗത്ത് പ്രവേശിക്കുകയും മറാഠ എന്നൊരു ഇംഗ്ലീഷ് പ്രസിദ്ധീകരണവും കേസരി എന്നൊരു മറാഠി പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. അടിമത്വത്തില്‍ ആണ്ടുകിടന്നിരുന്ന ജനങ്ങളെ പ്രചോദിപ്പിക്കുവാന്‍ കേസരിയ്ക്കു കഴിഞ്ഞു. നാട്ടുരാജ്യങ്ങളിലെ ജനങ്ങള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ നടത്തുന്ന ദ്രോഹപ്രവര്‍ത്തനങ്ങള്‍ എടുത്തുകാട്ടുന്നതിനാല്‍ കുപിതരായ ദിവാന്മാര്‍ കേസരിക്കെതിരെ കേസ്സെടുക്കുകയും തിലകനെയും സഹപ്രവര്‍ത്തകരെയും ജയിലിലടയ്ക്കുകയും ചെയ്തു. നാലുമാസത്തെ ജയില്‍വാസത്തിനുശേഷം മോചിതനായ തിലകന്‍, സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച്, വിദ്യാഭ്യാസരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങി. അതിനാല്‍ അദ്ദേഹം മഹാദേവ ഗോവിന്ദ റാനഡേയുടെ നേതൃത്വത്തില്‍ ഡക്കാന്‍ എഡ്യുക്കേഷന്‍ സൊസൈറ്റി എന്നൊരു സ്ഥാപനം രൂപീകരിച്ചു.

ഗോപാലകൃഷ്ണ ഗോഖലെ ഡക്കാന്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയില്‍ ചേര്‍ന്നതോടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തനരംഗത്ത് പ്രവേശിച്ചത്. വിദ്യാഭ്യാസരംഗത്തോടുള്ള പ്രതിപത്തിയും മഹാരാഷ്ട്രയില്‍ നവോത്ഥാന ചിന്താഗതി സൃഷ്ടിച്ചിരുന്ന ബാലഗംഗാധര തിലകനോടുള്ള സ്‌നേഹവുമാണ് ഗോഖലെയെ ഡക്കാന്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുമായി ബന്ധപ്പെടാന്‍ പ്രേരിപ്പിച്ചത്. തിലകനോടൊപ്പം ഗോഖലെയെയും ആഗര്‍ക്കറും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. മറാഠയിലും സുധാരക് എന്ന പത്രത്തിലും ഗോഖലെയുടെ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. താമസിയാതെ പൂണൈ സ്‌കൂളിലെ ജോലി ഉപേക്ഷിച്ച് ഫര്‍ഗുസണ്‍ കോളേജിലെ ചരിത്രപ്രൊഫസറായി ഗോഖലെ നിയമിക്കപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ പ്രശംസ പിടിച്ചുപറ്റിയ ചുരുക്കം ചില അധ്യാപകരില്‍ ഒരാളായിരുന്നു അദ്ദേഹം. തിലകന്‍, ആഗാര്‍ക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഡക്കാണ്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി ഫര്‍ഗുസന്‍ കോളേജ് ഉള്‍പ്പെടെ ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറാഠ, കേസരി, സുധാരക് തുടങ്ങിയ മാധ്യമ പ്രസ്ഥാനങ്ങളും നടത്തിയിരുന്നു. സൊസൈറ്റി നടത്തിയിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാരിലേക്ക് ഗുമസ്തന്മാരെയും മറ്റ് ഉദേ്യാഗസ്ഥരെയും സൃഷ്ടിച്ചു നല്‍കാനുളള സ്ഥാപനങ്ങള്‍ ആയിരുന്നില്ല. അവ സ്വദേശസ്‌നേഹവും അഭിമാനവും ആത്മവിശ്വാസവും ഓരോ വിദ്യാര്‍ത്ഥിയിലും ജനിപ്പിക്കുന്നതരത്തിലായിരുന്നു വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.

ഗോഖെലയുടെ ഗുരുവായ റാനഡേ: ഡക്കാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ സ്ഥാപകനേതാവായിരുന്ന ഗോവിന്ദ റാനഡേ പണ്ഡിതന്‍, ശാസ്ത്രജ്ഞന്‍, ചരിത്രകാരന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു. റാനഡെയുമായുളള ബന്ധം ഗോഖലെയുടെ ജീവിതത്തിലെ പുതിയ വഴിത്തിരിവായി. ഇരുവരും തമ്മില്‍ 24 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. പതിനാലുവര്‍ഷം, ഗോഖലെയുടെ അന്ത്യംവരെ അവര്‍ തമ്മിലുളള ബന്ധം നിലനിന്നു. ഇന്ത്യാചരിത്രത്തിലെ രണ്ടു നേതാക്കള്‍ തമ്മിലുളള അപൂര്‍വ്വമായ ബന്ധമായിരുന്നു അത്. പിതൃ-പുത്ര ബന്ധത്തിനും അപ്പുറമായിരുന്നു ആ ബന്ധം. ഗാന്ധിജി തന്റെ രാഷ്ട്രീയ ഗുരുവായി ഗോഖലെയെ വിശേഷിപ്പിച്ചു. റാനഡെയായിരുന്നു ഗോഖലെയുടെ ഗുരു. റാനഡെയുമായുളള ബന്ധം ആരംഭിച്ചതോടെയാണ് ഗോഖലെ കോണ്‍ഗ്രസ്സിലും സാമൂഹ്യരംഗത്തും സജീവപ്രവര്‍ത്തനം ആരംഭിച്ചത്. 1889-ല്‍ ബോംബേയില്‍ കൂടിയ കോണ്‍ഗ്രസ്സ് സമ്മേളനത്തിലാണ് ഗോഖലെ ആദ്യമായി പങ്കെടുത്തത്. തിലകന്‍ ആദ്യമായി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തതും ഇതേ വര്‍ഷമാണ്. അന്ന് 23 വയസ്സ് പ്രായമുണ്ടായിരുന്ന ഗോഖലെ പിന്നീടങ്ങോട്ട് എല്ലാ കോണ്‍ഗ്രസ്സ് സമ്മേളനത്തിലും പങ്കെടുക്കുകയും പ്രധാന പ്രമേയങ്ങള്‍ അവതരിപ്പിക്കുകയോ പിന്താങ്ങുകള്‍യാ ചെയ്യുന്നത് അദ്ദേഹത്തിന്റെ ചുമതലയായി. ഇംഗ്ലീഷിലും മറാഠിയിലും ഉജ്ജ്വലമായി പ്രസംഗിക്കാന്‍ ഗോഖലെയ്ക്ക് സാധിച്ചിരുന്നു.

ശാന്തശീലനും മിതവാദിയുമായ ഗോഖലെ ഇന്ത്യന്‍ നഷാണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃനിരയില്‍ പെട്ടെന്നു കടന്നുവന്നു. 1904-ല്‍ കോണ്‍ഗ്രസ്സിന്റെ ജോയിന്റ് സെക്രട്ടറിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയുളള സമരത്തെയാണ് മിതവാദികള്‍ ഇഷ്ടപ്പെട്ടിരുന്നത്. എന്നാല്‍ ലോകമാന്യതിലകന്റെ നേതൃത്വത്തിലുളള ലാലാ ലജ്പത്‌റായി ബിവിന്‍ചന്ദ്രപാല്‍ (ലാല്‍-പാല്‍-ബാല്‍) അരവിന്ദ്‌ഘോഷ് എന്നിവരുടെ ലക്ഷ്യം ഇന്ത്യയുടെ സ്വാതന്ത്ര്യം ഉടന്‍ ലഭിക്കുക എന്നതായിരുന്നു. 1905 ഗോഖലെയുടെ ജീവിതത്തിലെ സുപ്രധാന വര്‍ഷമായിരുന്നു. സാമൂഹ്യരംഗത്തു പ്രവര്‍ത്തിക്കുന്ന ഇന്ത്യയെമ്പാടുമുളള സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് പ്രചോദനമായി ടലൃ്മിെേ ീള കിറശമി ീെരശല്യേ (ഭാരതസേവാസംഘം) എന്ന സംഘടന രൂപീകരിച്ചു. ധനം സമ്പാദിക്കയില്ലെന്നും ജീവിതകാലം മുഴുവന്‍ രാഷ്ട്രത്തെ സേവിക്കുമെന്നും അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു. ജാതി മത മേധാവിത്വത്തിനെതിരെ ഗോഖലെ കര്‍ശനമായ നിലപാടെടുത്തു. ആ വര്‍ഷം കാശിയില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചതും ഗോഖലെയായിരുന്നു. കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു. ”വഴിമുടക്കുന്ന കരിമ്പാറക്കെട്ടുകള്‍, അലറി ആഞ്ഞടിക്കുന്ന ഊക്കന്‍ തിരമാലകള്‍, ഈ പരിസ്ഥിതിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കപ്പല്‍ മുന്നോട്ടു നയിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഏതു കാളരാത്രിയും എത്ര നീണ്ടാലും പുലരാതിരിക്കില്ല എന്നു പറയുന്നത് എത്ര ശരിയാണ്”.

ഇംഗ്ലണ്ടിലേക്കും ദക്ഷിണാഫ്രിക്കയിലേക്കുമുളള യാത്രകള്‍: വിദേശ ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെപ്പറ്റി അവരെ ബോധവന്മാരാക്കാനും ഭരണപരിഷ്‌ക്കാരങ്ങളെപ്പറ്റി ബ്രിട്ടീഷ് അധികാരികളോട് സംസാരിക്കാനുമായി ഗോഖലെ രണ്ടു പ്രാവശ്യം ഇംഗ്ലണ്ട് സന്ദര്‍ശിച്ചു. അവിടെ ഒട്ടേറെ സമ്മേളനങ്ങളില്‍ അദ്ദേഹം പ്രഭാഷണം നടത്തി. ലളിതമായും ശക്തമായും വികാരോജ്ജ്വലമായും ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് ശ്രോതാക്കളുടെ ഹൃദയം കവരുവാന്‍ അദ്ദേഹത്തിനായി. അനാരോഗ്യം അവഗണിച്ചായിരുന്നു ഈ യാത്രകള്‍ അധികവും. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജരുടെ അവശതകള്‍ പരിഹരിക്കാന്‍ ഗാന്ധിജി നടത്തുന്ന സമരങ്ങള്‍ക്കു പിന്തുണനല്‍കാന്‍ അവിടെയും ഗോഖലെ സന്ദര്‍ശിച്ചു. അദ്ദേഹം ഗാന്ധിജിയോടൊപ്പം പല സമ്മേളനങ്ങളിലും പങ്കെടുത്തു. ഗോഖലെയുടെ ഉയര്‍ന്ന ചിന്തകളും ലളിതമായ ജീവിതവും പ്രയോഗികനിര്‍ദ്ദേശങ്ങള്‍ക്കൊപ്പം വിനയവും എളിമയും ഗാന്ധിജിയെ ഏറെ ആകര്‍ഷിച്ചു.

പൂണൂല്‍ ഉപേക്ഷിച്ച ബ്രാഹ്മണന്‍: സമുദായ പരിഷ്‌കരണത്തിലും ഗോഖലെ താല്പര്യംപുലര്‍ത്തിയിരുന്നു. അദ്ദേഹം പൂണൂല്‍ധരിക്കുന്നതിനെതിരെ ഒരാള്‍ ഗോഖലെയ്ക്ക് എഴുതി. തൊട്ടടുത്തദിവസം തന്നെ താന്‍ ധരിച്ചിരുന്നപൂണൂല്‍പൊട്ടിച്ച് കവറിലിട്ട് അദ്ദേഹം പരാതിക്കാരന് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് ഒരിക്കലും അദ്ദേഹം പൂണൂല്‍ധരിച്ചിട്ടില്ല.

ദാമ്പത്യം ദുരന്തം: ഗോഖലെയുടെ പ്രഥമ വിവാഹം വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതിനുമുന്‍പുതന്നെ നടന്നിരുന്നു. അഞ്ചുവര്‍ഷത്തെ ദാമ്പത്ത്യത്തിനു ശേഷം ഭാര്യ മരിച്ചു. 1900-ല്‍ രണ്ടമത്തെ ഭാര്യയും മരിച്ചു. രണ്ടാംവിവാഹത്തില്‍ രണ്ടു പുത്രിമാരുണ്ടായി. 1905-ല്‍ റാനഡെയും അന്തരിച്ചതോടെ ഗോഖലെയ്ക്ക് ആ ദുഃഖങ്ങള്‍ താങ്ങാനാവാത്തതായി. സഹോദരിയാണ് പുത്രിമാരുടെ സംരക്ഷണം അദ്ദേഹം ഏല്‍പ്പിച്ചിരുന്നത്. നിയമസഭാംഗം, കേന്ദ്രനിയമസഭാംഗം ഇന്ത്യന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനംഗം: 1899-ല്‍ ഗോഖലെ ബോംബെ നിയമസഭാംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. അതിനുമുന്‍പുതന്നെ അദ്ദേഹം പൂണെ മുന്‍സിപ്പല്‍ കൗണ്‍സില്‍, ബോംബെ സര്‍വ്വകലാശാല സെനറ്റ് എന്നിവയില്‍ അംഗത്വം നേടിയിരുന്നു. ഗേഖലെ കേന്ദ്രനിയമ നിര്‍മ്മാണസഭയില്‍ എത്തുമ്പോള്‍ കഴ്‌സണ്‍ പ്രഭുവായിരുന്നു വൈസ്രോയി. ദൈവം ഗോഖലെയ്ക്ക് അസാധാരണമായ കഴിവ് നല്‍കിയിട്ടുണ്ട്. നാടിനുവേണ്ടി അദ്ദേഹം അതു കാര്യമായി ഉപയോഗിക്കുന്നു. കഴ്‌സണ്‍ ഗോഖലെയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെട്ടു. 1902 മുതല്‍ 1915-ല്‍ മരണം വരെ ഗോഖലെ കേന്ദ്രനിയമസഭാംഗമായി പ്രവര്‍ത്തിച്ചു. 1912-ല്‍ ഇന്ത്യന്‍ പബ്ലിക് സര്‍വ്വീസുകളെ കുറിച്ച് അനേ്വഷിക്കുവാന്‍ നിയുക്തനായ ഇസ്‌ലാക്ക് ടണ്‍ കമ്മീഷനില്‍ ഒരംഗമായി ഗോഖലെ പ്രവര്‍ത്തിച്ചു. ഗോഖലെയ്ക്കു സര്‍ പദവി നല്‍കാന്‍ സവര്‍ണര്‍ ജനറല്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. ഇതറിഞ്ഞ് ഗോഖലെ അതില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചു. ഹിന്ദു മുസ്ലീം ഐക്യം ഇന്ത്യയില്‍ എക്കാലവും നിലനില്‍ക്കണമെന്നാഗ്രഹിച്ച നേതാവായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here