കൊച്ചി :മലയാളത്തിന്റെ പ്രിയ ഗായകന്‍ തോപ്പില്‍ (81) ആന്റോ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇടപ്പള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഗാനമേളകളിലൂടെ ശ്രദ്ധേയനായ ആന്റോ നിരവധി സിനിമാ നാടക ഗാനങ്ങള്‍ പാടി.ചവിട്ടുനാടക കലാകാരനായ തോപ്പില്‍ കുഞ്ഞാപ്പുവിന്റെയും ഏലിയാമ്മയുടെയും മൂന്ന് മക്കളില്‍ രണ്ടാമനായി കൊച്ചിയിലെ ഇടപ്പള്ളിയിലാണ് ജനനം. 1956-57 കാലഘട്ടത്തില്‍ ആന്റോ നാടക – പിന്നണി ഗാനരംഗത്തേക്കു കടന്നു. ആദ്യകാലങ്ങളില്‍ അമേച്വര്‍ നാടകങ്ങളില്‍ പിന്നണി ഗായകനായി തുടങ്ങി. പിന്നീട് പ്രൊഫഷണല്‍ നാടകരംഗത്തെ മികച്ചഗായകനായി പേരെടുത്തു. എന്‍ എന്‍ പിള്ളയുടെ നാഷണല്‍ തീയേറ്റേഴ്സ്, പിന്നീട് കോട്ടയം വിശ്വകേരളകലാസമിതി, കായംകുളം പീപ്പിള്‍സ് തീയേറ്റേഴ്സ്, കൊച്ചിന്‍ സംഗമിത്ര തുടങ്ങി അന്നത്തെ പ്രശസ്തമായ ഒട്ടുമിക്ക നാടകസമിതികളുടേയും പ്രിയപ്പെട്ട പിന്നണിഗായകനായിരുന്നു അദ്ദേഹം.





